‘തലേന്ന’ത്തെ ഓണസദ്യയും ‘ക്ഷണിക്കാത്ത’ അതിഥികളും
text_fieldsപ്രഭ നാരായണപിള്ള
എഴുത്തുകാരിയും പ്രമുഖ സാഹിത്യകാരൻ എം. പി. നാരായണപിള്ളയുടെ ഭാര്യയുമായ പ്രഭ നാരായണപിള്ളയുടെ മുംബൈ ഓണം ഓർമകൾ. അരനൂറ്റാണ്ടിലേറെയായി മുംബൈയിൽ. കോപ്പി എഡിറ്ററായിരിക്കേ 2017ൽ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ നിന്ന് വിരമിച്ചു
ഡിഗ്രി ക്ലാസിലെ അവസാന കാലത്തെ 1969ലെ വിജയദശമിയിലായിരുന്നു നാണുപ്പനെന്ന എം.പി. നാരായണപിള്ളയുമായി എന്റെ വിവാഹം. ഹോങ്കോങ് വിട്ട് ബോംബെയിലേക്കന്ന് നാണപ്പൻ എത്തിയിട്ടേയുള്ളൂ. വിവാഹ ശേഷം രണ്ടുമാസം ബോംബെയിൽ താമസിച്ച് വീണ്ടും പഠനം പൂർത്തിയാക്കാൻ നാട്ടിലെത്തിയ ഞാൻ പരീക്ഷ കഴിഞ്ഞ് 1970 ജൂൺ അവസാനമാണ് വീണ്ടും ബോംബെയിലെത്തിയത്. അന്ന് ഞങ്ങൾ താമസിച്ചിരുന്ന നേപ്പിയൻ സീറോഡിലെ കെട്ടിടത്തിൽ മലയാളി കുടുംബങ്ങൾ വളരെ കുറവായിരുന്നു.
മലയാളം കേൾക്കാതെ, മലയാളം പേപ്പറുകളോ മാസികകളോ വായിക്കാൻ കിട്ടാതെ ഒരു ഏകാന്ത തടവുകാലം. രാവിലെ പത്തുമണിയോടെ ആപ്പീസിൽ പോകുന്ന നാണപ്പൻ മടങ്ങിയെത്തുന്നതുവരെ സംസാരിക്കാനുമാരുമില്ല. ഫോണൊന്നും സാധാരണമല്ലാത്ത അന്ന് നാട്ടിലുള്ളവരുമായി ബന്ധപ്പെടുന്നത് എഴുത്തിലൂടെ മാത്രം. അങ്ങനെ വന്ന ഒരു കത്തിലൂടെയാണ് ഓണം അടുത്തുവെന്നറിയുന്നത്.
ഓണപ്പരീക്ഷ കഴിഞ്ഞ അവധിക്കാലം ഓണക്കാലത്തെത്തുന്ന സിനിമകൾ കാണൽ, ഓണക്കോടി - മനസ്സ് നാട്ടിലേക്കോടി. അത്തം മുതൽക്കുള്ള പൂക്കളമിടൽ, മാതേവരെ ഉണ്ടാക്കി മഴനനയാതിരിക്കാൻ മാതേവർക്ക് ഒരോലക്കുട നീർത്തിവെച്ച് കൊടുക്കുന്നത്, രാവിലെക്കുള്ള പുഴുങ്ങിയ നേന്ത്രപ്പഴം-പപ്പടം, ഓണത്തിന് വീട്ടിലെത്തുന്ന ബന്ധുക്കൾ, വീട്ടുകാരാരുമില്ലാതെ, അയൽപക്കത്തൊരു മലയാളി പോലുമില്ലാതെ ബോംബെയിലെ ഏകാന്തതയിൽ ഓർമകൾ മാത്രമായിരുന്നു എനിക്ക് കൂട്ടിനുണ്ടായിരുന്നത്.
ഓണത്തിന് എന്റെ വക സദ്യ ഉണ്ടാക്കുമെന്നാലോചിച്ച് നിശ്ചയിച്ചെങ്കിലും നാണപ്പന്റെ പരിഹാസ ചിരി ഓർമ വന്നപ്പോൾ അത് ശരിയാവില്ലെന്ന് തോന്നി. (ബോംബെയിലെ ഫ്ലാറ്റിലേക്ക് ആദ്യം കേറിയ ഉടനെ നാണപ്പൻ എനിക്ക് തന്ന സ്റ്റഡി ക്ലാസ് കാപ്പി എങ്ങനെ ഉണ്ടാക്കണമെന്നായിരുന്നു -ഒരു കപ്പിൽ തിളച്ച വെള്ളം, ഒരു ടീസ്പൂൺ കാപ്പിപ്പൊടി, രണ്ട് -മൂന്ന് പഞ്ചസാര ക്യൂബുകൾ, കുറച്ച് പാലും ഒഴിച്ചാൽ കാപ്പിയാവും എന്നായിരുന്നത്. അതങ്ങനെയുണ്ടാവുമെന്നതിൽ അത്ര ഉറപ്പില്ലാത്തതുകൊണ്ടാവാം സ്വന്തം കാപ്പി ഉണ്ടാക്കിയാൽ മതി, തന്റെ കാപ്പി താൻ തന്നെ ഉണ്ടാക്കാമെന്നും കൂടി എന്നെ സന്തോഷിപ്പിക്കാനെന്ന വിധത്തിൽ പറഞ്ഞത്)
വൈകുന്നേരം ആപ്പീസിൽനിന്നെത്തി രാത്രിയിലേക്കുള്ള ഭക്ഷണം നാണപ്പൻ ഉണ്ടാക്കുന്നതായിരുന്നു പതിവ്. ഓണത്തലേന്ന് കുറച്ചുനേരത്തെ വന്ന് (ആപ്പീസിലേക്ക് വലിയ ദൂരമില്ലാതിരുന്നതുകൊണ്ട് അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല) ഗ്രാൻഡ് റോഡ് മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകാമെന്ന് പറഞ്ഞു. പപ്പടം, ചെറിയ ഉള്ളി പോലുള്ള നമ്മുടെ സാധനങ്ങൾ ചിലതെങ്കിലും ആ മാർക്കറ്റിലെ ചെറിയ ഒരു കടയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെനിന്ന് അതും വേറെ പച്ചക്കറികളുമൊക്കെ നാണപ്പൻ വാങ്ങുന്നത് കണ്ടപ്പോൾ ഇത്രയധികം എന്തിനെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. വീട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ട്-ഒമ്പത് മണിയായി.
അപ്പോഴാണ് നാണപ്പന്റെ ഒരു പുല്ലുവഴി ബന്ധു മദനൻ വന്നത്. ഒഴിവുദിവസങ്ങളിൽ വീട്ടിൽ വന്നിരുന്ന, നാണപ്പനുമൊത്ത് ചീട്ടുകളിക്കുകയും പാചകം ചെയ്യുകയും ചിലപ്പോൾ അവിടെത്തന്നെ ഉറങ്ങുകയും ചെയ്തിരുന്ന ഒരാളായിരുന്നു മദനൻ. അവർ രണ്ടുപേരും കൂടി അടുക്കളയിൽ കയറുന്നത് കണ്ടപ്പോൾ ഞാനും പിറകെപ്പോയി. അതിനുള്ളിൽ അവർ മാത്രം മതിയെന്നും എന്നെ അവിടെ കണ്ടുപോകരുതെന്നും പറഞ്ഞവരെന്നെ തിരിച്ചോടിച്ചു.
അവരുടെ സംസാരവും അടുക്കളയിലെ പാത്രങ്ങളുടെ ശബ്ദങ്ങളുമൊക്കെ കേട്ട് ഞാനറിയാതെ ഉറങ്ങിപ്പോയി. രാവിലെ കണ്ണുതുറന്നപ്പോൾ അവർ രണ്ടുപേരും ഗാഢനിദ്രയിൽ. ഞാനടുക്കളയിൽ കേറി നോക്കിയപ്പോൾ പലവിധ കറികളും പായസവുമൊക്കെ ഉണ്ടാക്കിവെച്ചിരിക്കുന്നു. അപ്പോഴാണ് ഓണത്തലേന്നുതന്നെ ഓണസദ്യ ഉണ്ടാക്കലായിരുന്നു അവരുടെ പരിപാടി എന്ന് മനസ്സിലായത്.
ഞാൻ കുളിച്ചുവന്നപ്പോഴേക്കും ഡ്രോയിങ്റൂമിലെ മേശയിൽ ഉണ്ടാക്കിയതൊക്കെ എടുത്തുവെച്ചിരുന്നു. നാട്ടിൽനിന്ന് ഓണക്കോടിയായി അച്ഛൻ അയച്ച ഖാദിമുണ്ടൊക്കെ ചുറ്റി നാണപ്പനും അപ്പോഴേക്കും കുളികഴിഞ്ഞെത്തി വാതിൽ തുറന്നുവെച്ചു. സാധാരണ കാളിങ് ബെല്ലടിച്ചാൽ മാത്രം തുറക്കുന്ന വാതിൽ തുറന്നുവെച്ചതിന്റെ ഗുട്ടൻസ് കുറച്ച് സമയത്തിനുശേഷം വീട്ടിലേക്ക് വരാൻ തുടങ്ങിയ ആൾക്കാരെ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.
നാണപ്പന്റെ ചില സുഹൃത്തുക്കൾ, ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിലെ രണ്ട് മലയാളി ക്രിസ്ത്യൻ കുടുംബങ്ങൾ-ചുരുങ്ങിയ സമയംകൊണ്ട് ആ രണ്ട് മുറി ഫ്ലാറ്റ് നിറഞ്ഞുകവിഞ്ഞു. (ഞാനറിയാതെ ഇവരെയൊക്കെ, പ്രത്യേകിച്ച് ഞങ്ങളുടെ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണെങ്കിലും അത്രക്കധികം അടുത്ത പരിചയമില്ലാത്ത ആ രണ്ട് മലയാളി കുടുംബങ്ങളെ എങ്ങനെ, എപ്പോൾ പോയി ഭക്ഷണത്തിന് ക്ഷണിച്ചെന്നത് അന്നുമിന്നും പിടികിട്ടിയിട്ടില്ല.) നാട്ടിലെ ഓണമാണോ ബോംബെയിലെ ഓണമാണോ കൂടുതൽ ആഘോഷത്തിലെന്ന് ഒരു ഉത്തരം വേണ്ടാത്ത ചോദ്യം നാണപ്പൻ എന്നെ നോക്കുമ്പോഴൊക്കെ ആ മുഖത്തുണ്ടായിരുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.
രണ്ടു മൂന്നു മണിയോടെ വന്നവർ, മദനനടക്കം എന്റെ ബോംബെയിലെ ആദ്യ ഓണം ഗംഭീരമാക്കി തിരിച്ചുപോയി. ഞാനപ്പോൾ തന്നെ പറളിയിലെ വീട്ടിലേക്ക് ഓണക്കാര്യങ്ങളൊക്കെ പറഞ്ഞ് കത്തെഴുതിവെച്ചു. ഇന്നും ഓണം വരുമ്പോഴൊക്കെ ആ 55 വർഷംമുമ്പത്തെ ഓണമാണ് മറ്റെല്ലാ ഓണ ഓർമകളേക്കാളും മനസ്സിലേക്കെത്തുന്നത്. അന്ന് കൂടെയുണ്ടായിരുന്ന പലരും ഇന്നില്ല. (നാണപ്പൻ വിട്ടുപോയിട്ട് 27 കൊല്ലം കഴിഞ്ഞു). താമസിച്ചിരുന്ന കെട്ടിടത്തിലെ ആ മലയാളി കുടുംബങ്ങളെ ഞങ്ങൾ അവിടം വിട്ടശേഷം കണ്ടിട്ടേയില്ല. അന്നത്തെ ആ ഇരുപതുകാരിയെ ഇന്നെനിക്കൊട്ടും പരിചയമില്ല. പക്ഷേ, 55 വർഷം കഴിഞ്ഞിട്ടും ആ ഓർമകൾ മനസ്സിൽനിന്ന് പോകുന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.