അവസാനമായി ഒറ്റക്ക് പോയത് അലാസ്കയിൽ; 81ാം വയസിലും ബിസിനസും യാത്രയും തുടരുന്ന ദാദിക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
text_fieldsപ്രായം ജീവിതത്തിന്റെ വേഗം കുറയ്ക്കില്ലെന്ന് തെളിയിക്കുകയാണ് ഗുരുഗ്രാമിൽനിന്നുള്ള 81കാരി. ലോകം ചുറ്റാനുള്ള ആഗ്രഹവും ജോലി ചെയ്യാനുള്ള ആവേശവും ഇന്നും അതേപടി നിലനിർത്തുന്ന വയോധിക ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചോദനമായി മാറിയിരിക്കുകയാണ്. 81-ാം വയസ്സിലും സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് ജീവിച്ച് യാത്രകൾ നടത്തി ബിസിനസ് നോക്കി നടത്തുന്ന വയോധികയുടെ ജീവിതകഥയാണ് ഇപ്പോൾ വൈറലാകുന്നത്. ഗുരുഗ്രാം സ്വദേശിനിയായ സംരംഭകയായ മെഹർ തൂർ പങ്കുവെച്ച ഇൻസ്റ്റഗ്രാം വിഡിയോയിൽ തന്റെ 81 വയസ്സുള്ള മുത്തശ്ശിയെ പരിചയപ്പെടുത്തിയതിന് പിന്നാലെയാണ് വയോധിക ശ്രദ്ധ നേടിയത്.
81 വയസ്സിലും ബിസിനസ് നടത്തുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന തന്റെ മുത്തശ്ശിയെ ഏറെ ആവേശത്തോടെ മെഹർ പരിചയപ്പെടുത്തുകയും ചെയ്തു. വിഡിയോയിൽ മെഹർ മുത്തശ്ശിയുമായി നടത്തിയ ലളിതമായ സംഭാഷണമാണ് ശ്രദ്ധ നേടിയത്. ‘എന്റെ 81 വയസ്സുള്ള മുത്തശ്ശിയെ പരിചയപ്പെടുത്തുന്നു. അവർ ഒരു ബിസിനസ് വനിതയാണ്, ഇപ്പോഴും യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്തുണ്ട് ദാദി?’ എന്ന് മെഹർ ചോദിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. അടുത്തിടെ നടത്തിയ യാത്രകളെക്കുറിച്ച് ചോദിച്ചപ്പോൾ, അലാസ്കയിലേക്ക് ക്രൂസ് യാത്ര പോയിരുന്നുവെന്നും യാത്ര ഏറെ ആസ്വദിച്ചുവെന്നും മുത്തശ്ശി പറഞ്ഞു. ഈ പ്രായത്തിലും എവിടേക്കും പോകാൻ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി. 22കാരിയെപ്പോലെയാണ് മുത്തശ്ശി എന്ന് മെഹർ പറഞ്ഞു. യുവതലമുറയ്ക്ക് നൽകാനുള്ള ഉപദേശം എന്താണെന്നും ചോദിച്ചപ്പോൾ ജീവിതം ആസ്വദിക്കണമെന്നും, കഠിനാധ്വാനം ചെയ്യണമെന്നും, നല്ല ഭക്ഷണം കഴിക്കണമെന്നും അതോടൊപ്പം സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നുമാണ് വയോധിക മറുപടി നൽകിയത്. മെഹറിന്റെ വിഡിയോക്ക് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ഈ പ്രായത്തിലും ജീവിതം ഇത്രയും ആവേശത്തോടെ സമീപിക്കുന്ന വയോധികയുടെ ആത്മവിശ്വാസത്തെയും ഊർജത്തെയും അവർ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

