Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകഥ; വിസിറ്റിങ് വിസ

കഥ; വിസിറ്റിങ് വിസ

text_fields
bookmark_border
കഥ; വിസിറ്റിങ് വിസ
cancel

ഒരു പഞ്ഞിക്കെട്ടിനു സമാനമായി മേഘപാളികൾക്കിടയിലൂടെ പറന്നു പറന്നു മുകളിലേക്ക് ഉയർന്നു പോകുന്ന, സ്വപ്നമോ യാഥാർഥ്യമോ എന്നു വേർതിരിച്ചറിയാൻ കഴിയാത്ത മനോഹരമായൊരു അനുഭൂതിയിൽനിന്നും ആരോ തട്ടിവിളിച്ചിട്ടെന്ന പോലെ അയാൾ ഞെട്ടിയുണർന്നു. ഒന്നിന് മുകളിൽ ഒന്നായി വരിഞ്ഞു കെട്ടിയ തുണിക്കഷണത്തിന്‍റെ നേരിയ വിടവിലൂടെ പുറത്തെ കാഴ്ചയിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചപ്പോൾ വല്ലാത്തൊരു വേദന അയാളെ പൊതിഞ്ഞുപിടിച്ചു.

വേദഗ്രന്ഥം യാന്ത്രികമായി പാരായണം ചെയ്യുന്ന പ്രിയതമയെ ഇമയനക്കാതെ നോക്കി നിന്നപ്പോൾ നയനങ്ങൾ നിറഞ്ഞു തുളുമ്പി. സങ്കടത്തിനപ്പുറം നിസ്സംഗതയോ, നിസ്സഹായതയോ, എന്ത് വികാരമാണ് അവളുടെ മുഖത്ത് നിഴലിട്ടിരിക്കുന്നതെന്നു സങ്കൽപിക്കാൻ കഴിയാത്ത ആ ഘട്ടത്തിൽ കുറ്റബോധം ഒരു തീക്കാറ്റായി അയാളെ പൊള്ളിച്ചു കൊണ്ടിരുന്നു.

എഴുപത് കൊല്ലം എന്ന വലിയൊരു സമയം ദൈവം ഭൂമിയിൽ വസിക്കാൻ അനുവദിച്ചിട്ടും പ്രിയപ്പെട്ടവർക്കായി അത് വീതിച്ചു നൽകുന്നതിൽ താൻ വലിയ പരാജയമായിരുന്നുവെന്ന് അപ്പോഴാണ് ഒരു തിരിച്ചറിവുണ്ടാവുന്നത്. അതിൽ നാൽപത് കൊല്ലവും ആയിരം ആശകൾ അടുക്കിവെച്ചുകൊണ്ട് മനോഹരമായൊരു സ്വപ്നഗോപുരം സ്വന്തമാക്കാനായുള്ള നെട്ടോട്ടത്തിനിടയിൽ മറ്റെല്ലാം മറന്നു എന്നതാണ് പരമാർഥം.

യൗവനത്തെ പിടിച്ചുവാങ്ങി പകരം മരുഭൂമിവെച്ച് നീട്ടുന്ന നാണയത്തുട്ടുകൾ മാത്രമായിരുന്നു ഏത് സമയത്തും മനസ്സ് നിറയെ എന്നുപറഞ്ഞാലും അധികമാവില്ല. ചിറകുകൾക്ക് തീ പിടിച്ചിട്ടും കടലിനു കുറുകെ പറന്നു ലക്ഷ്യസ്ഥാനത്തെത്താൻ വെമ്പുന്ന പക്ഷിയെപ്പോലെ മുന്നേറുന്നതിനിടയിൽ മറ്റെല്ലാം മറന്നു പോയിരുന്നു. സ്വയം ഒന്ന് ജീവിക്കാൻ പോലും...പരിപ്പ് കറിയും, ചോറും, കുബ്ബൂസും... പിന്നെ പൊട്ടിപ്പൊളിഞ്ഞ പഴയൊരു ഫ്ലാറ്റിലെ കൊച്ചു മുറിയും തുരുമ്പു പിടിച്ച കയറ്റു കട്ടിലും... ആ ലോകത്തിൽ കിടന്നുള്ള ഭ്രമണം മാത്രമായിരുന്നു ഇക്കാലമത്രയും.

എക്സ്പയറി ഡേറ്റ് എഴുതാത്ത വിസിറ്റ് വിസ മാത്രമാണ് ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും അസ്രാഈൽ മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു. തന്‍റെ വിയർപ്പിനാൽ പടുത്തിയർത്തപ്പെട്ട വീട്ടിൽനിന്നും പടിയിറങ്ങുന്ന വേളയിൽ വിടവിലൂടെ വീണ്ടും ചുറ്റുമൊന്നു കണ്ണോടിച്ചു. പരിചയമുള്ള മുഖങ്ങളെക്കാൾ അപരിചിത മുഖങ്ങളാണ് കൂടുതൽ, ആരുടെയും മുഖത്ത് ഒരുവിധ വേദനയും പറ്റിപ്പിടിച്ചു നിൽക്കുന്നില്ലെന്ന് അയാൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അല്ലെങ്കിലും നാട്ടിലും മറുനാട്ടിലും ഒറ്റപ്പെട്ടു പോവുന്ന മനുഷ്യരുടെ ഒറ്റപ്പേരു കൂടിയാണല്ലോ പ്രവാസി എന്നത്.

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പ്രാർഥനാവചനം പോലും കോൾഡ് സ്റ്റോറും ഇല്ലല്ല എന്ന പരിഹാസം പോലെയാണ് അനുഭവപ്പെട്ടത്. മനുഷ്യജന്മം എന്ന അമൂല്യതയെ അർഹിക്കുന്ന ഗൗരവത്തിൽ കാണാൻകഴിയാതെ പോയ ഒരു വിഡ്ഢിയെയാണ് ഞങ്ങൾ ചുമന്നുകൊണ്ട് പോവുന്നത് എന്ന് അവരിൽ ചിലരെങ്കിലും കരുതുന്നുണ്ടാവണം. നഷ്ടബോധം ഒരു ചിതയായി രൂപാന്തരം പ്രാപിച്ചു കൊണ്ട് അലുമിനിയം പെട്ടിയെ പൊള്ളിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ കാലങ്ങൾ അയാളുടെ മുമ്പിൽ ഒരു തിരശ്ശീലയിലെന്ന പോലെ മിഴിവോടെ വീണ്ടും തെളിഞ്ഞു വന്നു.

കോൾഡ് സ്റ്റോർ മേഖലയിലായിരുന്നു പ്രവാസത്തിന്‍റെ തുടക്കം. പടിപടിയായി വളർന്നു അനേകം സ്ഥാപനങ്ങളുടെ സാരഥിയായി. നാട്ടിലും ഒരുപാട് വസ്തുവകകൾ. അതു നോക്കി നടത്താൻ വേറെ ആളില്ലാത്തത് കൊണ്ട് ഭാര്യയെ കൂടെ നിർത്തുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. മൂന്ന് വർഷമൊക്കെ കഴിയുമ്പോൾ മനസ്സില്ലാ മനസ്സോടെ രണ്ടോ മൂന്നോ മാസം. അത് മാത്രമായിരുന്നു നാടുമായുള്ള ഏകബന്ധം.അതുതന്നെ ജോലിക്കാർ പറ്റിക്കുമോ എന്ന ഭയത്തിൽ തീയിൽ ചവിട്ടി നിൽക്കുന്ന പോലെ...

പണം, പണം, പണം ... ഊണിലും ഉറക്കത്തിലും അത് മാത്രമായിരുന്നു ചിന്ത. ധനമോഹം ഒരു നീരാളിയെപ്പോലെ ജീവിതത്തെ വരിഞ്ഞു മുറുക്കിയത് തിരിച്ചറിയാൻ കഴിഞ്ഞില്ല. ദിവസത്തിൽ 24മണിക്കൂർ പോരെന്ന തോന്നൽ. കാരണം ഇടതടവില്ലാതെ കച്ചവടം നടക്കുന്ന കടകളിൽ ഒരു മണിക്കൂർ കൂടി ദിവസത്തിൽ അധികം ലഭിച്ചിരുന്നെങ്കിൽ അത്രയും കൂടി സമ്പാദിക്കാമല്ലോ എന്നത് മാത്രമാണ് മനസ്സ് നിറയെ. പണത്തിന്‍റെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ മക്കളെയും ഭാര്യയെയുമൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ധനത്തിന്‍റെ ധാരാളിത്തത്തിൽ രണ്ട് മക്കളും വഴി തെറ്റി പോകുന്നതും പണത്തിനു പിറകെയുള്ള പാച്ചിലിനിടയിൽ കാണാൻ കഴിഞ്ഞില്ല

"നേരത്തോട് നേരം കഴിഞ്ഞതാ, ഇനി താമസിപ്പിക്കാൻ പറ്റില്ല, ഇയാളുടെ മക്കളെ കാണുന്നില്ലല്ലോ??"

പള്ളിപ്പറമ്പിൽ നിന്നുള്ള ആരുടെയൊക്കെയോ ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കാതിൽ വന്നലച്ചപ്പോഴാണ് ചിന്തകൾ അയാളെ വിട്ടകന്നത്.

"എബടെങ്കിലും കല്ലോ, കഞ്ചാവോ അടിച്ചു കെടക്കുന്നുണ്ടാവും," ആരുടെയോ ആത്മഗതം കൂടി കേട്ടപ്പോൾ മരണം ഒരു അനുഗ്രഹം പോലെ അയാൾക്ക് തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കാത്ത പാദങ്ങൾ ആയാസപ്പെട്ടു മണ്ണിൽ ഉറപ്പിച്ചു, ചുവന്ന ചോരക്കണ്ണുകളുമായി ഏതോ ലോകത്തിലെന്ന പോലെ കുഴിമാടത്തിന്നരികിലേക്ക് ഒരു സ്വപ്നാടകരെ പോലെ തന്‍റെ മക്കൾ ആടിയാടി വരുന്നത് വരുന്നത് സ്ലാബ് മൂടുന്നതിനിടയിൽ ഒരു നോക്ക് അയാൾ കണ്ടു.

നിലത്തുറക്കാത്ത കാലുകൾ കൊണ്ട് അൽപം മണ്ണ് അവർ തന്‍റെ മേലേക്ക് അവജ്ഞയോടെ തട്ടിയിടുന്നതും, സ്നേഹം പിടിച്ചുവെച്ച പിതാവിനോടുള്ള പകയുടെ സകല ശക്തിയും ആവാഹിച്ചു ഖബറിടത്തിലേക്ക് കാർക്കിച്ചു തുപ്പുന്നതും കാണാനുള്ള കരുത്തില്ലാതെ ആ പിതാവ് ഇമകൾ ഇറുക്കിയടച്ചു.

'അസ്രായീൽ ---മരണത്തിന്‍റെ മാലാഖ കല്ല് ---രാസലഹരിയുടെ നാടൻ പ്രയോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2025Eid Al Fitr 2025
News Summary - Story; Visiting Visa
Next Story