രോഷ്നി ദി കിങ് കോബ്ര
text_fieldsരോഷ്നി
ആറു മിനിറ്റിനുള്ളിൽ 18 അടിയോളം നീളവും 25 കിലോ ഭാരവും വരുന്ന കൂറ്റൻ രാജവെമ്പാലയെ സധൈര്യം പിടികൂടിയ രോഷ്നി. രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്ന ആ ആറു മിനിറ്റ് വിഡിയോ കണ്ടത് കോടിക്കണക്കിന് ജനങ്ങൾ. കേരള വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറായ രോഷ്നി വെറും ഒരു പാമ്പുപിടിത്തക്കാരി മാത്രമല്ല. ഫോറസ്റ്റ് ഓഫിസർ, വനം വകുപ്പ് റാപ്പിഡ് െറസ്പോൺസ് ടീം (ആർ.ആർ.ടി) അംഗം, അംഗീകൃത സ്നേക്ക് കാച്ചർ, ദൂരദർശൻ വാർത്ത അവതാരക, ആകാശവാണിയിൽ മുൻ അനൗസൺ, വനസംരക്ഷണത്തെ കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്ന അധ്യാപിക, റീൽസിലെ താരമുഖം, പരസ്യചിത്രങ്ങളിൽ മോഡൽ അങ്ങനെ പല ടൈറ്റിലുകളാണ് രോഷ്നിക്കുള്ളത്.
മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങി 800ലധികം വിഷപ്പാമ്പുകളെ ഇതിനകം പിടികൂടി. നൂറിലധികം പെരുമ്പാമ്പുകളെ വലയിലാക്കി കഴിഞ്ഞ വർഷം ‘സെഞ്ച്വറി’ അടിക്കുകയും ചെയ്തു. എന്നാൽ രോഷ്നി ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. തന്റെ ‘സ്വപ്നം യാഥാർഥ്യമായി’ എന്നാണ് രാജവെമ്പാലയെ പിടികൂടിയശേഷം രോഷ്നി പ്രതികരിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കുളപ്പട സ്വദേശിയായ ജി.എസ്. രോഷ്നി 2017ൽ ആണ് വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി സർവിസിൽ പ്രവേശിക്കുന്നത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്കരിച്ചപ്പോൾ അതിന്റെ പരിശീലനത്തിനായി പേരുനൽകി. പരിശീലനം നേടി അംഗീകൃത ലൈസൻസും കരസ്ഥമാക്കിയാണ് ദൗത്യത്തിലേക്ക് രോഷ്നി ഇറങ്ങുന്നത്. 2021ൽ റാപ്പിഡ് റസ്പോൺസ് ടീം അംഗത്വവും നേടി. നെടുമങ്ങാടിന് സമീപം വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്.
നെടുമങ്ങാട്, വിതുര, പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന് മൂട് എന്ന സ്ഥലത്തുനിന്നാണ് റോഷ്നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടുന്നത്. രാജവെമ്പാല സമീപത്തെ തോട്ടിൻകരയിലുണ്ടെന്ന സന്ദേശമാണ് വനം വകുപ്പ് ഓഫിസിൽ ലഭിച്ചത്. സന്ദേശം കിട്ടിയ പാടെ വാഹനം അവിടേക്ക് തിരിച്ചു. നാട്ടുകാരും ഭീതിയോടെ കാഴ്ചകണ്ട് മാറിനിൽക്കുകയായിരുന്നു.
വാഹനത്തിൽനിന്ന് രോഷ്നിയും ഒപ്പമുള്ളവരും ഇറങ്ങി. തോടിന്റെ മറുകരയിൽ ചെറിയൊരു പാറയുടെ മുകളിൽ പത്തിവിടർത്തി ഉഗ്രവിഷമുള്ള രാജവെമ്പാല. പിന്നെ ഒന്നും ആലോചില്ല, തോട്ടിലേക്ക് ഇറങ്ങി. പാമ്പിനെ ഉള്ളിലാക്കാനുള്ള ബാഗും പിടിക്കാനുള്ള ‘ടൂൾ ഹൂക്ക് സ്റ്റിക്കും’ കരുതി വെള്ളത്തിലേക്കിറങ്ങി. രാജവെമ്പാല വെള്ളത്തിലൂടെ രക്ഷപ്പെടാൻ ഒരുങ്ങി. ഇതോടെ രാജവെമ്പാലയെ രോഷ്നി വാലിൽ തൂക്കി. ഭാരംകാരണം കൈപ്പിടിയിൽ ഒതുങ്ങിയിരുന്നില്ല. ഒടുവിൽ ബാഗിനുള്ളിലേക്ക് പത്തിവിടർത്തി നോക്കിയതോടെ രോഷ്നി ബാഗ് തലഭാഗത്തേക്കുവെച്ചുകൊടുത്തു. രക്ഷാമാളം കണ്ടപോലെ രാജവെമ്പാല ബാഗിനുള്ളിലേക്ക് കയറി.
പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ലെന്ന് രോഷ്നി. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ട്. അതൊക്കെ മനസ്സില്‍ െവച്ചാണ് പ്രവര്‍ത്തിച്ചതെന്നും രോഷ്നി പറയുന്നു. സ്ത്രീകള്‍ അധികമാരും കടന്നുവരാത്ത മേഖലയാണ് പാമ്പുപിടിത്തം. അതുകൊണ്ട് തന്നെ അതിന്റേതായ ചില വെല്ലുവിളികൾ പല ഘട്ടത്തിലും നേരിട്ടിട്ടുണ്ടെന്ന് രോഷ്നി പറയുന്നു. ‘ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിഡിയോ ശ്രദ്ധിക്കപ്പെട്ടതില്‍ വളരെയധികം സന്തോഷമുണ്ട്. അത്രമാത്രം പ്രാധാന്യം ആ വിഡിയോക്ക് ലഭിക്കുന്നതിന് കാരണമായത് ഞാന്‍ ഒരു സ്ത്രീ ആയത് കൊണ്ടാണ്.
അതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഇതുവരെയും സ്ത്രീകളാരും തന്നെ രാജവെമ്പാലയെ റെസ്ക്യൂ ചെയ്തിട്ടില്ല. അതുകൊണ്ടായിരിക്കണം അത്രയും വലിയ അംഗീകാരം എനിക്ക് തന്നത്. ഒരു സ്ത്രീയായതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്’ റോഷ്നി പറയുന്നു. ഭർത്താവിന്റെയും മക്കളുടെയും പ്രോത്സാഹനം എപ്പോഴുമുണ്ട്. സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ സജിത് കുമാർ ആണ് ഭർത്താവ്. പ്ലസ് വൺ വിദ്യാർഥി ദേവനാരായണൻ, എട്ടാംക്ലാസ് വിദ്യാർഥി സൂര്യനാരായണൻ എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.