ഹനുമാൻ എന്ന ദൂതൻ
text_fieldsബാലിയെ ഭയപ്പെട്ട് ഋശ്യമൂകപർവതശിഖരത്തിൽ കഴിയുകയായിരുന്നു സുഗ്രീവൻ. ഒരിക്കൽ താപസവേഷം ധരിച്ച, മെയ്വഴക്കമുള്ള ആയുധധാരികളായ രണ്ടുപേർ അദ്ദേഹത്തിന്റെ കണ്ണിൽപെട്ടു. തന്നെ വധിക്കാൻ ബാലി നിയോഗിച്ചവരായിരിക്കുമെന്ന് സന്ദേഹിച്ച സുഗ്രീവൻ അവരാരൊക്കെയെന്നും ഉദ്ദേശ്യലക്ഷ്യങ്ങൾ എന്താണെന്നും അറിഞ്ഞുവരാൻ ഹനുമാനെന്ന നയതന്ത്രവിശാരദനായൊരു മന്ത്രി മുഖ്യനെ നിയോഗിച്ചു.
ഹനുമാൻ ഒരു ബ്രഹ്മചാരിയുടെ വേഷം കൈക്കൊണ്ട് അവർക്കരികിലെത്തി. അശ്വനീകുമാരന്മാരെപ്പോലെ, നരനാരായണന്മാരെപ്പോലെയുള്ള ആ ദിവ്യ വേഷധാരികളാരാണെന്ന് ഹനുമാൻ അതീവ ഹൃദ്യമായി ഭക്ത്യാദരങ്ങളോടെ അന്വേഷിച്ചു. അയോധ്യാധിപതി ദശരഥന്റെ പുത്രന്മാരായ രാമലക്ഷ്മണന്മാരാണ് തങ്ങളെന്നും ഒരു രാക്ഷസൻ തട്ടിക്കൊണ്ടുപോയ തന്റെ ഭാര്യ സീതയെ അന്വേഷിക്കുകയാണെന്നും അറിയിച്ചു.
തുടർന്ന് രാമലക്ഷ്മണന്മാർ തങ്ങളുടെ ശത്രുക്കളല്ലെന്ന വ്യക്തമായ സന്ദേശം ഹനുമാൻ സുഗ്രീവന് കൈമാറി. ഋശ്യമൂകാചലത്തിൽ സുഗ്രീവന്റെ നാല് മന്ത്രിമാരിൽ ഒരാളായ ഹനുമാനാണ് താനെന്ന് ആ ഭിക്ഷു വേഷധാരി രാമലക്ഷ്ണന്മാരെ അറിയിച്ചു. ആഴമേറിയൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഹനുമാന്റെ സൗഹൃദം, ഭക്തി, ജ്ഞാനം എന്നിവ കണ്ട രാമനും ലക്ഷ്മണനും അദ്ദേഹത്തെ ചേർത്തുപിടിച്ചു. രാമലക്ഷ്മണന്മാരെ തോളിലേറ്റി ഹനുമാൻ സുഗ്രീവനരികിലെത്തി. തുടർന്നാണ് ശ്രീരാമനും സുഗ്രീവനും സഖ്യത്തിലേർപ്പെടുന്നത്.
ഹനുമാന്റെ ആശയവിനിമയപാടവും ധാരണാശക്തിയും ഔചിത്യബോധവുമാണ് ഇവിടെ നിർണായകമായത്. വെളിപ്പെടുന്നത്. സുഗ്രീവന്റെ വികലമായ വീക്ഷണങ്ങളെ, മുൻവിധികളെ അദ്ദേഹം സമചിത്തതയോടെ ഉൾക്കൊണ്ടു. വാഗ്വൈഭവം സമർഥമായി ഉപയോഗിക്കുന്ന കല ഹനുമാന് സ്വായത്തമായിരുന്നു. മിതവും സാരസമ്പുഷ്ടവും സൂക്ഷ്മവും ഹൃദ്യവുമായി അർഥശങ്കക്ക് ഇടയാക്കാത്തവിധം വാക്ക് പ്രയോഗിക്കുകയാന്നെങ്കിൽ ദിവൗഷധങ്ങളുടെ ഫലസിദ്ധി അത് പ്രദാനം ചെയ്യും.
മറിച്ച് വാക്കുകൾ തെറ്റായും ആലോചനരഹിതമായും പ്രയോഗിക്കുമ്പോൾ അത് വെറുപ്പും വിദ്വേഷവും ശത്രുതയും സമ്പാദിക്കുന്നതിന് ഇടയാക്കും. കലഹങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കും. കർമത്തിന്റെ ഗതിവിഗതികളെ തീരുമാനിക്കുന്നത് വാക്കിന്റെ നയതന്ത്രബന്ധങ്ങളാണ്.
വാക്കിന്റെ വിനിയോഗരഹസ്യം വ്യക്തമായി അറിയാവുന്ന മികച്ച ദൂതന്മാരിൽ ഒരാളായ ഹനുമാനിൽ ശാന്തം, ദാസ്യം, സഖ്യം, വാത്സല്യം, മാധുര്യം തുടങ്ങിയ ഭക്തിയുടെ പഞ്ചമുഖത്വം ദർശിക്കാം. യോദ്ധാവും വാഗ്മിയും സംഗീതജ്ഞനും ദൂതനും തപസ്വിയും എല്ലാം അദ്ദേഹത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടാണ് ചിരഞ്ജീവികളിൽ ഒരാളായി ആ വാനരവീരനെ എണ്ണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.