ജില്ല പഞ്ചായത്ത് അത്താണി ഡിവിഷൻ; അങ്കത്തട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാർ നേർക്കുനേർ
text_fieldsശ്രീദേവി മധു (യു.ഡി.എഫ്), എൻ.സി. ഉഷാകുമാരി (എൽ.ഡി.എഫ്), സി.വി. വിദ്യ (എൻ.ഡി.എ)
അത്താണി: മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ തമ്മിലാണ് ജില്ല പഞ്ചായത്ത് അത്താണി ഡിവിഷനിൽ ഇത്തവണ പ്രധാന പോരാട്ടം. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വാപ്പാലശ്ശേരി, ശ്രീമൂലനഗരം വെസ്റ്റ്, ശ്രീഭൂതപുരം, ചൊവ്വര, ദേശം, അത്താണി, ചെങ്ങമനാട്, കുറ്റിപ്പുഴ ഡിവിഷനുകൾ ഉൾപ്പെട്ടതാണ് അത്താണി ഡിവിഷൻ. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ചെങ്ങമനാട് പഞ്ചായത്തിലെ മുൻ പ്രസിഡന്‍റായിരുന്ന ശ്രീദേവി മധുവും, എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ശ്രീമൂലനഗരം പഞ്ചായത്തിലെ മുൻ പ്രസിഡന്‍റായിരുന്ന എൻ.സി. ഉഷാകുമാരിയുമാണ്.
ഇരുവരും കന്നി അങ്കത്തിൽ തന്നെ വിജയിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റാവുകയും ചെയ്തവരാണ്. ചെങ്ങമനാട് ദേശം കുന്നുംപുറം ‘അനഘ’യിൽ റിട്ട. പ്രോസസ് എൻജിനീയർ ബി. മധുസൂദനന്‍റെ ഭാര്യയായ ശ്രീദേവി മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയാണ്. മഹിള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമായിരുന്നു. എൻ.എസ്.എസ് ദേശം കുന്നുംപുറം വനിത സമാജം പ്രസിഡന്‍റും, എൻ.എസ്.എസ് ആലുവ താലൂക്ക് യൂനിയൻ പ്രതിനിധിയുമാണ്. അഞ്ച് വർഷത്തോളം പ്രദേശത്തെ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റുമായിരുന്നു. എം.ബി.എ ബിരുദധാരിണിയായ ശ്രീദേവി വീടിനോട് ചേർന്ന് വർഷങ്ങളായി ട്യൂഷൻ സെന്‍ററും നടത്തിവരുകയാണ്.
ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അംഗമായി കാൽനൂറ്റാണ്ടിലേക്ക് പ്രവേശിച്ച ഉഷാകുമാരി സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്. മൂവാറ്റുപുഴ ടീച്ചേഴ്സ് ട്രെയ്‌നിങ് കോളജിൽ വിദ്യാർഥി ആയിരിക്കെയാണ് പഞ്ചായത്തിന്‍റെ ഭരണ നേതൃനിരയിലെത്തിയത്. എം.എ- ബി.എഡ് ബിരുദധാരിയാണ്. നാല് വാർഡുകളിലും മാറി മാറി മത്സരിച്ചുവെങ്കിലും ഒരിടത്തും പരാജയമുണ്ടായില്ല. നിലവിൽ പഞ്ചായത്തിലെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡറും, ക്ഷേമകാര്യ സ്‌ഥിര സമിതി അധ്യക്ഷയുമാണ്. പഞ്ചായത്ത് അംഗമായിരിക്കെ അഞ്ച് വർഷം ശ്രീമൂലനഗരം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റും, ആലുവ സർക്കിൾ സഹകരണ യൂനിയൻ അംഗവുമായിരുന്നു.
കർഷക തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റും, സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല ജോ. സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഇരുമുന്നണികളെയും പ്രതിരോധിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി അഭിഭാഷകയായ സി.വി. വിദ്യയാണ്. ചെങ്ങമനാട് കുളവൻകുന്ന് ആട്ടാംപറമ്പിൽ കുടുംബാംഗം സജുവിന്‍റെ ഭാര്യയും, ചെഞ്ചേരിപ്പറമ്പിൽ വേണു-നിർമല ദമ്പതികളുടെ മകളുമാണ്. 15 വർഷമായി അഭിഭാഷകവൃത്തിയിലുള്ള വിദ്യ എം.ബി.എ ബിരുദധാരിയാണ്. 2010ൽ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലെ കുളവൻകുന്ന് രണ്ടാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

