കുട്ടികളെ പഠിപ്പിക്കുേമ്പാഴും സ്വയം പഠിച്ചുകൊണ്ടിരിക്കുന്ന റാബിയ റൂബി
text_fieldsറാബിയ റൂബി
ദമ്മാം: പഠനം ഹരമായി കൊണ്ടുനടക്കുകയാണ് റാബിയ റൂബി എന്ന അധ്യാപിക. ഇപ്പോൾ യുനസ്കോ അംഗീകാരമുള്ള അമേരിക്കയിലെ ആസ്തക്ക (AZTECA University, Mexico, North America) യൂനിവേഴ്സിറ്റിയിൽനിന്ന് ‘ലീഡർഷിപ് കമ്യൂണിക്കേഷനിൽ’ പി.എച്ച്.ഡി നേടിയിരിക്കുകയാണ്. സ്വന്തം പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാനുള്ള ബഹുമതി കൈവന്നിട്ടും അതിന് കാത്തുനിൽക്കാതെ അടുത്ത ബിരുദാനന്തര ബിരുദ കോഴ്സിന് റാബിയ ചേർന്നു കഴിഞ്ഞിരുന്നു. കമ്യൂണിക്കേഷൻ ജേർണലിസത്തിൽ നേരത്തെ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റാബിയ ഇപ്പോൾ ഇംഗ്ലീഷ് എം.എയ്ക്കാണ് ചേർന്നിരിക്കുന്നത്. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കുളിൽ 20 വർഷമായി അധ്യാപികയായി ജോലിചെയ്യുന്ന റാബിയ റൂബി (40) റിസലൈന്റ് കൺട്രോൾസ് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയുടെ ജനറൽ മാനേജരായ എറണാകുളം തൃക്കാക്കര സ്വദേശി അജ്മലിന്റെ പത്നിയാണ്.
റാബിയ റൂബി കുടുംബത്തോടൊപ്പം
സിഗാനിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബി.എഡ്, അളഗപ്പ യൂനിവേഴ്സിറ്റിയിൽനിന്ന് എജുക്കേഷൻ മാനേജ്മെന്റിൽ എം.ബി.എ, ഐ.സി.എഫ്.എ.ഐയിൽനിന്ന് മാസ്റ്റർ ഓഫ് ജേണലിസം, ബംഗളൂരുവിലെ പ്രശസ്തമായ ബാൽഡവിൻ മേതോഡിസ്റ്റ് കോളജിൽനിന്ന് ജേണലിസത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം തുടങ്ങി അനവധി നേട്ടങ്ങളാണ് ഇക്കാലത്തിനുള്ളിൽ റാബിയ സ്വന്തം പേരിനൊപ്പം ചേർത്തുവെച്ചത്.എന്നിട്ടും പോരാതെ അറിവുകൾ തേടി പുതിയ കോഴ്സുകൾക്ക് ചേർന്നുകൊണ്ടിരിക്കുകയാണ് ഈ വനിത. കേവലം അറിവുകൾ സമ്പാദിക്കുന്നു എന്നതല്ല അതിനുമപ്പുറം സമൂഹത്തിലെ വിവിധയിടങ്ങളിൽ താൻ പഠിച്ച അറിവുകൾ പങ്കുവെക്കാൻ ഒരു മടിയുമില്ലാതെ റാബിയ എത്തിക്കൊണ്ടിരിക്കുന്നു. റാബിയക്ക് പഠനം ഒരു പോരാട്ടമാണ്, സ്വന്തം സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള പോരാട്ടം. പ്ലസ്ടു കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടിയിട്ടും ദമ്മാമിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ യു.പി വിഭാഗത്തിലെ കുട്ടികളുടെ അധ്യാപികയാണ് റാബിയ.
നാഷനൽ എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള കരിപ്പൂരിലെ സ്കൂളിലായിരുന്നു റാബിയയുടെ പ്രാഥമിക പഠനം. പഠനത്തിന് പുറമെ കലാകായിക മേഖലയിലും പ്രതിഭ തെളിയിച്ചിരുന്നു. പി.സി.എം സ്കൂൾ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ ഹൈജമ്പിൽ റാബിയ സ്വർണപതക്കം സ്വന്തമാക്കി. ഇന്നും കരിപ്പൂർ സ്കൂളിൽ റാബിയയുടെ പേരിൽ ആ റെക്കോഡ് ഉണ്ട്. കൂടാതെ നിരവധി കായികമേളകളിൽ ഹൈജമ്പിലും ലോങ് ജമ്പിലും ഈ പെൺകുട്ടി മെഡലുകൾ വാരിക്കൂട്ടി. കൂടാതെ കഥ, കവിത എന്നിവയിലും ഹിന്ദി പ്രസംഗത്തിലുമൊക്കെ ഒന്നാമതെത്തി. തുടർന്ന് പ്രീഡിഗ്രി പഠനത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെത്തിയ റാബിയ അവിടെയും നേട്ടങ്ങൾ ആവർത്തിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ആർട്ട് ഫെസ്റ്റിവലിൽ പ്രസംഗത്തിലും കഥ, കവിത എഴുത്തിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ റാബിയ ഉണ്ടായിരുന്നു. ബിരുദപഠനത്തിന് ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ എത്തിയ റാബിയ ഹിന്ദി, ഇംഗ്ലീഷ് പരീക്ഷകളിൽ യൂനിവേഴ്സിറ്റി തലത്തിൽ ഗോൾഡ് മെഡലോടെ ഒന്നാമതെത്തി.
കമ്യൂണിക്കേഷൻ ജേണലിസത്തിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം തെഹൽക്ക ന്യൂസ് പോർട്ടലിന്റെ ഭാഗമായി. വിവാഹത്തോടെ പ്രവാസിയായ റാബിയ സൗദി ഗസറ്റ് പത്രത്തിലെ പേജുകളിൽ പ്രത്യക്ഷപ്പെട്ടു. കവിതയിലാണ് തുടങ്ങിയത്. പിന്നീട് ലേഖനങ്ങളും. അതിനിടയിലാണ് ഇന്ത്യൻ സ്കൂളിൽ അധ്യാപികയായത്.മൂന്ന് പെൺകുട്ടികളുടെ ഉമ്മയാണ് റാബിയ. ചെറുപ്പത്തിലേ മക്കളെ പുസ്തകങ്ങളുമായി കൂട്ടുകൂടാൻ പഠിപ്പിച്ചതാണ് തനിക്ക് സമാധാനമായി പഠിക്കാൻ അവസരം ലഭ്യമാക്കിയതെന്ന് റാബിയ പറയുന്നു. മിക്ക വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും സമയം കണ്ടെത്തിയിട്ടുണ്ട്. പഠിപ്പിക്കലിന് പുറമെ എക്സാം സെൽ ആൻഡ് ടീച്ചിങ് എയ്ഡ് സെൽ കോഓഡിനേറ്റർ, സ്കൗട്ട് ആൻഡ് ഗൈഡ് ഇൻ ചാർജ്, കാസ്കൈഡ് കോഓഡിനേറ്റർ, ലൈബ്രറിയുടെ ഉത്തരവാദിത്തം, സ്കൂൾ മാഗസിൻ എഡിറ്റോറിയൽ അംഗം തുടങ്ങി എല്ലാ കാര്യങ്ങളിലും സജീവമാണ്.ചെന്നെ എസ്.ആർ.എം കോളജിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥിനി റയ്യ, മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ ബി.എസ്.സി ഹോണേഴ്സ് സൈക്കോളജി വിദ്യാർഥിനി റൈഹ, ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അത്ലറ്റിക് ക്യാപ്റ്റൻ കൂടിയായ റൈന എന്നിവരാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.