Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightലോകത്തിന്റെ നെറുകയിൽ...

ലോകത്തിന്റെ നെറുകയിൽ വീണ്ടും ഖത്തരി പെൺപെരുമ; ഗാഷർബ്രം II മഞ്ഞുമല കീഴടക്കി ഖത്തരി പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി ബിൻ മുഹമ്മദ്

text_fields
bookmark_border
ലോകത്തിന്റെ നെറുകയിൽ വീണ്ടും ഖത്തരി പെൺപെരുമ; ഗാഷർബ്രം II മഞ്ഞുമല കീഴടക്കി ഖത്തരി പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി ബിൻ മുഹമ്മദ്
cancel

ദോഹ: കൊടുമുടിയേറ്റം തുടർക്കഥയാക്കിയ ഖത്തറിന്‍റെ പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി മറ്റൊരു നേട്ടത്തിന്‍റെ നെറുകയിൽ... പാകിസ്താൻ -ചൈന അതിർത്തിയിലെ കാരക്കോറം പർവതനിരയിലുള്ള ഗാഷർബ്രം II (Gasherbrum II) വിജയകരമായി കീഴടക്കിയാണ് ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊൻതൂവൽ കൂടി ചേർത്തുവെച്ചത്. ഇതോടെ 8000 മീറ്ററിലധികം ഉയരമുള്ള ലോകത്തിലെ 14 പ്രധാന കൊടുമുടികളിൽ പതിനൊന്നും അവർ കീഴടക്കി. സമുദ്രനിരപ്പിൽ നിന്ന് 8,035 മീറ്റർ (26,362 അടി) ഉയരമുള്ള ഗാഷർബ്രം II ലോകത്തിലെ ഏറ്റവും ഉയരംകൂടിയ 13ാമത്തെ പർവതമാണ്. ഇത് പാകിസ്താനിലെയും ചൈനയിലെയും അതിർത്തിയിലുള്ള കാരക്കോറം നിരകളിലാണ് സ്ഥിതിചെയ്യുന്നത്.



'കഠിനമായ തണുപ്പും കുറഞ്ഞ ഓക്സിജന്റെ അളവും കാരണം 'ഡെത്ത് സോൺ' എന്ന് വിളിക്കപ്പെടുന്ന മേഖലയിലെത്തിയത്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എല്ലാ കൊടുമുടികളും കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിൽ പ്രധാനമാണ്. ഗാഷർബ്രും II എന്റെ 11ാമത്തെ 8,000 മീറ്റർ കൊടുമുടി കയറ്റമാണ്. പക്ഷേ, മനസ്സ് ഇപ്പോഴും ക്യാമ്പ് 1-ലേക്ക് തന്നെ മടങ്ങുകയാണ്' - ശൈഖ അസ്മ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. കയറ്റം തുടങ്ങുന്നതിന് മുമ്പ് അനുയോജ്യമായ കാലാവസ്ഥക്കായി അഞ്ച് ദിവസത്തോളമാണ് സംഘം കാത്തിരുന്നത്. ഓരോ പ്രഭാതത്തിലും മിങ്മ തെൻസിംഗിന്റെ ടെന്റിന് മുന്നിൽ ഞങ്ങൾ ഒത്തുകൂടും. കോഫി കുടിച്ചും തമാശകൾ പറഞ്ഞും കാലാവസ്ഥാ പ്രവചനങ്ങൾ വിലയിരുത്തിയും ഞങ്ങൾ സമയം ചെലവഴിച്ചു. ആരും ധൃതി കൂട്ടിയില്ല. സുരക്ഷിതമായി ലക്ഷ്യത്തിൽ എത്തുക എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം" - കൊടുമുടി കയറ്റത്തിലെ അനുഭവങ്ങൾ ശൈഖ അസ്മ പങ്കുവെച്ചു.

8,000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി "എക്സ്പ്ലോഴ്സ് ഗ്രാൻഡ് സ്ലാം" നേടുന്ന ആദ്യ വനിതയാകാനുള്ള ഒരുക്കത്തിലാണ് അവർ. 11ാമത്തെ കൊടുമുടി കയറ്റവും പൂർത്തിയാക്കിയ അവർക്ക്, ബ്രോഡ് പീക്ക്, ഷിഷാപാംഗ്മാ, ചോ ഒയു എന്നീ കൊടുമുടികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ശൈഖ അസ്മയുടെ യാത്രകൾ ആഗോള വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായും വർത്തിക്കുന്നു. തടസ്സങ്ങളെ അതിജീവിച്ച് സ്വപ്നങ്ങൾ പിന്തുടരാൻ സ്ത്രീകളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.

നൊമ്പരമായി ബ്രോഡ് പീക്ക് ദുരന്തം

ഗാഷർബ്രം II കീഴടക്കിയ വലിയ നേട്ടത്തിനിടയിലും 'ബ്രോഡ് പീക്ക്' ദുരന്തത്തിന്റെ നൊമ്പരത്തിലാണ് ശൈഖ അസ്മ. പർവതാരോഹണത്തിനിടയിൽ പ്രിയപ്പെട്ട ചൈനീസ് സഹപ്രവർത്തകൻ വാങ് നഷ്ടപ്പെട്ടതിന്റെ ഓർമകൾ അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചു. തലേന്ന് രാത്രി, ബ്രോഡ് പീക്കിലേക്ക് പുറപ്പെടുകയാണെന്ന് വാങ് എന്നോട് പറഞ്ഞിരുന്നു. സുരക്ഷിതമായി കയറുക, വിശ്രമിക്കുക, മഞ്ഞുമലയിലെ വിള്ളലുകൾ ശ്രദ്ധിക്കുക എന്നിങ്ങനെ പർവതാരോഹകർ പരസ്പരം കൈമാറാറുള്ള സന്ദേശങ്ങൾ ഞങ്ങൾ പങ്കുവെച്ചു.

കൊടുമുടി കയറ്റം പൂർത്തിയാക്കിയ ശേഷം വാങ്ങിന് ശൈഖ അസ്മ സന്ദേശങ്ങൾ കൈമാറിയിരുന്നു. എന്നാൽ, പിന്നീട് ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടയിൽ ബ്രോഡ് പീക്ക് സംഘത്തിന്റെ റേഡിയോ ബന്ധം വേർപെട്ടതായി മസസ്സിലാക്കി. റേഡിയോ തകരാറോ അല്ലെങ്കിൽ ബാറ്ററി തീർന്നതോ ആകാമെന്നാണ് കരുതിയത്. എന്നാൽ, താൻ അയച്ച സന്ദേശം വാങ്ങിന് അയക്കുന്ന അവസാന സന്ദേശമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല -അസ്മ പോസ്റ്റിൽ കുറിച്ചു. സഹപ്രവർത്തകരൊടൊപ്പം ഗാഷർബ്രം II കൊടുമുടി കയറ്റത്തിന്റെ ഓർമ്മകളിൽ ഈ സംഭവം തീരാനൊമ്പരമായുണ്ടാകുമെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womengulfnewsqatar​gulfnewsmalayalam
Next Story