ചരിത്രമെഴുതി ഹുദ അൽ മുസല്ലമി
text_fieldsദുബൈ: യു.എ.ഇയിലെ ആദ്യത്തെ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഇത്തിഹാദ് എയർവേയ്‌സിലെ ക്യാപ്റ്റൻ ഹുദാ അൽ മുസല്ലമി, ചുമതലയേറ്റു. യു.എ.ഇ വ്യോമയാന മേഖലയിലെ വനിതാ മുന്നേറ്റത്തിൽ പുതിയ ചരിത്രമാണിത്. രാജ്യത്തെ എമിറാത്തി വനിതാ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് കമ്പനി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. പൈലറ്റുമാർക്ക് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും പ്രൊഫഷനലിസവും ഉറപ്പാക്കി അവരെ പരിശീലിപ്പിക്കുകയാണ് ഇനി ഇവരുടെ പ്രധാന ചുമതല.
വ്യോമയാന രംഗത്ത് 20 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഹുദാ അൽ മുസല്ലമി, 2003ലാണ് കരിയർ ആരംഭിച്ചത്. 2014ൽ ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഭാഗമായ ഇവർ, 2023ൽ ക്യാപ്റ്റനായും 2026ൽ ടൈപ്പ് റേറ്റിങ് ഇൻസ്ട്രക്ടറായും ഉയർന്നു. എയർബസ് എ330, എ340, ബോയിങ് 777 തുടങ്ങിയ പ്രമുഖ വിമാനങ്ങൾ പറത്തിയിട്ടുണ്ട് ഹുദാ അൽ മുസല്ലമി. ബോയിങ് 787 വിമാനങ്ങളിൽ ഇവർക്ക് പതിനായിരത്തിലധികം മണിക്കൂറുകളുടെ യാത്രാ പരിചയമുണ്ട്.ആദ്യത്തെ വനിതാ ട്രെയിനിങ് ക്യാപ്റ്റൻ എന്നത് വ്യക്തിപരമായ നേട്ടം മാത്രമല്ല, വരുംതലമുറയിലെ കൂടുതൽ എമിറാത്തി സ്ത്രീകൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള പ്രചോദനമാകുമെന്ന് അവർ പ്രത്യാശിച്ചു. പുതിയ പദവിയിലൂടെ വിവിധ രാജ്യക്കാരായ പൈലറ്റുമാർക്ക് പരിശീലനം നൽകി വാർത്തെടുക്കുന്നത് അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയുമാണ് നോക്കിക്കാണുന്നതെന്നും ഹുദ വ്യക്തമാക്കി.
എമിറാത്തി വനിതകളുടെ കഴിവുകളെയും നിശ്ചയദാർഢ്യത്തെയും പിന്തുണക്കുന്ന യു.എ.ഇ ഭരണകൂടത്തിന്‍റെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇത്തിഹാദ് എയർവേയ്‌സ് ചീഫ് പീപ്പിൾ, ഗവൺമെന്‍റ് ആൻഡ് കോർപറേറ്റ് അഫയേഴ്‌സ് ഓഫിസർ ഡോ. നാദിയ ബസ്തക്കി പറഞ്ഞു. നിലവിൽ ഇത്തിഹാദ് എയർവേയ്‌സിൽ ജോലി ചെയ്യുന്ന മൊത്തം യു.എ.ഇ പൗരന്മാരിൽ 75 ശതമാനവും എമിറാത്തി വനിതകളാണ്. അത്യാധുനിക വ്യോമയാന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇനിയും ശക്തമാക്കുമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

