ശബരിമല: തിരക്കിനെ തുടർന്ന് ദർശനം നടത്താതെ 40 അംഗസംഘം പന്തളത്തെത്തി മടങ്ങി
text_fieldsശബരിമലയിൽ ദർശനം ലഭിക്കാത്തതിനെത്തുടർന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിയ കുട്ടികൾ അടങ്ങുന്ന സംഘം
പന്തളം: ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട രൂക്ഷമായ തിരക്കിനെത്തുടർന്ന് ദർശനം നടത്താതെ 40 അംഗസംഘം മടങ്ങി. ശനിയാഴ്ച ഇരുമുടിക്കെട്ടുമായി രണ്ട് മിനി വാഹനത്തിലാണ് ഇവർ ശബരിമലയിൽ എത്തിയത്. നിലയ്ക്കൽ വിശ്രമിച്ചശേഷം അവിടെനിന്ന് പമ്പ വരെയെത്തി.
പമ്പയാറ്റിൽ കുളിച്ച് സന്നിധാനത്തേക്ക് പോകാൻ അഞ്ചുമണിക്കൂർ ക്യൂവിൽ നിന്നെങ്കിലും തിരക്ക് കാരണം ഉദ്യോഗസ്ഥർ സന്നിധാനത്തേക്ക് കയറ്റിവിട്ടില്ല. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ സന്നിധാനത്തേക്ക് കയറിപ്പോയി. ബാക്കി 37 പേരും കുട്ടികളും അടങ്ങുന്ന സംഘം ശബരിമല ദർശനം നടത്താതെ പന്തളത്തേക്ക് മടങ്ങുകയായിരുന്നു.
27 വർഷമായി മുടങ്ങാതെ ശബരിമലയിൽ എത്തിയിരുന്ന ഗുരുസ്വാമിയും സംഘത്തിൽ ഉണ്ടായിരുന്നു. പൊലീസിന്റെ നിർദേശപ്രകാരമാണ് പന്തളത്ത് വന്നതെന്നും അവർ പറഞ്ഞു.
പന്തളത്തെത്തി വലിയകോയിക്കൽ ക്ഷേത്രത്തിൽ നെയ്യഭിഷേകം നടത്തിയശേഷം മാല ഊരി നാട്ടിലേക്ക് തിരിച്ചു. തമിഴ്നാട് സേലത്തുനിന്ന് എത്തിയതായിരുന്നു 40 അംഗ സംഘം.
രാവിലെ ബംഗളൂരുവിൽ നിന്ന് എത്തിയ 20 അംഗ സംഘവും പന്തളം ക്ഷേത്രത്തിലെത്തിയാണ് മാല ഊരി തേങ്ങയുടച്ച് ശബരിമലയിലെ ചടങ്ങുകൾ പന്തളത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

