Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപാടാം ഞാനാ ഗാനം...

പാടാം ഞാനാ ഗാനം...

text_fields
bookmark_border
പാടാം ഞാനാ ഗാനം...
cancel
camera_alt???? ????????

വന്ദനത്തിലെ പ്രശസ്തമായ ‘ലാലാ ലാലാ...’ എന്ന തീം സോങ് മതി മലയാളത്തിന്‍റെ പ്രിയപ്പെട്ട പാട്ടുകാരിയെ ഓര്‍ക്കാന്‍. ഇന്നും  എത്രയെത്ര പേരുടെ മൊബൈലുകളില്‍ ആ തീം സോങ് കേള്‍ക്കുന്നുണ്ടാകും. ആ ഗായികയെ  മലയാളികള്‍ക്ക് മറക്കാനാകുമോ... ചിലമ്പിലെ ‘താരും തളിരും മിഴി പൂട്ടി...’ ശ്രീകൃഷ്ണപ്പരുന്തിലെ  ‘നിലാവിന്‍െറ പൂങ്കാവില്‍...’ അമരത്തിലെ ‘പുലരേ പൂന്തോണിയില്‍...’ വെങ്കലത്തിലെ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരിട്ട...’ തുടങ്ങി എത്ര എത്ര മനോഹരഗാനങ്ങള്‍. മലയാളികളുടെ ചുണ്ടില്‍ ഇന്നും പാടിപ്പോകുന്ന ഗാനങ്ങള്‍. ഈ ഗാനങ്ങള്‍ എങ്ങനെ മലയാളികള്‍ക്ക് മറക്കാനാകും. മലയാളികളുടെ മനസ്സിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു പിടി മനോഹരഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്‍െറ പാട്ടുകാരി  ലതിക ടീച്ചറെ നാം മറന്നു പോകരുത്. മനസ്സില്‍ ഓടിയെത്തുന്ന മനോഹര ഗാനങ്ങള്‍ സംഭാവന നല്‍കിയ ആ ലതിക ടീച്ചര്‍ ഇപ്പോഴും പാടുകയാണ്. അതേ സ്വരത്തില്‍, അതേ ഈണത്തില്‍.

ദാസേട്ടനോടൊപ്പം ആദ്യ ഗാനം...

അഞ്ചാം വയസ്സുമുതലാണ് ലതിക എന്ന ഗായിക പാടിത്തുടങ്ങിയത്. മുന്നൂറിലധികം മലയാളം, തമിഴ് സിനിമകളില്‍  പിന്നണി പാടിയ  പി. ലതിക എന്ന ലതിക ടീച്ചര്‍ക്ക് 16 വയസ്സുള്ളപ്പോഴാണ്  മലയാള ചലച്ചിത്ര പിന്നണിരംഗത്തേക്ക് കടന്നുവന്നത്. 1976  ജൂലൈ 26ന് കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ ‘പുഷ്പതല്പത്തില്‍’ എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. ഗാനഗന്ധര്‍വന്‍ യേശുദാസിനോടൊപ്പമാണ് ആദ്യഗാനം പാടിയത്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങള്‍ ടീച്ചറെ തേടിയത്തെി. കേരളത്തിലും തമിഴ്നാട്ടിലും ആയിരക്കണക്കിന് വേദികളില്‍ ഗാനമേളകള്‍ നടത്തി. ഒരു ഗായിക മാത്രമല്ല എഴുത്തുകാരി കൂടിയാണ്. സംഗീത വിദ്യാര്‍ഥികള്‍ക്കായി രാഗതരംഗിണി എന്ന പേരില്‍ പുസ്തകം രചിച്ചു.അധ്യാപിക വൃത്തിയില്‍നിന്ന് വിരമിച്ചതോടെ പുതിയതലമുറയില്‍ സംഗീതം അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പ്രയോജനമേകുന്ന തരത്തിലുള്ള പുതിയ രചനയിലാണ് ടീച്ചര്‍. സൂര്യഭദ്രം, പി.കെ റോസി തുടങ്ങി ഇനിയിറങ്ങാനുള്ള പുതിയ ചിത്രങ്ങളിലും പാടിയ  ലതിക ടീച്ചര്‍ നിരവധി ഭക്തിഗാന ആല്‍ബങ്ങളിലും പാടുന്നു.

പാട്ടുകളുടെ അരങ്ങേറ്റം...

തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളജ് അധ്യാപികയായിരുന്ന ലതിക ടീച്ചര്‍ കൊല്ലം കടപ്പാക്കടയിലെ പ്രവീണയിലാണ് താമസം. പാട്ടുകാരനും പത്രപ്രവര്‍ത്തകനുമായ മൂത്ത സഹോദരന്‍െറ പ്രവീണ മ്യൂസിക് ക്ലബ് എന്ന ഗാനമേള ട്രൂപ്പിലായിരുന്നു കുട്ടിക്കാലം മുതല്‍ പാട്ടുകളുടെ അരങ്ങേറ്റം. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ഗാനമേളകള്‍. പിന്നീട് സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍ നാടകങ്ങള്‍ക്കു വേണ്ടി ചിട്ടപ്പെടുത്തിയ നിരവധി പാട്ടുകള്‍  ആലപിച്ചു.   പിതാവ് സദാശിവന്‍ ഭാഗവതരായിരുന്നു ആദ്യഗുരു. പിന്നീട് മങ്ങാട് നടേശന്‍ ഭാഗവതരുടെ ശിക്ഷണത്തില്‍ പഠിച്ചു. സഹകരണവകുപ്പില്‍നിന്ന് വിരമിച്ച രാജേന്ദ്രനാണ് ഭര്‍ത്താവ്. ചെന്നൈയില്‍ എം.ബി.എ വിദ്യാര്‍ഥിയായ രാഹുല്‍രാജ് ഏക മകനാണ്.

പുതുതലമുറയിലെ ഗായകരോട്...

ലതിക ടീച്ചര്‍ക്ക് പുതുതലമുറയിലെ ഗായകരോട് പറയാന്‍ ഇത്രമാത്രം. പാട്ടില്‍ മതിമറന്നു പോകരുത് ആരും. അഹങ്കാരവും അത്യാര്‍ത്തിയും പാടില്ല. മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറണം. പുതുതലമുറയില്‍ നിരവധി ഗായകര്‍ വളര്‍ന്നുവരുന്നുണ്ട്. ഇപ്പോഴത്തെ ടെക്നോളജിയും അവര്‍ക്ക് അനുകൂലമാണ്. പക്ഷേ... പഴയ പാട്ടുകളുടെ സൗന്ദര്യം പലരും ഇല്ലാതാക്കുന്നത് വളരെ സങ്കടം തോന്നുന്നു. ജാനകിയമ്മയും ലീല ചേച്ചിയും ചിത്രയും ഞാനും ഒക്കെ പാടിയ പാട്ടുകള്‍ കാലത്തിന്‍െറ  മാറ്റത്തില്‍ മാറിപ്പോകുന്നു. ആ പഴയ ഗാനങ്ങള്‍ കമ്പ്യൂട്ടറില്‍ സെര്‍ച് ചെയ്യാനാകാത്ത നിലയിലാണ്. മറ്റാരൊക്കെയോ പാടിയ പാട്ടുകളാണ് കയറിവരുന്നത്. വളരെ കഷ്ടംതന്നെ, പഴയ ഗാനങ്ങളുടെ ആ ചരിത്രം അവര്‍ക്ക് തന്നെ കൊടുത്തൂടേ... അതിന്‍െറ വരികള്‍ വളച്ചൊടിച്ച് സംഗീതത്തില്‍ മാറ്റംവരുത്തി കൊല്ലാക്കൊല ചെയ്യരുതേ എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ. പുതിയ ഗാനങ്ങള്‍ മനസ്സില്‍നിന്ന് മാഞ്ഞുപോകുന്നതിനും കാരണമിതാണ്. ഒരുപാട് നല്ല ഗാനങ്ങള്‍ വരുന്നുണ്ട്. മംഗ്ലീഷ് കലരുന്നുണ്ടെന്ന് മാത്രം. പുതിയ ഗായകര്‍ വളരട്ടേ, അവര്‍ പാടണം, ജനങ്ങളെ വഞ്ചിച്ച് റെക്കോഡിടരുത്. പലയിടത്തും നടക്കുന്നത് ഇതാണ്. ചുണ്ടനക്കം മാത്രം നടത്തിയാല്‍ എങ്ങനെ ഗായകരാകും? ലതിക ടീച്ചര്‍ പറയുന്നു.

ലതിക ടീച്ചറുടെ ഗാനങ്ങളില്‍ ചിലത്...

പുഷ്പ തലത്തില്‍ (അഭിനന്ദനം), പാടാം ഞാനാ ഗാനം (രാജാവിന്‍െറ മകന്‍), കാതോട് കാതോരം (കാതോട് കാതോരം), താരുംതളിരും മിഴിപൂട്ടി (ചിലമ്പ്), മെല്ലെ മെല്ലെ മുഖപടം (ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം), നിലാവിന്‍െറ പൂങ്കാവില്‍ (ശ്രീകൃഷ്ണ പരുന്ത്), പൊന്‍ പുലരൊളി (ഇത്തിരി പൂവേ, ചുവന്ന പൂവേ), പുലരേ പൂന്തോണിയില്‍ (അമരം), ദും ദും ദും ദുന്ദുഭി നാദം (വൈശാലി), പൂവേണം പൂപ്പട വേണം (ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം), ഹൃദയരാഗ തന്ത്രമീട്ടി (അമരം), മകളേ പാതി മലരേ (ചമ്പക്കുളം തച്ചന്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singer lathika teacher
News Summary - lathika teacher
Next Story