രോഷ്നിയുടെ ‘കിങ് കോബ്ര’ ഓപറേഷൻ; ഭാഷകൾ കടന്ന് വൈറൽ വിഡിയോ കണ്ടത് ലക്ഷങ്ങൾ
text_fieldsരാജവെമ്പാല പിടികൂടുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്. രോഷ്നി
തിരുവനന്തപുരം: വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്. രോഷ്നിയുടെ രാജവെമ്പാല പിടികൂടൽ 24 മണിക്കൂറിൽ കണ്ടത് ലക്ഷക്കണക്കിന് പേർ. വൈറലായ വിഡിയോ കേരളത്തിനകത്തും പുറത്തും മറ്റിതര ഭാഷകളിലും ആരാധകരുടെ കൈയ്യടി നേടി മുന്നേറുകയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി ഇതരഭാഷകളിലെ വാർത്താ ചാനലുകളിൽ പോലും വിഡിയോ വൈറലാണ് ഇപ്പോൾ. ഒരിടവേളക്ക് ശേഷം മലയാളത്തിലും പ്രധാന വാർത്താ ചാനലുകളും മറ്റ് ഓൺലൈൻ മാധ്യമങ്ങളും രോഷ്നിയുടെ ഇന്‍റർവ്യൂവും തരപ്പെടുത്തിയിട്ടുണ്ട്. ഇന്‍റർവ്യൂകളും കാഴ്ചക്കാരെ കൊണ്ട് നിറയുകയാണ്.
ഞായറാഴ്ച വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്‌ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍മൂടിയില്‍ നിന്നാണ് റോഷ്‌നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. മൂർഖൻ, ശംഖുവരയൻ, അണലി തുടങ്ങി വിഷപാമ്പുകളെയും നൂറിലധികം പെരുമ്പാമ്പുകളെയും പിടികൂടിയിട്ടുള്ള രോഷ്നി ഇതാദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. അതും കൂറ്റൻ രാജവെമ്പാലയെ. പരുത്തിപ്പള്ളി റേഞ്ചിലെ റാപ്പിഡ് റസ്പോൺസ് ടീം അംഗമായ രോഷ്നി വനം വകുപ്പിന്‍റെ സ്നേക്ക് ക്യാച്ചറാണ്.
പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉൾവനത്തിൽ വിടാമെന്ന് വനം വകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റോഷ്‌നി പറഞ്ഞു. ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്നാണ് ഞായറാഴ്ച അറിയിപ്പ് ലഭിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തി. രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണ്. എന്റെയും വലിയ ആഗ്രഹമായിരുന്നു. അതു സാധിച്ചതില്‍ സന്തോഷമുണ്ട്. പേടിയൊന്നും തോന്നിയില്ല. പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ല. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ട്.
അതൊക്കെ മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിച്ചത്. ഇതിലും അക്രമകാരിയാണ് അണലി. വനം വകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തത്. എന്നെക്കൊണ്ടു കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കൊക്കെ പേടിയുണ്ട്. പാമ്പുകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ വളന്റിയേഴ്‌സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ വനം വകുപ്പിന് കഴിയുന്നുണ്ടെന്നും റോഷ്‌നി വ്യക്തമാക്കി.
പാമ്പ് പിടിക്കുന്നതിനിടെ നിരവധിയാളുകൾ കടിയേറ്റ് മരിക്കാനിടയാകുന്നതും പിടിക്കുന്ന പാമ്പുകൾ ചത്തുപോകാനും മറ്റും സാഹചര്യം വന്നതോടെയാണ് ശാസ്ത്രീയമായി എങ്ങനെ പാമ്പുകളെ പിടിക്കാം എന്ന് വനം വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തത്. അങ്ങനെയാണ് തുടർന്നുവന്ന രീതികൾ അപ്പാടെ മാറ്റി ശാസ്ത്രീയമായ രീതിയിൽ പാമ്പുപിടിത്തം വനം വകുപ്പ് ആവിഷ്കരിച്ചത്. അതിന്‍റെ അടിസ്ഥാനത്തിൽ പരിശീലനവും നൽകി അംഗീകൃത വളന്‍റിയർമാർക്ക് വനം വകുപ്പ് ലൈസൻസും നൽകിയത്. അത്തരത്തിൽ പരിശീലനം നേടിയ ആളാണ് രോഷ്നി.
ശാസ്ത്രീയമായ രീതിയിൽ എങ്ങനെ പാമ്പുകളെ പിടിക്കാം എന്ന് സമൂഹത്തിന് കാട്ടിക്കൊടുത്തത് ഒരു പക്ഷെ മൂന്നു വർഷം മുമ്പ് ഒരു പറമ്പിൽ നിന്ന് രോഷ്നി മൂർഖനെ പിടികൂന്ന വിഡിയോ ആയിരുന്നു. അത് ഏറെ വൈറലായി. അതിനുശേഷം പടിപടിയായി രോഷ്നിയുടെ ദൗത്യം മുന്നേറുകയായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത് പ്രതിസന്ധിഘട്ടത്തിലും സധൈര്യം ഇറങ്ങി പാമ്പുകളെ രോഷ്നി പിടികൂടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.