60ാം വയസ്സിൽ എസ്.എസ്.എൽ.സി കടമ്പ കടക്കാൻ കുമാരി
text_fieldsകുമാരി
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി. സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന തുല്യത പരീക്ഷയിലൂടെ പത്താം ക്ലാസ് കടമ്പ കടക്കാനുള്ള ഈ തയാറെടുപ്പിലാണിവർ. 1981ൽ എസ്.എസ്.എസ്.എൽ പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിച്ചില്ല. തിരുവനന്തപുരം സ്വദേശിനിയായ കുമാരി വിവാഹ ശേഷമാണ് മഞ്ചേരിയിലെത്തിയത്. ജീവിത പ്രതിസന്ധിക്കിടെ പഠനം തുടരാനായില്ല. എന്നാൽ എസ്.എസ്.എൽ.സി പരീക്ഷ പാസാകാണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു.
പഠനം എന്ന മോഹം മനസ്സിലൊളിപ്പിച്ച് ജീവിതം തള്ളി നീക്കി. പ്രായം ചെന്ന ആളുകൾ തുല്യത പരീക്ഷക്ക് തയാറെടുക്കുന്നത് വാർത്താമാധ്യമങ്ങളിൽനിന്ന് അറിഞ്ഞതോടെ തനിക്കും ഇതും സാധിക്കുമെന്ന് കുമാരിക്ക് ഉറപ്പുണ്ടായി. ഇതോടെ ഈ അധ്യായന വർഷം രജിസ്റ്റർ ചെയ്തു പഠനം ആരംഭിച്ചു. മാസത്തിൽ എല്ലാ ഞായറാഴ്ചയും മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് ക്ലാസ് നടക്കുന്നത്. 60 ലധികം ആളുകൾ ക്ലാസിലുണ്ട്. ഇതിൽ 50 പിന്നിട്ടവരുമുണ്ട്. ഈ വർഷം നടക്കുന്ന പരീക്ഷയിൽ തന്റെ സ്വപ്നം നേടിയെടുക്കാനുള്ള തയാറെടുപ്പിലാണ് കുമാരി. നഗരസഭയുടെ നാലാം വാർഡ് തൊഴിലുറപ്പ് മേറ്റ് കൂടിയാണ് ഇവർ. ഭർത്താവ് രാമൻ, മക്കളായ രാഹുൽ, അഞ്ജു എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.