പൊന്നാനി ഡിപ്പോയില്‍നിന്ന് ഹെവി ലൈസന്‍സ് എടുക്കുന്ന ആദ്യ വനിത ആര്യനന്ദ
text_fieldsആര്യനന്ദ
പൊന്നാനി: കുഞ്ഞുനാളിൽ ഫസ്റ്റ് ഗിയറിട്ടപ്പോഴുള്ള മോഹമാണ് ആര്യനന്ദക്ക് കെ.എസ്.ആര്.ടി.സി ബസിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കണമെന്നത്. എന്നാല്‍, അത് ഇത്ര പെട്ടെന്ന് സാധിച്ചെടുക്കാന്‍ പറ്റുമെന്ന് ആര്യനന്ദ കരുതിയില്ല. സംസ്ഥാന ഗതാഗത വകുപ്പ് കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആര്യനന്ദയെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിച്ചത്. തൃപ്രങ്ങോട് സ്വദേശിനിയായ ആര്യനന്ദയുടെ അച്ഛന് പ്രസന്നകുമാര്‍ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറായിരുന്നു. കുഞ്ഞുനാളില്‍ അച്ഛന് ബസ് ഓടിക്കുന്നത് കണ്ട് തനിക്കും ആ വളയത്തില്‍ ദൂരങ്ങള്‍ താണ്ടണമെന്ന് സ്വപ്നം കണ്ടിരുന്നു.
അങ്ങനെയിരിക്കെ സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രത്തില്‍നിന്ന് ടു വീലര്‍, ഫോര്‍ വീലര്‍ പഠിക്കുകയും ലൈസന്‍സ് എടുക്കുകയും ചെയ്തു. പൊന്നാനി എം.ഐ ബി.എഡ് ട്രെയ്നിങ് കോളജില്‍ പഠിക്കുന്നതിനിടെയാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നില്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട് എന്ന ബോര്‍ഡ് കാണുന്നത്. കുട്ടിക്കാലത്ത് നാമ്പിട്ട മോഹം സാക്ഷാത്കരിക്കുന്നതിന്റെ വാതിലാണ് തുറന്ന് കിടക്കുന്നതെന്ന് ആര്യനന്ദക്ക് മനസ്സിലായി. അമ്മയുടെ പിന്തുണ കൂടിയായതോടെ ഡ്രൈവിങ് ക്ലാസില്‍ ചേർന്നു. തിയറി ക്ലാസുകള്‍ അടക്കം ഉള്‍പ്പെടുന്ന ഒരു മാസത്തെ പരിശീലനശേഷം ഏതാനും ദിവസം മുമ്പ് നടന്ന ടെസ്റ്റില്‍ പാസാവുകയും അധികം വൈകാതെ ലൈസന്‍സ് നേടുകയും ചെയ്തു.
അങ്ങനെ പൊന്നാനി ഡിപ്പോയില്‍നിന്ന് ഹെവി ലൈസന്‍സ് എടുക്കുന്ന ആദ്യ വനിതയായി ആര്യനന്ദ മാറി. കെ.എസ്.ആർ.ടി.സി ബസ് ഓടിക്കണമെന്ന ആഗ്രഹവും ഡ്രൈവിങ് ക്ലാസില്‍ സമ്പൂര്‍ണമായി. ‘പുറത്തെ സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കെ.എസ്.ആർ.ടി.സി നല്‍കിവരുന്ന പരിശീലനം എത്രയോ മികച്ചതാണ്. കൂടാതെ വലിയ പണച്ചെലവും ഇല്ല. ഫസ്റ്റ് എയ്ഡിനും വാഹനങ്ങളുടെ മറ്റു വിഷയങ്ങളുമായും ബന്ധപ്പെട്ട് തരുന്ന തിയറി ക്ലാസുകള്‍ മികച്ച അവബോധമാണ് ഉണ്ടാക്കിയെടുത്തത്.
ഇന്‍സ്ട്രക്ടര്‍മാരുടെ സമ്പൂര്‍ണമായ സഹകരണം തന്റെ വിജയത്തിന് പിന്തുണയായതായി ആര്യനന്ദ പറയുന്നു. ചെറിയ പറപ്പൂര് എ.എം.എല്‍.പി സ്കൂള്‍ അധ്യാപിക പ്രസീനയാണ് മാതാവ്. സഹോദരന് ശരത്ത് മിലിട്ടറിയിലാണ്. മകളുടെ ഈ നേട്ടം നേരിട്ട് കാണാന്‍ സാധിക്കാതെ കഴിഞ്ഞവര്‍ഷം ജനുവരി 14നാണ് പ്രസന്നകുമാര്‍ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.