പ്രത്യാശയുടെ പേരാണ് ഹാജറ...
text_fieldsഹാജറ മലപ്പുറം കുടുംബ കൗൺസിലിങ് ക്ലാസിന് നേതൃത്വം നൽകുന്നു
പരപ്പനങ്ങാടി: വിദ്യാർഥികൾ, യുവാക്കൾ, പ്രായമായവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്ന രോഗമാണ് നൈരാശ്യം. അത് വഴിതെളിക്കുന്നത് പലപ്പോഴും ആത്മഹത്യയിലേക്കാകും. ഇത്തരത്തിൽ നിരാശ ബാധിച്ചവർക്ക് പ്രത്യാശയുടെ സന്ദേശം പകരുകയാണ് കുടുംബശ്രീ ജി.ആർ.സി കൗൺസിലർ ഹാജറ മലപ്പുറം.
ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഹാജറ. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും പരപ്പനങ്ങാടി സ്വദേശിയായ ഇവർ ഇതിനകം എണ്ണൂറിലധികം വേദികളിൽ ജീവിതം മടുത്തവർക്ക് മുന്നിൽ പ്രത്യാശയുടെ പുതുകിരണങ്ങൾ പകർന്നുകഴിഞ്ഞു.
കുടുംബശ്രീ വേദികൾക്ക് പുറമെ, സ്കൂളുകൾ, റസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങി ക്ഷണിക്കപെടുന്ന വേദികളിലെല്ലാം ഓടിയെത്തി പ്രതീക്ഷ നഷ്ടപെട്ടവരെ ചേർത്തുപിടിക്കുകയാണ് ഹാജറ. ക്ലാസ് കഴിഞ്ഞാൽ പലരും ഫോൺ നമ്പർ വാങ്ങിപോകുകയും പരിഹാരം തേടി വിളിക്കുകയും ചെയ്യും.
കുടുംബ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, പ്രണയ നൈരാശ്യങ്ങൾ ഇതിനെല്ലാം സ്നേഹമാർന്ന വാക്കുകളിലൂടെയും ഇടപെടലുകളിലൂടെയും ഇവർ പരിഹാരം കാണുന്നു. ഇത്തരം സേവനം പലരിലേക്കും എത്തുന്നില്ല എന്നുള്ളത് സങ്കടകരമാണെന്ന് ഹാജറ പറയുന്നു. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലറും ഒപ്പം മൈനോരിറ്റി ഡിപ്പാർട്മെന്റ് ഓഫ് കേരളയുടെ പ്രീ മാരിറ്റൽ ഫാക്കൽറ്റിയായും ശാസ്ത്ര സാഹിത്യ പരിഷത്ത്, വനിത കമീഷൻ, സിജി തുടങ്ങിയവയിലും ഹാജറ സജീവമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.