ഡ്രൈവിങ് സീറ്റിൽ ഉദയയാണ് താരം
text_fieldsകേരള-കർണാടക അന്തർ സംസ്ഥാന പാതയിലെ ബസ് ഡ്രൈവർ ഉദയ
ഇരിട്ടി: കേരള-കർണാടക അന്തർ സംസ്ഥാന പാതയിൽ സർവിസ് നടത്തുന്ന ക്ലാസിക് ബസിന്റെ വളയം ഉദയയുടെ കൈയിൽ ഭദ്രമാണ്. കൊടിയ വളവുകളും മാക്കൂട്ടം ചുരവും താഴ്ചയും നിറഞ്ഞ പാതയിൽ അനായാസമായി അവൾ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. അന്തർ സംസ്ഥാന പാതയിൽ സർവിസ് നടത്തുന്ന ബസ് ഓടിക്കുന്ന ആദ്യ വനിതയാണ് മട്ടന്നൂർ മണ്ണൂർ സ്വദേശി ഉദയ. ചെറുപ്പം മുതൽ ഡ്രൈവിങ്ങിനോട് ഉദയക്ക് താൽപര്യമുണ്ടായിരുന്നു.
ആദ്യം കാറും പിന്നീട് ലോറിയും ഓടിച്ചപ്പോൾ ബസ് ഓടിക്കാനും അവസരം ലഭിച്ചു. ഇപ്പോൾ ഏറ്റവും ഇഷ്ടം ബസ് ഓടിക്കാനാണെന്നാണ് ഉദയ പറയുന്നത്.
നേരത്തെ വാണിയപ്പാറ, തില്ലങ്കേരി റൂട്ടിൽ ബസുകൾ ഓടിച്ചിരുന്നു. ഇപ്പോൾ കണ്ണൂർ-മടിക്കേരി, തലശ്ശേരി-മടിക്കേരി റൂട്ടിലോടുന്ന ക്ലാസിക് ബസാണ് ഓടിക്കുന്നത്. മട്ടന്നൂർ കീച്ചേരി സ്വദേശിയായ ഡ്രൈവർ മഷൂദാണ് അന്തർ സംസ്ഥാന പാതയിൽ ബസ് ഓടിക്കാനുള്ള അവസരം ഒരുക്കിയത്. കർണാടകയിൽ വനിത ബസ് ഡ്രൈവർ കുറവാണ്. അതുകൊണ്ടുതന്നെ കർണാടകയിലെ യാത്രക്കാരും നാട്ടുകാരും വനിത ബസ് ഡ്രൈവറെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കരാട്ടേ ബ്ലാക്ക് ബെൽറ്റ് കൂടിയായ ഉദയ മണ്ണൂരിൽ കരാട്ടേ പരിശീലക കൂടിയാണ്. ദേശീയതലത്തിൽ ഗോൾഡ് മെഡൽ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പി.എസ്.സി പരീക്ഷക്കായുള്ള പരിശീലനത്തിലാണ്. പി.എസ്.സി ക്ലാസിന് പോകുമ്പോൾ ലഭിക്കുന്ന ഒഴിവുസമയങ്ങളിലാണ് ബസ് ഡ്രൈവറായി എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.