കർഷക മഞ്ജു
text_fieldsദാരിദ്ര്യത്തിലേക്ക് പിറന്നു വീണൊരു മലയാളിപ്പെണ്ണ് അതിജീവനത്തിനായി എന്തുമാത്രം വിയര്‍പ്പിറ്റിക്കേണ്ടി വരുമെന്നതിന്‍െറ അനുഭവപാഠങ്ങളുണ്ട് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്‍െറ പ്രസിഡന്‍റ് എസ്. മഞ്ജുവിന്‍െറ ജീവിതത്തില്‍. പ്രീഡിഗ്രി പഠനകാലം മുതല്‍ വീട്ടിലെ ഇത്തിരിപ്പോന്ന സ്ഥലത്ത് കൃഷി ചെയ്തെടുത്ത വിഭവങ്ങള്‍ നാട്ടുചന്തകളില്‍ കൊണ്ടുപോയി വിറ്റ് പഠിക്കുകയും പശിയാറ്റുകയും ചെയ്ത മഞ്ജു ഇന്ന് പാട്ടത്തിനെടുത്ത രണ്ടേക്കര്‍ ഭൂമിയില്‍ പച്ചമുളക് മുതല്‍ കരനെല്ല് വരെ വിളയിക്കുന്നു. പുലരുംമുമ്പ് ഉണര്‍ന്ന് ഇന്നും ചന്തകളിലത്തെിച്ച് വിറ്റ് മടങ്ങുന്നു. മാറിയ മലയാളിയുടെ ജൈവഭ്രാന്ത് തലക്കുപിടിച്ചതിനാലല്ലിത്. രോഗിയായ മാതാവ് സരസ്വതിയമ്മയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ബിജുകുമാറും മകന്‍ ആറുവയസ്സുകാരന്‍ ശ്രീക്കുട്ടനും ഉള്‍പ്പെടുന്ന കുടുംബത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി. പിന്നെ, തല ചായ്ക്കാന്‍ അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നവുമായി. മൂന്നര പതിറ്റാണ്ടത്തെ ഈ ചെറിയ ജീവിത കാലത്തിനിടെ മഞ്ജു ജീവസന്ധാരണത്തിനായി ആടിത്തീര്‍ത്ത വേഷങ്ങള്‍ അനവധി. ആ കഥയില്‍ കാരിരുമ്പിന്‍െറ കട്ടിയുള്ള കൈത്തഴമ്പും കടലോളം കണ്ണീരുപ്പുമുണ്ട്.
ആറാം വയസ്സില്‍ ഞാന്‍ അമ്മക്കൊപ്പം ഉള്ളുരുപ്പിലെ കയര്‍ സഹകരണസംഘത്തില്‍ തൊണ്ടുതല്ലാന്‍ പോകുമായിരുന്നു. നെല്‍പ്പുരക്കുന്ന് ഹൈസ്കൂളില്‍ രണ്ടില്‍ പഠിക്കുകയാണന്ന്. അമ്മ വിലക്കിയാലും അവധിദിവസങ്ങളിലെല്ലാം പോയി. മിക്കപ്പോഴും പട്ടിണിയായിരുന്ന വീട്ടില്‍ എന്‍െറ ജോലിയിലെ ചില്ലറ നാണയത്തുട്ടുകളുമെത്തി. അന്നൊക്കെ ഞങ്ങടെ നാട്ടില്‍ ഒരുപാട് തെങ്ങിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ഉണ്ടായിരുന്നു. പറമ്പുകള്‍ കയറിയിറങ്ങിയാല്‍ വീണുകിടക്കുന്ന ഓലമടല്‍ കിട്ടും. അവ കീറി കെട്ടാക്കി വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇഷ്ടികച്ചൂളക്കാര്‍ക്ക് കൊടുത്താല്‍ കെട്ടിന് 20 രൂപവെച്ച് തരും. പത്ത് മടല്‍ ഓലയാണ് ഒരു കെട്ട്. അവിടെനിന്ന് നേരേ നടന്നത് ഇഷ്ടികക്കളങ്ങളില്‍ ചുമടെടുക്കാനാണ്. പലക തലക്കുമുകളില്‍വെച്ച് അതിന്‍മേല്‍ എട്ടും പത്തും ഇഷ്ടിക അടുക്കും. ഇത് ചൂളയിലെത്തിച്ച് അടുക്കണം. ഹൈസ്കൂള്‍ കാലത്ത് രണ്ടുവര്‍ഷത്തോളം ഈ പണി ചെയ്തു. ഇഷ്ടികക്കളങ്ങള്‍ ഇല്ലാതായതോടെ ആ പണി പോയി, പട്ടിണി കൂട്ടിന് വന്നു.
സെക്കന്‍ഡ് ക്ലാസ് വാങ്ങി പത്താംക്ളാസ് ജയിച്ചതോടെ തുടര്‍പഠനം വലിയൊരു ചോദ്യചിഹ്നമായി. ഈ സമയം എനിക്ക് കൈത്താങ്ങായത് സഹോദരന്‍ അനീഷാണ്. വീട്ടില്‍ ഞങ്ങള്‍ക്ക് ആകെയുള്ള പത്ത് സെന്‍റില്‍ ഏത്തവാഴയും ചീരയും പയറും പാവലും വെണ്ടയും ചേനയും ചേമ്പും കാച്ചിലുമെല്ലാം ഞങ്ങള്‍ ഊഴംവെച്ച് കൃഷി ചെയ്തു. ഞങ്ങളൊരുമിച്ച് അവ അങ്ങാടിപ്പുറങ്ങളില്‍ കൊണ്ടുപോയി വിറ്റു. വീട്ടിലെ കഷ്ടപ്പാടിന് ഒരു പരിധിവരെ പരിഹാരമായി അത്. എന്‍െറ തുടര്‍പഠനത്തിനും അത് സഹായകമായി. ശാസ്താംകോട്ടയില്‍ പ്രൈവറ്റായാണ് ബി.എ വരെ പഠിച്ചത്. കൊല്ലം എസ്.എന്‍ കോളജില്‍ പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പില്‍ അഡ്മിഷന്‍ കിട്ടിയെങ്കിലും വണ്ടിക്കൂലിയും വഴിച്ചെലവും കണ്ടെത്താനാവാത്തതിനാല്‍ പോയില്ല. പഠിക്കാന്‍ പോയാല്‍ കൃഷിയും ചന്തകളില്‍ പോകുന്നതും നിര്‍ത്തേണ്ടി വരുമായിരുന്നു.
ശാസ്താംകോട്ടയിലെ പാരലല്‍ കോളജില്‍ ഞാന്‍ രാവിലെ ക്ലാസിനെത്തുന്നത് ഏതെങ്കിലും ഒരു ചന്തയില്‍ പോയിട്ടായിരിക്കും. പുസ്തകങ്ങള്‍ കൂടെക്കരുതിയാണ് ചന്തകളില്‍ പച്ചക്കറി വില്‍ക്കാന്‍ പോവുന്നത്. ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കിഴക്കേ കല്ലടയിലും ചൊവ്വയും വെള്ളിയും കടമ്പനാടും ബുധനും ശനിയും ശാസ്താംകോട്ടയിലും ചന്തയുണ്ട്. കൂടുതല്‍ വിളവുള്ളപ്പോഴും രാവിലത്തെ ചന്തയില്‍ വില്‍ക്കാതെ അധികംവന്നാലും ആഞ്ഞിലിമൂടിലുള്ള ഉച്ചച്ചന്തയില്‍ പോകും. അന്ന് ഉച്ചകഴിഞ്ഞേ ക്ലാസിലെത്തൂ. എന്‍െറ ജീവിതാവസ്ഥ അറിയാവുന്ന കൂട്ടുകാര്‍ നോട്ടെഴുതിത്തന്നു. പഠിച്ചത് പകര്‍ന്നുതന്നു.
ഇന്നും മഞ്ജു ഉച്ചച്ചന്ത ഒഴികെ മിക്ക ചന്തകളിലും സ്വന്തം വിരല്‍സ്പര്‍ശമേറ്റ വിളകളുമായി പോകുന്നു. വെയില്‍ കടുക്കുംമുമ്പ് വിറ്റൊഴിഞ്ഞ് മടങ്ങുന്നു. പിന്നെ പഞ്ചായത്തിന്‍െറ ഭരണഭാരത്തിലേക്ക് കടക്കുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ആടയലങ്കാരങ്ങളില്ലാതെ ചന്തയില്‍ പച്ചക്കറിയും കുലകളുമായി ഇരിക്കുന്ന മഞ്ജു നാട്ടുകാര്‍ക്കൊരു കൗതുകക്കാഴ്ചയേ അല്ല.

ബി.എ പഠിച്ചിറങ്ങിയപ്പോള്‍ ഒരു പേപ്പര്‍ കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു. അത് പഠിച്ച് വീണ്ടുമെഴുതാനുള്ള പാങ്ങൊന്നും ഇല്ല. ഞാന്‍ കൃഷിയുമായി വീട്ടിലൊതുങ്ങി. വീടിനടുത്തുള്ള എ.എം കാഷ്യു ഫാക്ടറിയുടെ വാതില്‍ക്കല്‍ ചെറിയൊരു പച്ചക്കറി, ചായ, ബീഡി, മുറുക്കാന്‍ കട തുടങ്ങി. ആറുമാസത്തോളം ആയപ്പോള്‍ കൃഷിഭവന്‍ തൊഴില്‍സേന രൂപവത്കരിക്കുന്നതറിഞ്ഞ് അതില്‍ ചേര്‍ന്നു. മുഖത്തല, തേവലക്കര, പേരയം, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിലെ ഏലാകളില്‍ ഞാറ് നടാനും കളപറിക്കാനുമെല്ലാം പോയി. അക്കാലത്ത് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചു. മണിക്കൂറുകളോളം ട്രാക്ടര്‍ ഓടിച്ച് നിലമുഴുത് കൃഷിക്കൊരുക്കി. കാലം പോകെ ബിജുകുമാര്‍, മഞ്ജുവിന്‍െറ ജീവിതത്തിലേക്ക് വന്നു. വ്യത്യസ്ത സമുദായക്കാരായ അവര്‍ വൈക്കത്തപ്പനെ സാക്ഷിയാക്കി എട്ടാണ്ടുമുമ്പ് ജീവിതം തുടങ്ങി.
സര്‍ക്കാറിന്‍െറ പച്ചത്തേങ്ങാ പദ്ധതിയില്‍ തേങ്ങ ചുമക്കാന്‍ പോയും സന്ധ്യക്ക് സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റൊരു കാലം. ഒപ്പം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലും ചേര്‍ന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു മേട്രന്‍െറ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു. ഇതിന്‍െറ പേരില്‍ എന്നെ അവര്‍ ജോലി ചെയ്യാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തി. അന്ന് കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഠിക്കുന്ന കാലത്തൊക്കെ ഞാന്‍ കെ.എസ്.യു അനുഭാവിയായിരുന്നു. ജോലിയില്ലെങ്കില്‍ കുടുംബം പുലര്‍ത്താനാവില്ലെന്ന സ്ഥിതിയില്‍ സി.പി.ഐ പ്രാദേശിക നേതാവായ ശ്രീകുമാരന്‍പിള്ള എന്‍െറ പ്രശ്നത്തില്‍ ഇടപെട്ടു. ജോലി തിരിച്ചു കിട്ടി. കോണ്‍ഗ്രസുകാരിയായ ഞാനങ്ങനെ കമ്യൂണിസ്റ്റായി. ഇപ്പോള്‍ സി.പി.ഐയുടെ അയിത്തോട്ടുവ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.
കല്ലടയാറിനും അഷ്ടമുടിക്കായലിനും ശാസ്താംകോട്ട ശുദ്ധജലതടാകത്തിനും മധ്യേയാണ് 14 വാര്‍ഡുകള്‍ മാത്രമുള്ള പടിഞ്ഞാറേ കല്ലട. ചവറ-അടൂര്‍ സംസ്ഥാനപാതയില്‍നിന്ന് പഞ്ചായത്തിലേക്കുള്ള കവാടമാണ് കാരാളിക്കവല. അവിടത്തെ പൂക്കടക്കുമുന്നില്‍ ബസ് കാത്തുനില്‍ക്കവെ മറ്റൊരു തൊഴില്‍ സ്വായത്തമാക്കി. മാലകെട്ടും ബൊക്ക നിര്‍മാണവും.
ഉടമകള്‍ തരിശിട്ടിരുന്ന ഭൂമിയാണ് മഞ്ജുവും ബിജുകുമാറും എടുത്ത് കൃഷിചെയ്യുന്നത്. ഈ ദമ്പതികളില്‍നിന്ന് ഒരു രൂപ പോലും പാട്ടക്കാശ് വാങ്ങുന്നില്ല. ഇപ്പോള്‍ കൃഷിക്കായി ഒരുവശത്ത് നിലമൊരുക്കിയിട്ടിരിക്കുന്നു. തൊട്ടുചേര്‍ന്ന് ‘അടിക്കണയും കുട’വുമായി മരതകപ്പച്ചയാര്‍ന്ന കരനെല്ല് തലയെടുത്ത് നില്‍ക്കുന്നു. പൂര്‍ണമായും ജൈവകൃഷിരീതിയാണ് മഞ്ജു അവലംബിക്കുന്നത്. ജൈവകൃഷി എന്ന സംജ്ഞയെ ജീവിക്കാനുള്ള കൃഷിയെന്ന് പുനര്‍വായിക്കണം മഞ്ജുവിന്‍െറയും ബിജുകുമാറിന്‍െറയും കാര്യത്തില്‍.
‘അല്ലലുള്ള അമ്മയേ ചുള്ളിയുള്ള കാടറിയൂ’ എന്നാണല്ലോ പഴമൊഴി. കൊട്ടടയ്ക്കാ മുതല്‍ കോഴിമുട്ട വരെ ‘ജൈവ’മാകുന്ന വര്‍ത്തമാനകാലത്ത് അത്തരം അവകാശവാദങ്ങളൊന്നുമില്ലാതെ മണ്ണിനെ സ്നേഹിച്ച് മഞ്ജു എന്ന കൃഷിപ്പണിക്കാരി. തഴമ്പുമുറ്റി തഴക്കംവന്ന ഈ കൈകളില്‍ പടിഞ്ഞാറേ കല്ലടയെന്ന കൊച്ചുദേശവും ഭദ്രം. ജീവിതാനുഭവങ്ങള്‍ നല്‍കിയ കരുത്തിന്‍െറ പിന്‍ബലമുള്ള ഈ മലയാളി പെണ്‍ജീവിതത്തെ കാണാതെ കണ്ടിട്ടാവാം കവി പാടിയത്.
‘ഭൂമിയായ് പിറന്ന നീ
പേറുവാനിരിക്കുന്നി
തെത്രയോ മാറാപ്പുകള്‍...’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.