Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightകുലഗുരു വസിഷ്ഠൻ

കുലഗുരു വസിഷ്ഠൻ

text_fields
bookmark_border
കുലഗുരു വസിഷ്ഠൻ
cancel

ബ്രഹ്മാവിന്റെ മാനസപുത്രനാണ് സപ്തർഷികളിലൊരാളായ വസിഷ്ഠൻ. നിരവധി വൈദികസൂക്തങ്ങളുടെ പ്രണേതാവും ഋഗ്വേദം ഏഴാം മണ്ഡലത്തിന്റെ സമാഹർത്താവുമായ അദ്ദേഹം ഇക്ഷ്വാകു മുതൽ അറുപത്തൊന്ന് തലമുറയോളം സൂര്യവംശരാജാക്കന്മാരുടെ കുലപുരോഹിതനായിരുന്നു. പുരോഹിതന്മാരാകട്ടെ ഋത്വിക്കുകളും ബ്രഹ്മർഷി സത്തമന്മാരുമായ വസിഷ്ഠനും വാമദേവനുമായിരുന്നു എന്നാണ് വാത്മീകി രാമായണം ദശരഥന്റെ രാജസദസ്സിലെ മന്ത്രിവർണനയിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. സന്താനലബ്ധിക്ക് അശ്വമേധവും പുത്രകാമേഷ്​ടിയും നടത്തുന്നതിന് ഋശ്യശൃംഗനെ കൊണ്ടുവന്നത് വസിഷ്ഠ നിർദേശപ്രകാരമായിരുന്നു.

യാഗം മുടക്കുന്ന മാരീചൻ, സുബാഹു, താടക തുടങ്ങിയവരുടെ അതിക്രമം തടയുന്നതിന് രാമലക്ഷ്മണന്മാരുടെ സഹായം ആവശ്യപ്പെട്ട് വിശ്വാമിത്ര മഹർഷി അയോധ്യയിൽ എത്തുന്നുണ്ട്. കരുത്തരും മായാവികളുമായ അസുരരെ നേരിടാൻ ബാല്യം വിട്ടുമാറാത്ത സ്വന്തം മക്കളെ അയക്കാൻ വൈമുഖ്യം പ്രകടിപ്പിച്ച ​ദശരഥനോട് ധർമം രൂപമെടുത്തതുപോലെയാകണം ഇക്ഷ്വാകു കുലത്തിൽ ജനിച്ച ഒരാളുടെ ജീവിതമെന്നും മൂന്നുലോകത്തിലും ധർമാത്മാവെന്ന് പുകഴ്ത്തപ്പെട്ട താങ്കൾ അധർമത്തെ സ്​മരിക്കാതെ സ്വധർമം ചെയ്യണമെന്നും വസിഷ്ഠൻ ഉപദേശിച്ചു.

ബ്രഹ്മർഷിയായ വിശ്വാമിത്രൻ അതിവീര്യമിയന്ന തപോനിധിയാണെന്നും മൂന്നുലോകങ്ങളിലും അദ്വിതീയനായ വില്ലാളിയാണെന്നും അസ്​ത്രശസ്​ത്രപ്രയോഗങ്ങളിൽ ഇത്രയും വിദഗ്ധനായ ഒരാൾ ഇനിയുണ്ടാകുകയില്ലെന്നും കുലഗുരു ഓർമപ്പെടുത്തുന്നു. ഇതുൾക്കൊണ്ടാണ് ദശരഥൻ രാമലക്ഷ്മണന്മാരെ വിശ്വാമിത്രന് വിട്ടുകൊടുക്കുന്നത്. മിഥിലയിൽ ചെന്ന് ദശരഥപുത്രന്മാരുടെയെല്ലാം വിവാഹത്തിന് നേതൃത്വം കൊടുക്കുന്നതും വനവാസത്തിൽനിന്ന് രാമാദികളെ പിന്തിരിപ്പിക്കാൻ ജാബാലി ഉന്നയിക്കുന്ന യുക്തിവാദങ്ങൾ കേട്ട് പ്രകോപിതനായ ശ്രീരാമനെ സാന്ത്വനിപ്പിക്കുന്നതും വസിഷ്ഠനാണ്.

ശ്രീരാമന്റെ ആശങ്കകൾക്കും വ്യാകുലതകൾക്കും ചിന്താപരമായ സമാധാനം നൽകുവാൻ ലളിതവും പ്രസന്നമധുരവുമായി വസിഷ്ഠമഹർഷി ഉപദേശിക്കുന്ന യോഗവാസിഷ്ഠം തത്ത്വദർശത്തിന്റെ അനന്യതക്ക് മകുടോദാഹരണമാണ്. അധികാരവും സമ്പത്തും അറിവും കാലോചിതമായി കാര്യക്ഷമതയോടെ വിനിയോഗിച്ചാലേ അത് വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും വംശത്തിനുമൊക്കെ ഗുണപ്രദവും േശ്രയസ്കരവുമാകൂ. രാജനീതിക്കും കുലധർമത്തിനും വംശമര്യാദക്കും അനുഗുണമായ ദിശാബോധമേകുന്ന കുലഗുരുവായ വസിഷ്ഠൻ പ്രചോദനമായും തിരുത്തൽ ശക്തിയായും ദൗത്യനിർവാഹകനായും വിവിധ സന്ദർഭങ്ങളിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നത് രാമേതിഹാസത്തിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MonthspiritualismRamayana MasamKarkidakam 2025
News Summary - The path of Rama; the clan guru Vasishtha
Next Story