തബല താളവും തയ്യൽ താളവും ഇവിടെ ഒരുപോലെ...
text_fieldsകോട്ടയം: ആറാം വയസ്സിൽ തബലയിൽ കൈപതിപ്പിച്ച്, 18-ാം വയസ്സിൽ തബലവാദ്യത്തിൽ ഗുരുവായി, 63 വയസ്സ് പിന്നിടുമ്പോൾ ഒരുപിടി നേട്ടങ്ങളാൽ കലാരംഗത്ത് സജീവമാണ് ബാബു സെബാസ്റ്റ്യൻ. കാണക്കാരിക്കാർക്ക് കാഞ്ഞിരത്തടത്തിൽ ബാബു സെബാസ്റ്റ്യൻ ‘ടെക് ബാബു’ആണ്. കാണക്കാരി സ്കൂളിന് സമീപം ബ്രില്ല്യന്‍റ് തയ്യൽകട നടത്തുകയാണ് ബാബു. 52 വർഷമായി ടെക് ബാബു തബലവാദ്യത്തിൽ സ്ഥിരംമുഖമാണ്. ഉപജീവനത്തേക്കാൾ പ്രധാന്യം വർഷങ്ങളായി തുടർന്നുവരുന്ന തബലവായനക്കാണ്.
പിതാവ് കെ.പി. ദേവസ്യയാണ് ആദ്യ ഗുരുനാഥൻ. ഉപജീവനമാർഗമായ മേസ്തിരി തൊഴിലിനിടയിലും കലാമേഖലയിൽ സമയംകണ്ടെത്തിയ പിതാവിനെ മാതൃകയാക്കിയാണ് ഒന്നാംക്ലാസ് മുതൽ ബാബു തബലയിൽ താളംപിടിച്ചത്. തുടർന്ന് വിവാഹ സൽകാര വേദികളിലും പള്ളി ക്വയർ സംഘത്തിലും നാടകം, ഗാനമേള, സിനിമാ പിന്നണി ഗാനത്തിനും അകമ്പടിയായി ബാബുവിന്‍റെ തബല തുടിച്ചു. പ്രശസ്ത കാഥികൻ വി.ഡി. രാജപ്പന്‍റെ തബലിസ്റ്റ് ആയിരുന്ന കോട്ടയം നടേശൻ, സോളമൻ കോട്ടയം, ഈനേടം തമ്പി, സന്തോഷ് പാലാ എന്നിവരുടെ കീഴിൽ തബലവാദ്യത്തിൽ ശിക്ഷണം നേടി.
1965-71 കാലഘട്ടത്തിൽ പട്ടിത്താനം യു.പി.സ്കൂളിലെ വിദ്യാർഥിയായിരുന്ന ബാബു, പൂർവവിദ്യാർഥി സംഗമവേളയിൽ സ്കൂളിനും അധ്യാപകർക്കും സഹപാഠികൾക്കുമായി ‘ഓർമയിലെ ഉപ്പുമാവ്’ എന്ന മിനി ആൽബം സമർപ്പിച്ചിരുന്നു. പട്ടിത്താനം പള്ളിവികാരിയായിരുന്ന ജോബ് കുഴിവേലിയാണ് ബാബുവിന് ‘ടെക് ബാബു’എന്ന ചെല്ലപ്പേര് ചാർത്തിക്കൊടുത്തത്. അത് പിന്നീട് നാട്ടുകാരും വിളിച്ചതോടെ ബാബു സെബാസ്റ്റ്യൻ കാണക്കാരിക്കാർക്ക് ‘ടെക് ബാബു’ആയി. സുഹൃത്തിന്‍റെ നിർദ്ദേശപ്രകാരമാണ് തബലയെ കൂടാതെ തയ്യൽ മെഷീനെ ഉപജീവനമാർഗമാക്കി ഒപ്പംകൂട്ടിയത്.
പത്താം വയസ്സിൽ സ്വന്തമായൊരു തബല വേണമെന്ന ആഗ്രഹമുണ്ടായി. 67 കാലഘട്ടത്തിൽ ഒരു സെറ്റ് തബലക്ക് 500 രൂപയായിരുന്നു. ഇതിനായി ബാബു പരിപാടികളിൽനിന്നും കിട്ടുന്ന സമ്പാദ്യം സ്വരൂപിച്ചു. എന്നാൽ, സ്വരുക്കൂട്ടിയ സമ്പാദ്യം ഒരു പരിപാടിക്കിടെ മോഷണം പോയി. മനസ്സ് തകർന്ന ബാബുവിന് ദൈവനിയോഗം പോലെ പുതിയൊരു തബല സെറ്റ് വാങ്ങാനുള്ള പണം ഒരു മാലാഖയിൽനിന്നും ലഭിച്ചു. ഇപ്പോൾ ബാബുവിന് മൂന്ന് സെറ്റ് തബലയും നാല് ശ്രുതി തബലയും സ്വന്തമായിട്ടുണ്ട്.
കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനും യൂട്യൂബിൽ വീഡിയോ ആൽബം പുറത്തിറക്കിയിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പുണ്ടായ സ്ട്രോക്കാണ് കലാജീവിതത്തിന് വില്ലനായത്. അതോടെ വേദികളിൽ നിന്നും വിരമിച്ച് ബാബു തയ്യൽജോലി ഉപജീവനമാക്കി.
താൻ ഈവർഷം ചെയ്യുന്ന ആൽബങ്ങളിലൊന്ന് ഗായിക സിത്താര കൃഷ്ണകുമാറിനെ കൊണ്ട് പാടിക്കണമെന്നാണ് ബാബുവിന്‍റെ ആഗ്രഹം. തബലയിലെ മൂന്നിടങ്ങളിലെ 11 സ്വരസ്ഥാനങ്ങൾ ബാബുവിന്‍റെ 52 വർഷത്തെ കലാജീവിതത്തിനൊപ്പമുണ്ട്, ഒപ്പം ഒരുപിടി ശിഷ്യഗണങ്ങളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.