തണലമ്മ
text_fieldsഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു !
നടു നിവര്‍ക്കാനൊരു
കുളിര്‍നിഴല്‍ നടുന്നു
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നു
(ഒ.എന്‍.വി -ഒരു തൈ നടുമ്പോള്‍)
മരം ഒരു വരമെന്ന് കുട്ടികള്‍ ചൊല്ലിപ്പഠിച്ചത് പ്രൈമറി ക്ലാസില്‍നിന്നാണ്. പരിസ്ഥിതിയെ കുറിച്ചുള്ള ആദ്യ പാഠങ്ങളിലൊന്നായിരുന്നു അത്. പിന്നെ വര്‍ഷം തോറും പരിസ്ഥിതി ദിനാചരണമായി. എന്നിട്ടും പ്രകൃതി സംരക്ഷണത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊള്ളാത്തവര്‍ക്ക് നേരെ ചൂണ്ടിക്കാണിക്കാന്‍ ഒരു വയോധികയുണ്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍. പള്ളിക്കൂടത്തിന്‍െറ പടികയറാന്‍ പോലും കഴിയാതിരുന്ന സാലുമരാട തിമ്മക്ക. വയസ്സ് നൂറ് കഴിഞ്ഞിട്ടും ലോകത്തിനാകെ പരിസ്ഥിതിയുടെ പാഠങ്ങള്‍ പകര്‍ന്നു കൊണ്ടിരിക്കുകയാണിവര്‍. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍െറ (ബി.ബി.സി) ലോകത്തെ സ്വാധീനിച്ച ഈ വര്‍ഷത്തെ 100 വനിതകളുടെ കൂട്ടത്തില്‍ ഇടമുറപ്പിച്ച ഈ അമ്മ ജീവിതം തന്നെ മരങ്ങള്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
തുമകൂരു ജില്ലയിലെ ഗുബ്ബിയില്‍ ചിക്കരംഗയ്യയുടെയും വിജയമ്മയുടെയും മകളായി ജനിച്ച തിമ്മക്കക്ക് ദാരിദ്ര്യവും വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്കൂളില്‍ പോകാനുള്ള അവസരം നിഷേധിച്ചത്. പത്താം വയസ്സില്‍ കൂലിപ്പണിക്കിറങ്ങിയ ഇവരുടെ ജീവിത പങ്കാളിയായെത്തിയത് രാമനഗര ജില്ലയിലെ ഹുളികല്‍ സ്വദേശിയും കാലിവളര്‍ത്തുകാരനുമായ ബിക്കല ചിക്കയ്യ. കൂലിപ്പണിക്കാരിയായിരുന്ന തിമ്മക്ക ഒരു കുഞ്ഞിനായുള്ള പ്രാര്‍ഥനകള്‍ വിഫലമായപ്പോള്‍ ദു:ഖം മറക്കാന്‍ മരങ്ങളുടെ പോറ്റമ്മയാവുകയായിരുന്നു. മരം നടുന്നതിലൂടെ രാജ്യത്തെയും ജനങ്ങളെയും പ്രകൃതിയെയും സേവിക്കുകയാണെന്ന് ഉറച്ചുവിശ്വസിച്ചവർ ജോലി കഴിഞ്ഞെത്തിയ ശേഷം നട്ട മരങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ കുടങ്ങള്‍ പേറി കിലോമീറ്ററുകള്‍ നടന്നു. കൂട്ടിന് ഭര്‍ത്താവ് ചിക്കയ്യയും. ദിവസവും 40-50 കുടം വെള്ളമാണ് മരങ്ങളുടെ ദാഹമകറ്റാന്‍ നല്‍കിയത്.

മരങ്ങള്‍ വളര്‍ന്നുപന്തലിച്ച് ആളുകള്‍ക്ക് തണലേകിയപ്പോള്‍ മനം നിറഞ്ഞ് ആഹ്ലാദിച്ചു. 1991ല്‍ ഭര്‍ത്താവ് മരിച്ചപ്പോഴും തളരാതെ തന്‍െറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. 80 വര്‍ഷത്തിനിടെ നട്ടുപിടിപ്പിച്ച 8000ത്തിലധികം മരങ്ങള്‍ ഈ അമ്മയുടെ താരാട്ടില്‍ വളരുന്നു. ഇവര്‍ നട്ട മരങ്ങള്‍ക്ക് ഇന്ന് 498 കോടി രൂപ മതിപ്പുവിലയുണ്ടെന്ന് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ഗ്രാമത്തില്‍ മഴവെള്ള സംഭരണിയൊരുക്കുന്നതിലും മുന്നിട്ടിറങ്ങി. ഭര്‍ത്താവിന്‍െറ മരണശേഷം ദത്തെടുത്ത ഉമേഷ് എന്ന കുട്ടി വളര്‍ന്നപ്പോള്‍ തിമ്മക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി.
നാലു കിലോമീറ്ററിലെ ആല്‍മരപ്പന്തല്‍
ബംഗളൂരു-നെലമംഗല ഹൈവേയില്‍ ഹുളികല്‍ മുതല്‍ കുഡൂര്‍ വരെയുള്ള നാല് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും വെയില്‍ കൊള്ളേണ്ടി വരില്ല. തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് വെച്ചുപിടിപ്പിച്ച 384 ആല്‍മരങ്ങളാണ് ഇവിടെ നന്മയുടെ തണല്‍ വിരിക്കുന്നത്. 10 ആല്‍ത്തൈകള്‍ നട്ടു തുടങ്ങിയ ഉദ്യമം അടുത്ത വര്‍ഷം 15ലേക്കും മൂന്നാം വര്‍ഷം 20ലേക്കും ഉയര്‍ന്നു. അലഞ്ഞുതിരിയുന്ന കാലികളില്‍നിന്ന് ഇവക്ക് സുരക്ഷയൊരുക്കാന്‍ മുള്‍ച്ചെടികളും ചുറ്റിലും പിടിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച ആല്‍മരങ്ങളുടെ മാത്രം മൂല്യം ഇന്ന് ഒന്നര മില്യണ്‍ രൂപ വരുമെന്നാണ് കണക്കാക്കുന്നത്. നട്ട മരങ്ങള്‍ മുറിക്കാനുള്ള ചിലരുടെ നീക്കം പൊലീസില്‍ പരാതി നല്‍കിയാണ് തടഞ്ഞത്. മരങ്ങളുമായുള്ള കൂട്ടിന് നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണ് ‘സാലുമരാട’. കന്നട ഭാഷയിലുള്ള ഈ പദത്തിന് ‘നിരയായി നില്‍ക്കുന്ന മരങ്ങള്‍’ എന്നാണ് അര്‍ഥം. പ്രജാവാണി ലേഖകനായ എന്‍.വി. നെഗലൂര്‍ ഇവരുടെ കഥ പുറം ലോകത്തെത്തിച്ചപ്പോള്‍ അത് പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയുടെ ശ്രദ്ധയിലുമെത്തി. 1995ല്‍ പ്രധാനമന്ത്രിയില്‍നിന്ന് നാഷനല്‍ സിറ്റിസണ്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയതോടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. പിന്നെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന വനവത്കരണ പരിപാടികളില്‍ ഈ നിരക്ഷര വയോധികയും സജീവ സാന്നിധ്യമായി. എന്നാല്‍, പേരെടുക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ വേഷം കെട്ടിയവരില്‍നിന്ന് ഇവര്‍ മാറിനടന്നു.

ബി.ബി.സിയുടെ വനിതാരത്നം
2016ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ 105 വയസു കഴിഞ്ഞ സ്ത്രീയുടെ പേരും ചിത്രവും കണ്ട് അന്തംവിട്ടവര്‍ ഏറെയാണ്. എന്നാല്‍, യു.എസിലെ ലോസ് ആഞ്ജലസിലും ഓക് ലന്‍ഡിലും തിമ്മക്കാസ് റിസോഴ്സ് ഫോര്‍ എന്‍വയണ്‍മെന്‍റല്‍ എജുക്കേഷന്‍ എന്ന പേരില്‍ പരിസ്ഥിതി സംഘടനയുണ്ടെന്നും വിദേശ സര്‍വകലാശാലകളും പരിസ്ഥിതി സംഘടനകളുമെല്ലാം ഇവരുടെ ജീവിതം പഠനവിഷയമാക്കിയിട്ടുണ്ടെന്നുമറിഞ്ഞപ്പോള്‍ ഈ അമ്പരപ്പിനറുതിയായി. ബിസിനസുകാരും നടിമാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഫാഷന്‍ മോഡലുകളുമെല്ലാം ഇടമുറപ്പിച്ച പട്ടികയിലാണ് ഏറ്റവും പ്രായം കൂടിയ ആളായി ഈ ഇല്ലായ്മക്കാരിയും ഉള്‍പ്പെട്ടത്. ഇന്ത്യയില്‍നിന്ന് മഹാരാഷ്ട്രയിലെ 20കാരിയായ ഗൗരി ചിന്ദാര്‍കര്‍, ചെന്നൈയിലെ ട്രാക്റ്റേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്‍റ്സ് ലിമിറ്റഡ് സി.ഇ.ഒ മല്ലിക ശ്രീനിവാസന്‍, മുംബൈ സ്വദേശിനിയായ നടിയും എഴുത്തുകാരിയുമായ നേഹ സിങ് എന്നിവരും പട്ടികയില്‍ ഇടം നേടിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇവര്‍തന്നെ.
സര്‍ക്കാറിന്‍െറ കൂട്ടും കലഹവും
സാലുമരാടയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണ ലഭിച്ചു. 2014ല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് അഞ്ച് വര്‍ഷത്തിനകം 3000 കി.മീറ്റര്‍ ഭാഗത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ‘സാലുമരാട തിമ്മക്ക ഷെയ്ഡ് പ്ലാന്‍’ എന്ന പദ്ധതി ആവിഷ്കരിച്ചു. ഇവരെക്കുറിച്ചെഴുതിയ കവിത കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സി.ബി.എസ്.ഇ ടെക്സ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തി. കര്‍ണാടക സര്‍ക്കാറിന്‍െറ സാക്ഷരതാ പദ്ധതിയില്‍ ഇവരെ കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 12ാം ക്ളാസ് വിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റിലും ഇവരുടെ അതുല്യ ജീവിതകഥ ഇടം നേടി.

എന്നാല്‍, തന്‍െറ നാട്ടില്‍ ആശുപത്രി പണിതുനല്‍കാനുള്ള ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചപ്പോള്‍ നല്‍കിയ അവാര്‍ഡുകളെല്ലാം തിരിച്ചുനല്‍കുമെന്ന ഭീഷണിയുമായും ഇവര്‍ രംഗത്തെത്തി. കണ്ണടയുന്നതിന് മുമ്പ് ഇത് യാഥാര്‍ഥ്യമാകണേയെന്ന പ്രാര്‍ഥനയിലാണ് ഇവര്‍. സൗജന്യ ബസ് പാസിന് വേണ്ടിയും ഇവര്‍ ഏറെ വാതിലുകള്‍ മുട്ടി. അനുമതിയില്ലാതെ തന്‍െറ പേരില്‍ സംഘടനയുണ്ടാക്കി 14 വര്‍ഷം അനധികൃതമായി സംഭാവനകള്‍ വാങ്ങിക്കൂട്ടിയതിന് വിദേശ ഇന്ത്യക്കാരനെതിരെ കോടതി കയറാനും തിമ്മക്ക മടിച്ചില്ല.
അമ്മയുടെ പാതയിലെ വളര്‍ത്തുമകന്‍
സാലുമരാടയുടെ വളര്‍ത്തുമകന്‍ ബി.എന്‍. ഉമേഷ് ഭൂമിയെ സംരക്ഷിക്കുക എന്നര്‍ഥം വരുന്ന ‘പൃഥ്വി ബചാവോ’എന്ന പ്രസ്ഥാനവുമായി അമ്മയുടെ പാത പിന്തുടരുന്നു. റോഡരികിലും പൊതുസ്ഥലങ്ങളിലും മരങ്ങള്‍ നട്ടും വൃക്ഷത്തൈകളുടെ നഴ്സറി നടത്തിയും മരം നടുന്നതില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അവ നല്‍കിയുമെല്ലാം ഉമേഷ് പരിസ്ഥിതിക്ക് കൂട്ടിനുണ്ട്. അഞ്ച് ലക്ഷത്തിലധികം തൈകളാണ് ഇദ്ദേഹം വിതരണം ചെയ്തത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസുകളെടുക്കാനും മുന്നിട്ടിറങ്ങുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ രാഷ്ട്രീയ യുവ സാധക പുരസ്കാരവും കര്‍ണാടക സ്റ്റേറ്റ് എന്‍വയണ്‍മെന്‍റ് അവാര്‍ഡും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും തേടിയെത്തി.

സാലുമരാട ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ അവസരങ്ങളൊരുക്കുന്നതിനും ചികിത്സാ സഹായം നല്‍കുന്നതിനും നിര്‍ധനര്‍ക്ക് താങ്ങാവുന്നതിനും വേണ്ടി 2014 ഫെബ്രുവരിയില്‍ ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടങ്ങിയതാണ് ‘സാലുമരാട ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍’. സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് ഈ ട്രസ്റ്റിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 30 സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡും സമ്മാനിച്ചു. 2016-17ല്‍ ദേശീയ-അന്തര്‍ദേശീയ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ‘സാലുമരാട തിമ്മക്ക ഗ്രീനറി അവാര്‍ഡ്’ നല്‍കുന്നുണ്ട്. ഉമേഷിന്‍െറ നേതൃത്വത്തില്‍ സൗജന്യമായി തൈവിതരണവും പരിസ്ഥിതി അവബോധ ക്ലാസുകളുമെല്ലാം നടത്തിവരുന്നു. സാലുമരാടയോടുള്ള ആദരസൂചകമായി പരിസ്ഥിതി മ്യൂസിയം സ്ഥാപിക്കലും ജീവചരിത്ര രചനയുമെല്ലാം ഇവര്‍ ലക്ഷ്യമിടുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ദേശീയ-അന്തര്‍ദേശീയ സെമിനാറുകളും നടത്തുന്നു.
പുരസ്കാര പ്രവാഹം
നാഷനല്‍ സിറ്റിസണ്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നൂറിലധികം പുരസ്കാരങ്ങളാണ് സാലുമരാടയെ തേടിയെത്തിയത്. ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, ഹംപി യൂനിവേഴ്സിറ്റിയുടെ നടോജ അവാര്‍ഡ്, കര്‍ണാടക വിമന്‍ ആന്‍ഡ് ചൈല്‍ഡ്വെല്‍ഫെയര്‍ വകുപ്പിന്‍െറ പ്രശസ്തിപത്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അഭിനന്ദനപത്രം, കര്‍ണാടക കല്‍പവല്ലി അവാര്‍ഡ്, ഗോഡ്ഫ്രെ ഫിലിപ്സ് ബ്രേവറി അവാര്‍ഡ്, കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, ഗ്രീന്‍ മദര്‍ അവാര്‍ഡ്, മദര്‍ ഓഫ് ട്രീ അവാര്‍ഡ്, ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ്, ഗ്രീന്‍ ഇന്ത്യ പുരസ്കാരം, സി.എം.എസ്.ബി ദേശീയ പുരസ്കാരം എന്നിങ്ങനെ അംഗീകാരങ്ങളുടെ ഒഴുക്കായിരുന്നു. എന്നാല്‍, ഈ പുരസ്കാരങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം പോലും ഇവരുടെ കൊച്ചുവീട്ടില്‍ ഉണ്ടായിരുന്നില്ല. നിരക്ഷരയായ കുഗ്രാമക്കാരിയുടെ പ്രവര്‍ത്തനങ്ങളും പുരസ്കാര നേട്ടങ്ങളും മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

പ്രായത്തിന്‍െറ അവശതക്കിടയിലും ഈ പരിസ്ഥിതി പ്രവര്‍ത്തക കര്‍മനിരതയാണ്. ആകെയുള്ള വരുമാനം സര്‍ക്കാറിന്‍െറ 500 രൂപ പെന്‍ഷനാണെങ്കിലും തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്ന് കലവറയില്ലാത്ത പിന്തുണ ലഭിക്കുന്നുണ്ടെന്നും താന്‍ നട്ട മരങ്ങള്‍ പകര്‍ന്ന തണലും ശുദ്ധവായുവും ആരെങ്കിലും നന്ദിയോടെ സ്മരിക്കുന്നെങ്കില്‍ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നും ഇവര്‍ പറയുന്നു. ചരിത്രത്തില്‍ സാലുമരാടയെന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ പേര് കുറിച്ചിടാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ടാകും. അവര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ വികസനത്തിന്‍െറ പേരില്‍ മുറിച്ചിടാനും ആളുണ്ടാകും. എന്നാല്‍, ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്‍െറ തെളിവായി അവര്‍ ചെയ്ത നന്മകളുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.