ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അന്തരിച്ചു
text_fieldsതിരുവനന്തപുരം: സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ അധ്യക്ഷനുമായ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (75) അന്തരിച്ചു. ശ്രീരാമദാസ മിഷന്‍ യൂനിവേഴ്സല്‍ സൊസൈറ്റി രക്ഷാധികാരി, ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, കേരളത്തിനകത്തും പുറത്തുമായി നൂറില്‍പരം ക്ഷേത്രങ്ങളുടെ ആചാര്യന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടേതുള്‍പ്പെടെ എഴുപതോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചിട്ടുണ്ട്.
തൃശൂര്‍ പെരിങ്ങര ഹരീശ്വരന്‍ നമ്പൂതിരിയുടെയും ഉണ്ണിമായ അന്തര്‍ജനത്തിന്റെയും മകനായി 1949 നവംബര്‍ 21നായിരുന്നു ജനനം. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ അദ്ദേഹം വേദങ്ങളിലും തന്ത്രശാസ്ത്രത്തിലും പ്രാവീണ്യം നേടി. 1981ല്‍ വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍വെച്ച് സ്വാമി സത്യാനന്ദ സരസ്വതിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഗുരുനാഥനോടൊപ്പം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തി.
2006 നവംബറില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ നിര്യാണത്തിനുശേഷം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വം നിര്‍വഹിച്ചുവരികയായിരുന്നു. സമാധി ചടങ്ങ് ഞായറാഴ്ച ഉച്ചക്ക് 12.20ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.