നാലുപതിറ്റാണ്ടത്തെ രുചിവൈവിധ്യവുമായി കാർത്യായനി പടിയിറങ്ങുന്നു
text_fieldsകാർത്യായനി
ഓമശ്ശേരി: നാലു പതിറ്റാണ്ട് കുട്ടികൾക്ക് ആഹാരം വെച്ചുവിളമ്പിയ അവരുടെ കഞ്ഞിയമ്മ, പ്രിയപ്പെട്ട കാർത്യായനിച്ചേച്ചി 74ാം വയസ്സിൽ കെടയത്തൂർ ഗവ. എൽ.പി സ്കൂളിന്റെ പടിയിറങ്ങുന്നു. 1984ൽ പ്രധാനാധ്യാപകനായിരുന്ന വർഗീസ് മാത്യുവാണ് പാചകത്തൊഴിലാളിയായി നിയമിച്ചത്. അന്നുമുതൽ ഒരു ദിവസം പോലും മുടങ്ങാതെ കുട്ടികളെ ഊട്ടി. അത് ഒരു നിയോഗംപോലെ അവർ കൊണ്ടുനടന്നു.
അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ഉള്ള കാലത്ത് കിട്ടുന്നതെല്ലാം കുട്ടികൾക്ക് അമൃതായിരുന്നു. ഇന്നത്തെ പോലെ പാകം ചെയ്യാൻ സൗകര്യങ്ങളില്ല. കാലം മാറിയപ്പോൾ പുതുതലമുറയുടെ ഇഷ്ടത്തിനനുസരിച്ച് രുചി പകരാനും അവർക്കായി. കാർത്യായനിച്ചേച്ചി അനുഭവങ്ങളുടെ കലവറയാണ്. കെടയത്തൂരാണ് ജന്മനാട്. ചെറുപ്പത്തിൽ അച്ഛന്റെ ജോലിസ്ഥലമായ കോഴിക്കോട് വലിയങ്ങാടിയിലായിരുന്നു താമസം. കടപ്പുറത്തെ എൽ.പി സ്കൂളിലായിരുന്നു പഠനത്തിന്റെ തുടക്കം.
പിന്നീട് നാട്ടിലേക്ക് പോന്നു. പഠിക്കാൻ മിടുക്കി ആയിരുന്നെങ്കിലും അഞ്ചാം ക്ലാസിൽ പഠനം ഉപക്ഷിക്കേണ്ടിവന്നു. ചെറുപ്പത്തിൽ തന്നെ നന്നായി പാടുന്ന അവർക്ക് സംഗീതം പഠിക്കാൻ അവസരം ലഭിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവർക്ക് ഉചിതമായ യാത്രയയപ്പ് നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തുകാർ. ബുധനാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി പി.ടി.എയും പൗരാവലിയുമാണ് സംഘടിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.