അയ്യപ്പനുവേണ്ടി പാല് ചുരത്തി ഗോശാലയിലെ പൈക്കള്‍
text_fieldsശബരിമല: അയ്യപ്പനുവേണ്ടി പാല് ചുരത്തുകയാണ് സന്നിധാനം ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.
വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് ഗോശാലയില്‍ ഉള്ളത്. 10 വര്‍ഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശി ആനന്ദ സമന്തയാണ്.
നിയോഗം പോലെ കൈവന്ന അവസരം ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ പാല് കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടര്‍ന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രർഥനാപൂര്വം പാല് കറന്നെടുക്കുന്നത്. രണ്ടോടെ കറവ പൂര്‍ത്തിയാക്കി പാല് സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്.
വന്‍ തീർഥാടനത്തിരക്കുള്ള ശബരിമലയില്‍ അതൊന്നും ബാധിക്കാതെ തീര്‍ത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഗോശാല പ്രവര്‍ത്തനം. വെളിച്ചവും ഫാനും ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ഗോശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്കൊപ്പം ഒരു ആടും ഇപ്പോള്‍ അതിഥിയായി ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

