സുഗതൻ സാർ, അക്ഷരമുറ്റത്തെ കരുതൽസ്പർശം
text_fieldsസുഗതൻ
ആലപ്പുഴ: പുറത്ത് വെയില് തിളച്ചുമറിയുന്ന ഒരുപകലില്‍, കത്തുന്ന ചൂടിനെ വിയര്പ്പുകഷണങ്ങളായി ശേഖരിച്ച് കയറിവന്ന ഒരു മുത്തശ്ശി ക്ലാസ് മുറിയിലേക്ക് ഒരുപൊതി നീട്ടിക്കൊണ്ട് ചോദിച്ചു: ‘അനന്തുവിന്റെ ക്ലാസല്ലേ ഇത്?’ -അതെയെന്ന് പറയുന്നതിന് മുമ്പുതന്നെ അവര്‍ കൈയിലുണ്ടായിരുന്ന ഒരു കവര്‍ മുന്നിലേക്ക് നീട്ടി.
അമ്മയുടെ മാനസികപ്രശ്നം മൂലം അച്ഛന് ഉപേക്ഷിച്ചുപോയതോടെ പട്ടിണിയിലായ തന്റെ കൊച്ചുമകന് കുറച്ച് ബ്രഡുമായി എത്തിയതായിരുന്നു ആ വയോധിക. താമരക്കുളം വിജ്ഞാനവിലാസിനി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപകന് എല്‍. സുഗതന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു അത്.
12 വര്‍ഷം മുമ്പ് ഒരിക്കല്‍ ക്ലാസ് എടുക്കവേ നടന്ന ഈ സംഭവം, ഒഴിഞ്ഞ വയറുമായി തന്റെ മുന്നിലിരുന്ന് വിദ്യ അഭ്യസിക്കുന്ന ഒരുകുട്ടിയുടെ സങ്കടപ്പെടുത്തുന്ന ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സഹപ്രവർത്തകരുടെയും സുമനസ്സുകളുടെയും സഹായത്തോടെ മാതാപിതാക്കൾ നഷ്ടമായ 10 കുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന ‘കാരുണ്യസ്പർശം സ്കോളർഷിപ് പദ്ധതി’ സ്കൂളിൽ നടപ്പാക്കി. ‘സഹായഹസ്തം’ വർധിച്ചതോടെ ഡോ. എ.പി.ജെ. അബ്ദുൽകലാം സ്കോളർഷിപ് എന്നപേരിൽ പദ്ധതി വിപുലപ്പെടുത്തി. ഇതിലൂടെ മാത്രം 6,70,000 രൂപ ധനസഹായം കൈമാറി.
മനസ്സിൽ തോന്നുന്ന ആശയം ആദ്യം നടപ്പാക്കുന്നത് സ്വന്തം സ്കൂളിലാണ്. പിന്നീടത് സംസ്ഥാന സർക്കാർതന്നെ ഏറ്റെടുക്കുന്ന കാഴ്ചയാണ്. അതിൽ പ്രധാനം വിഷംതീണ്ടിയ പച്ചക്കറികൾക്കെതിരായ ഒറ്റയാൾ പോരാട്ടമാണ്. സംസ്ഥാന അധ്യാപക അവാർഡ്, വനംവകുപ്പിന്റെ വനമിത്ര അവാർഡ്, മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൽകലാം പുരസ്കാരം, ഗ്ലോബൽ ടീച്ചർ അവാർഡ്, എലിസ്റ്റർ പുരസ്കാരം, മികച്ച സാമൂഹിക പ്രവർത്തകനുള്ള ജെ.സി.ഐ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
കൊല്ലം ശാസ്ത്രാംകോട്ട പൗർണമിയിലാണ് താമസം. ഭാര്യ: വി.എസ്. അനൂപ (റവന്യൂ ജീവനക്കാരി, പത്തനംതിട്ട). മക്കൾ: ഭവിൻ സുഗതൻ, ഭവിക ലക്ഷ്മി (വിദ്യാർഥികൾ).
‘ക്ലാസിലൊരു പുസ്തകപ്പെട്ടി’
സമൂഹമാധ്യമത്തിന്റെ വരവോടെ വായന കുറഞ്ഞതിന് പരിഹാരമായിരുന്നു ‘ക്ലാസിലൊരു പുസ്തകപ്പെട്ടി. കുട്ടികളുടെ ബർത്ത്ഡേ അടക്കമുള്ള ആഘോഷപരിപാടികളിൽ ഒരുപുസ്തകം സംഭാവന നൽകണം. ഇങ്ങനെ കിട്ടിയതിലൂടെ നിരവധി കുട്ടികൾ വായനയുടെ ലോകത്തേക്ക് സഞ്ചരിച്ചു.
ഇത് മറ്റ് സ്കൂളിലേക്കും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ നിവേദനം സർക്കാർ പരിഗണനയിലാണ്. വിദ്യാർഥികളും അധ്യാപകരും ഗായകരാകുന്ന ‘പള്ളിക്കൂടം ടി.വി മ്യൂസിക് ബാൻഡ്’ എന്നപേരിൽ പ്രഫഷനൽ ഗാനമേള ട്രൂപ്പുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.