തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; മേയ് ആറിന് വർണാഭമായ കുടമാറ്റം
text_fieldsതൃശൂർ: തൃശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും രാവിലെ മുതൽ രാത്രി വരെ വിവിധ സമയങ്ങളിലാണ് ആചാര പ്രകാരം കൊടിയേറ്റം നടക്കുക.
കൊടിയേറ്റം മുതലുള്ള ദിവസങ്ങളിൽ പങ്കാളി ക്ഷേത്രങ്ങളിൽ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കും. ലാലൂർ, നെയ്തലക്കാവ്, അയ്യന്തോൾ, ചൂരക്കാട്ടുകര, ചെമ്പുക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി എന്നിവയാണ് ഘടക ക്ഷേത്രങ്ങൾ.
ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം. മേയ് അഞ്ചിന് ഉച്ചക്ക് മുമ്പ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി വരുന്ന ആന വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരവാതിൽ തുറന്നിടുന്നതോടെ പൂരത്തിന്‍റെ ചടങ്ങുകൾ ആരംഭിക്കും.
പൂരം നാളായ ആറിന് രാവിലെ നേരത്തേ കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ വണങ്ങാൻ ആദ്യം എത്തുക. ഏഴിന് ഉച്ചയോടെ വടക്കുംനാഥന്‍റെ ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം അവസാനിക്കുന്നത്.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളിലും പൂരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സർക്കാർ സംവിധാനങ്ങളും ജില്ല ഭരണകൂടവും സന്നാഹം ഒരുക്കുന്ന തിരക്കിലാണ്. ഇത്തവണ സുരക്ഷ ക്രമീകരണം പതിവിലധികം ശക്തമാക്കിയിട്ടുണ്ട്.
ഡി.ജി.പി നേരിട്ടാണ് ഇത് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷത്തെ പൂരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുറവുകളില്ലാതെ പൂരം പൂർത്തിയാക്കാൻ എല്ലാ വിഭാഗങ്ങളും കടുത്ത പരിശ്രമത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.