മൊഞ്ചുള്ള മൈലാഞ്ചി ഡിസൈനുമായി ഇൻഷയും ഖദീജയും
text_fieldsചലച്ചിത്ര നടി ആർഷ ബൈജുവിനും ബന്ധുവിനും മൈലാഞ്ചി ഇടുന്ന ഇൻഷ ഫാത്തിമയും ഖദീജ ഹാറൂണും
ചെങ്ങന്നൂർ: മൊഞ്ചുള്ള മൈലാഞ്ചി ഡിസൈനുകളൊരുക്കി വിജയഗാഥ രചിക്കുകയാണ് മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായ ഇൻഷ ഫാത്തിമയും ചങ്ങനാശ്ശേരി എസ്.ബി കോളജിൽ മൈക്രോ ബയോളജി രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ഖദീജ ഹാറൂണും.
ഹൈസ്കൂൾ ക്ലാസ് മുതൽ ഒപ്പന മത്സരത്തിൽ പങ്കെടുത്തും ടീമംഗങ്ങൾക്ക് മൈലാഞ്ചി അണിയിച്ചും കലാവിരുതിന് തുടക്കം കുറിച്ച ഇൻഷ ഫാത്തിമ തന്റെ അമ്മാവന്റെ മകൾ ഖദീജയുമായി ചേർന്ന് സഹപാഠികൾക്കും വീട്ടുകാർക്കും സ്നേഹസമ്മാനമായി നൽകിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിങ് പിന്നീട് ഇവർക്കൊരു വരുമാനമാർഗമായി. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ കല്യാണപ്പെണ്ണിന് മൈലാഞ്ചി അണിയിച്ചതോടെ ഇവരുടെ കലാവിരുതുകൾ ശ്രദ്ധിക്കപ്പെടുകയും ദൂരസ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ എത്താനും ആരംഭിച്ചു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടി ആയതോടെ ഇരുവർക്കും വലിയ ആത്മവിശ്വാസവുമായി.
ഇന്ത്യൻ, അറബിക് രീതികളെ സമന്വയിപ്പിച്ചുള്ള ഇന്തോ-അറബിക് ഡിസൈനുകൾക്ക് പ്രാധാന്യം നൽകാനാണ് ഇവർ ഓരോ തവണയും ശ്രദ്ധിക്കുന്നത്. ആദ്യമൊക്കെ പ്രതിഫലമൊന്നും പറയാതെ ആവശ്യക്കാർ നൽകുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു രീതിയെങ്കിലും അയ്യായിരത്തിൽ കുറയാതെ രൂപ ലഭിക്കുമായിരുന്നു. എന്നാൽ, ഇന്നത് 15,000 കടന്നു. ഗുണനിലവാരമുള്ള ഉയർന്ന ബ്രാൻഡഡ് മൈലാഞ്ചി കോണുകളും അനുബന്ധ ലേപനങ്ങളും മറ്റും വിദേശത്തുനിന്ന് ഓൺലൈനായി വരുത്തിയാണ് ഉപയോഗിക്കുന്നത്.
നഴ്സിങ് മേഖലയിലെ ജോലിയാണ് സ്വപ്നമെങ്കിലും മൈലാഞ്ചി ഡിസൈനിങ് ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. മാന്നാറിലെ മാധ്യമപ്രവർത്തകൻ ബഷീർ പാലക്കീഴിലിന്റെയും സുരയ്യ ബഷീറിന്റെയും മകളാണ് ഇൻഷ ഫാത്തിമ. മുഹമ്മദ് ഇഹ്സാൻ, ഹുസ്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. മാന്നാർ പുളിക്കലാലുമ്മൂട്ടിൽ ഹാറൂൺ മജീദിന്റെയും സാബിദ ഹാറൂണിന്റെയും മകളാണ് ഖദീജ ഹാറൂൺ. ഫാത്തിമ ഹാറൂൺ സഹോദരിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.