ശൈഖ് ഹബീബ് ഉമർ: മലയാളികൾ അടുത്തറിഞ്ഞ വിശ്വപണ്ഡിതൻ; നിമിഷപ്രിയ കേസിൽ നിർണായക ഇടപെടൽ നടത്തിയ വ്യക്തി
text_fieldsശൈഖ് ഹബീബ് ഉമർ ബിൻ ഹഫീദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കൊപ്പം (ഫയൽ ചിത്രം)
മലപ്പുറം: നിമിഷപ്രിയ കേസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥന പ്രകാരം നിർണായക ഇടപെടൽ നടത്തിയ യമനിലെ പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീദിന് കേരളവുമായി അടുത്ത ബന്ധം. മർക്കസിലെയും മലപ്പുറം മഅ്ദിൻ അക്കാദമിയിലെയും വിവിധ പരിപാടികൾക്കായി പല തവണ അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്. 2004 ഡിസംബറിലാണ് ആദ്യമായി കേരളം സന്ദർശിക്കുന്നത്.
മഅ്ദിൻ അക്കാദമിയുടെ പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടലിനും ആത്മീയ സമ്മേളനത്തിനും അദ്ദേഹം നേതൃത്വം നൽകി. മഅ്ദിൻ സ്ഥാപനങ്ങളുടെ വളർച്ചയിൽ നാഴികക്കല്ലായിരുന്നു ആ സന്ദർശനമെന്ന് ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഓർമിക്കുന്നു. തുടർന്ന് 2017ൽ വൈസനിയം സമ്മേളന പരിപാടികളുടെ ഉദ്ഘാടനത്തിനെത്തി.
മർകസ് നോളജ് സിറ്റിയിലെ ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിന്റെ ഉദ്ഘാടനം 2022ൽ അദ്ദേഹം നിർവഹിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മർകസിൽ നടത്തുന്ന ഹദീഥ് പഠന ക്ലാസിന്റെ വാർഷിക വേദിയായ ഖത്മുൽ ബുഖാരിയിൽ സംബന്ധിക്കാനും മഅ്ദിൻ ഗ്രാൻഡ് മസ്ജിദ് വിപുലീകരണം സമർപ്പണത്തിനുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനം കേരളം സന്ദർശിച്ചത്.
മമ്പുറം തങ്ങൾ കുടുംബം, പാണക്കാട് തങ്ങൾ കുടുംബം ഉൾപ്പെടെ കേരളത്തിലെ വിവിധ തങ്ങൾ കുടുംബങ്ങളുടെ പൂർവികരുടെ ദേശമായ യമനിലെ ഹദർമൗത്തിലെ തരീമിലാണ് അദ്ദേഹത്തിന്റെ ആസ്ഥാനം. കേരളീയ മുസ്ലിം ജീവിതവുമായി ചരിത്രപരമായി അടുപ്പമുള്ള ‘ബാഅലവി’ സൂഫിധാരയിലെ ആത്മീയ ഗുരുവാണ് ഹബീബ് ഉമർ. തരീമിൽ സ്ഥാപിച്ച ‘ദാറുൽ മുസ്തഫ’ എന്ന ഇസ്ലാമിക സർവകലാശാല കേന്ദ്രീകരിച്ചാണ് അദ്ദേഹം വൈജ്ഞാനിക പ്രവർത്തനങ്ങൾ നടത്തുന്നത്.
എഴുപതോളം രാജ്യങ്ങളിലെ വിദ്യാർഥികൾ നിലവിൽ ദാറുൽ മുസ്തഫയിൽ പഠനം നടത്തുന്നു. യമനിലെ ആഭ്യന്തര രാഷ്ട്രീയം സംഘർഷഭരിതമാകുന്നതിന് മുമ്പ് കാന്തപുരവും ഖലീലുൽ ബുഖാരി തങ്ങളുമുൾപ്പെടെയുള്ള പണ്ഡിതരും വിദ്യാർഥികളും ദാറുൽ മുസ്തഫയിലെ വിവധ പരിപാടികളിൽ സംബന്ധിക്കാറുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.