കബന്ധൻ
text_fieldsസീതാന്വേഷണ സന്ദർഭത്തിലാണ് കണ്ണുകളും കാലുകളുമില്ലാത്ത സ്വന്തം വയറിൽ മുഖവും നീളംകൂടിയ കൈകളുമുള്ള കബന്ധനെ രാമലക്ഷ്മണന്മാർ കാണുന്നത്. വളരെ ദൂരം കൈകൾ നീട്ടി വനപാതയിലൂടെ പോകുന്നവരെ പിടിച്ചു വിഴുങ്ങിയായിരുന്നു അയാളുടെ ജീവിതം. രാമലക്ഷ്മണന്മാരുടെ നേർക്കും ആ കൈകൾ നീണ്ടുവെങ്കിലും പെട്ടെന്ന് കൈവാളുകൊണ്ടവർ അത് മുറിച്ചു കളഞ്ഞു.
വേദനയും ഭയവും പൂണ്ട ആ രൂപം അവരാരെന്ന് തിരക്കിയപ്പോൾ തങ്ങൾ രാമനും ലക്ഷ്മണനുമാണെന്ന് പരിചയപ്പെടുത്തി. അപ്പോളാണ് കബന്ധൻ സ്വന്തം കഥ പറയുന്നത്. ശ്രീ എന്ന ഗന്ധർവ്വരാജന്റെ ദനു (വിശ്വവസു) എന്ന പുത്രനായ താൻ തപസ്സ് ചെയ്ത് ബ്രഹ്മാവിൽനിന്ന് അമരത്വത്തിനുള്ള വരം നേടിയതും ഒരിക്കൽ ഇന്ദ്രനുമായി നടന്ന യുദ്ധത്തിൽ വജ്രപ്രഹരമേറ്റ് തലയും തുടകളും ശരീരത്തിനകത്ത് കയറിപ്പോയതും ആഹാരം കഴിക്കുന്നതിന് ഇന്ദ്രൻ മൂന്നുയോജന നീളമുള്ള കൈകളും വയറ്റിൽ വായും സൃഷ്ടിച്ചുകൊടുത്തതും ലക്ഷ്മണസമേതനായ ശ്രീരാമൻവന്ന് കൈകൾ വെട്ടുമ്പോൾ സ്വദേഹമെടുത്ത് സ്വർഗത്തിൽ വന്നുചേരാമെന്ന് അറിയിച്ചതും എല്ലാം വെളിപ്പെടുത്തി.
മറ്റൊരിക്കൽ കാട്ടിൽ ഫലമൂലങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന സ്ഥൂലശിരസ്സ് എന്ന മുനിയെ സ്വരൂപംകാണിച്ച് ഭയപ്പെടുത്തിയപ്പോൾ ക്രൂരവും നിന്ദ്യവുമായ ശരീരം ഏറെക്കാലം നിലനിൽക്കട്ടെ എന്ന് ശപിച്ചു. ഇത്രയും പറഞ്ഞ് കബന്ധൻ ഇഹലോകവാസം വെടിഞ്ഞു. ആ ശരീരം രാമലക്ഷ്മണന്മാർ ദഹിപ്പിച്ചതോടെ അദ്ദേഹത്തിന് പഴയ രൂപം കിട്ടി. തപസ്വിനിയായ ശബരിയുടെ ആശ്രമത്തിലേക്ക് രാമലക്ഷ്മണന്മാരെ നയിക്കുന്നതും സീതാന്വേഷണത്തിന് സുഗ്രീവന്റെ സമീപത്തേക്ക് ചെല്ലണമെന്ന് ആവശ്യപ്പെടുന്നതും ശാപമുകതി നേടിയ ആ ഗന്ധർവനാണ്.
കബന്ധൻ വലിയൊരു പ്രതീകമാണ്. സമകാലികലോകത്തെക്കുറിച്ച് ചിന്തിച്ചാൽ ഈ പ്രതീകം എത്ര അന്വർഥമെന്ന് ബോധ്യപ്പെടും. എന്തിനെയും വിവേചനരഹിതമായി പിടിച്ചുവലിച്ചെടുത്തു തിന്ന് അസംസ്കൃതവാസനകളെ, ആസക്തികളെ തൃപ്തിപ്പെടുത്താൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആധുനിക മനുഷ്യൻ. വിചാരങ്ങൾക്ക് മുകളിൽ വികാരങ്ങളെയും മനസ്സിന് മുകളിൽ ശരീരത്തെയും അവൻ പ്രതിഷ്ഠിക്കുന്നു.
പരിധികളില്ലാത്തതും മൃഗീയവുമായ വിഷയഭോഗം കണ്ണും കാതും ഉൾപ്പെടെയുള്ള ഇന്ദ്രിയശേഷികളെ തകിടം മറിക്കുന്നു. ഉടൽവട്ടത്തിന്റെ ഉന്മാദങ്ങൾ പരിധികളില്ലാതെ ആഘോഷിക്കുന്ന പുതിയ കാലത്ത് ജീവിതാനുഭവങ്ങളുടെ സമഗ്രതയിൽനിന്ന് സ്വായത്തമാക്കേണ്ടുന്ന നരവംശത്തിന്റെ മുഴുവൻ ബാധ്യതയെയാണ് കബന്ധചരിതത്തിലൂടെ ആദികവി വെളിപ്പെടുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.