പഠനത്തിലും കലയിലും ഒരുപോലെ മികവ്; ഇരട്ടക്കുരുന്നുകളുമായി സനദ് വേദിയിൽ ബീഗം സിത്താര
text_fieldsദേശമംഗലം മലബാർ എൻജിനീയറിങ് കോളജിൽ നടന്ന ബിരുദദാനച്ചടങ്ങിൽ ബീഗം കെ. സിത്താരക്ക് കോളജ് ചെയർമാനും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനുമായ കെ.എസ്. ഹംസ സനദ് നൽകുന്നു
ചെറുതുരുത്തി: പഠനത്തിലും കലയിലും ഒരുപോലെ മികവ് തെളിയിച്ച് ഇരട്ടക്കുരുന്നുകളുമായി സനദ് വേദിയിൽ തിളങ്ങി ബീഗം സിത്താര സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിൽ നടന്ന നെക്സോറ 2026 ബിരുദദാനച്ചടങ്ങിലാണ് ഗായിക ബീഗം കെ. സിത്താര സനദ് ഏറ്റുവാങ്ങാൻ കുരുന്ന് മക്കളുടെ കൈപിടിച്ചെത്തിയത്.
ബി.ടെക്, എം.ടെക് ബിരുദങ്ങൾ ഏറ്റുവാങ്ങാൻ നൂറുകണക്കിന് വിദ്യാർഥികളും സാക്ഷികളായി രക്ഷിതാക്കളും ഒത്തുചേർന്ന ചടങ്ങിന്റെ ഉദ്ഘാടനവും സനദ് വിതരണവും കോളജ് ചെയർമാനും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനുമായ കെ.എസ്. ഹംസയാണ് നിർവഹിച്ചത്.
ഇരട്ടക്കുരുന്നുകളായ കിയാൻ ഫസ്‌ലി, ലഹാൻ ഫസ്‌ലി എന്നിവരുടെ കൂടെയാണ് എം.ടെക് ബിരുദം സ്വീകരിക്കാൻ സിത്താര എത്തിയത്. പരിസ്ഥിതി എൻജിനീയറിങ്ങിൽ ഉന്നതപഠനം പൂർത്തിയാക്കിയ സിത്താരയുടെ നേട്ടത്തിന് ഇരട്ടിമധുരമേകിയത് കുഞ്ഞുങ്ങളുടെ സാന്നിധ്യമായിരുന്നു. തുടർച്ചയായി അഞ്ചുവർഷം മാപ്പിളപ്പാട്ടിൽ സംസ്ഥാനതല ജേതാവായ സിത്താര പട്ടുറുമാൽ, ജയ്‌ഹിന്ദ് ടി.വി തുടങ്ങിയ പരിപാടികളിലൂടെയും ശ്രദ്ധേയയായി.
പാട്ടിന്റെ ഈണവും പഠനത്തിന്റെ ഗൗരവവും ഒരുപോലെ ഹൃദയത്തോട് ചേർത്തുവെച്ച സിത്താരക്ക് എം.ടെക് ബിരുദം മറ്റൊരു പൊൻതൂവലാണ്. ഗെസ്റ്റ് ലെക്ചറർ ആയി പുല്ലാനൂർ, എരുമപ്പെട്ടി, ദേശമംഗലം എന്നീ ഗവ. ഐ.ടി.ഐകളിയിൽ ജോലി ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി കളത്തിങ്ങൽ വീരാൻകുട്ടി-അധ്യാപിക എം. സുബൈദ ദമ്പതികളുടെ മകളാണ്. ബിസിനസുകാരനായ വണ്ടൂർ സ്വദേശി ഇ.പി. ഫാസിലാണ് ഭർത്താവ്. ഏകദേശം മൂന്നു വർഷം മുമ്പ് എൻജിനീയറിങ് കോളജിൽ പ്രഫസർ അനിതയുടെ കീഴിലായിരുന്നു പഠനം. ഇതിനിടയിൽ രണ്ട് ഇരട്ടക്കുരുന്നുകളെ പ്രസവിച്ചു.
മാപ്പിളപ്പാട്ട് പാടാൻ വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോക്ക് പോവുകയും ചെയ്തിരുന്നു. വളരെ സാഹസം നിറഞ്ഞ അവസ്ഥയിലായിരുന്നു പഠനം. ഇനിയും പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ബീഗം സിത്താരയെ അവസാനമായി സ്റ്റേജിൽ പാട്ടുപാടിച്ച് സദസ്സിന്റെ നീണ്ട കൈയടികൾ നൽകിയാണ് യാത്രയാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

