Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വില 1 ലക്ഷം, ഓട്ടച്ചെലവ് 13 പൈസ മാത്രം; ഇത് പ്ലസ് ടു വിദ്യാർഥി നിർമിച്ച സോളാർ വണ്ടി

text_fields
bookmark_border
വില 1 ലക്ഷം, ഓട്ടച്ചെലവ് 13 പൈസ മാത്രം; ഇത് പ്ലസ് ടു വിദ്യാർഥി നിർമിച്ച സോളാർ വണ്ടി
cancel

ഗുരുഗ്രാം: ചരക്ക് കൊണ്ടുപോകാനും ആളുകളെ കയറ്റാനും ചെലവ് കുറഞ്ഞ ഒരു വാഹനം വേണം. ഇലക്ട്രിക് വാഹനങ്ങൾക്ക് ഒന്നര ലക്ഷത്തിലധികം വരുന്നതിനാൽ അത് താങ്ങാൻ പ്രദേശത്തെ കുടുംബങ്ങൾക്ക് കഴിയില്ല. ഇതിനൊരു പരിഹാരമായാണ് അക്ഷിത് ഖേരയുടെ സോളാർ വാഹനം.

വീടിനടുത്തുള്ള ഇരുപതോളം കുടുംബങ്ങളോട് സംസാരിച്ച ശേഷമാണ് അക്ഷിത് ഈ ആശയത്തിലെത്തിയത്. ഹെറിറ്റേജ് ഇന്റർനാഷണൽ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അക്ഷിത്തിന് വെല്ലുവിളികൾ ഏറെയായിരുന്നു. സ്വന്തമായി വർക്ക്‌ഷോപ്പില്ല, എൻജിനീയർമാരുടെ സഹായവുമില്ല. സ്കൂളിൽ പഠിച്ച കണക്കും ഫിസിക്സും കൗതുകവുമാണ് കൈമുതൽ.

പരീക്ഷകളും ചെലവും മറ്റൊരു വെല്ലുവിളിയായിരുന്നു. എങ്കിലും വണ്ടിയുടെ കണക്കുകളും രൂപവും അവൻ കൈവിട്ടില്ല. സോളാർ കാറായിരുന്നു ആദ്യം മനസ്സിൽ. എന്നാൽ പ്രദർശന വസ്തുവിനപ്പുറം ഉപയോഗപ്രദമാകുന്ന വണ്ടിയാണ് വേണ്ടതെന്ന് അവൻ തീരുമാനിച്ചു. വെയിൽ എപ്പോഴും ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയതോടെ, വെയിൽ മാത്രം ആശ്രയിക്കാതെ ബാറ്ററിയും സോളാറും ചേർത്ത് ഓടുന്ന വണ്ടിയാണ് അവൻ തെരഞ്ഞെടുത്തത്.

ചെലവ് ചുരുക്കാൻ ബാറ്ററി ശേഷി കുറച്ചു. ഡൽഹി മായാപുരി മാർക്കറ്റിൽ കടകൾ കയറിയിറങ്ങി വിലപേശി 17,000 രൂപയിലധികം ലാഭിച്ചു. പത്തിലധികം വർക്ക്‌ഷോപ്പുകൾ സന്ദർശിച്ച ശേഷമാണ് അരുൺ എന്ന ഫാബ്രിക്കേറ്റർ സഹായിക്കാൻ തയാറായത്. വീട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയായിരുന്നു ആ വർക്ക്‌ഷോപ്പ്.

രണ്ട് പേർക്ക് ഇരിക്കാവുന്ന ക്യാബിനും കാർഗോ ബോക്സും ഉള്ള വാഹനത്തിന്‍റെ പണി ഒടുവിൽ പൂർത്തിയാക്കി. കാർഗോ ബോക്സിന് മുകളിലായി 400 വാട്ട് സോളാർ പാനൽ. അത് മഴയിൽ നിന്ന് സംരക്ഷിക്കുന്ന മേൽക്കൂരയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനവും കൂടിയാണ്. വാഹനത്തിന് ചെലവായത് ആകെ 1,02,536 രൂപയാണ്. ഒറ്റ ചാർജിൽ 50 കിലോമീറ്ററിലധികം സഞ്ചരിക്കാം. 300 കിലോ വരെ ഭാരം കയറ്റാം. ദിവസം 50 കിലോമീറ്റർ ഓടുമ്പോൾ ആവശ്യമായ വൈദ്യുതിയുടെ 63 ശതമാനം വരെ സോളാറിൽ നിന്ന് ലഭിക്കും. മഴക്കാലത്ത് ഇത് 41 ശതമാനവും വേനൽക്കാലത്ത് 87 ശതമാനം വരെയുമാകും. അതുകൊണ്ട് കിലോമീറ്ററിന് ചെലവ് വരുന്നത് 13 പൈസ മാത്രമാണ്.

ഈ വണ്ടി ആവശ്യമുള്ള ഒരു കുടുംബത്തിന് നൽകാനാണ് അക്ഷിത്തിന്റെ തീരുമാനം. തുടങ്ങാൻ മികച്ച സൗകര്യങ്ങൾക്കായി കാത്തിരിക്കരുതെന്നാണ് അക്ഷിത് പറയുന്നത്. കയ്യിലുള്ളത് വെച്ച് തുടങ്ങിയാൽ വഴി തനിയെ തെളിയുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നതായും അവൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plus Two Student Solar Vehicle
Next Story