ഷഫീന യൂസഫിന്റെ വിജയകഥ
text_fieldsഷഫീന യൂസഫ്
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം, കണ്ണീരില്ലാത്ത നാളിലെത്തണം, പൂജ്യത്തിൽ നിന്ന് ഒന്നിലെത്തുവാൻ ഇത്രയും നേരമോ, ഇത്രയും ദൂരമോ? റീലുകളിൽ ശ്രദ്ധേയമായ ഈ പാട്ടിന്റെ വരികളൊരുപക്ഷെ നമുക്ക് കേട്ട് മടുത്തിട്ടുണ്ടാകും. പക്ഷെ വിജയകഥ പറയുമ്പോൾ ഈ പാട്ട് കുറച്ചൊക്കെ പാടാം.
നിരന്തര ശ്രമത്തിനു ശേഷം ജീവിതമെന്ന പരീക്ഷയിൽ പൂജ്യത്തിൽനിന്ന് ഒന്നിലെത്തിയ ഒരാളുണ്ട്. എറണാകുളം സ്വദേശിനിയായ ഷഫീന യൂസഫ്. ആളെ സകലകലാവല്ലഭ എന്നൊക്കെ വേണമെങ്കിൽ പറയാം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകരുള്ള ഷഫീന എട്ടുവർഷമായി യു.എ.ഇയിലുണ്ട്. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോയി ജീവിതം പടിപടിയായങ്ങനെ കയറി. ഇന്ന് ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ട് ഷഫീനക്ക്.
എറണാകുളം നേര്യമംഗലം സ്വദേശിനിയായ യൂസഫിന്റെയും ബീവിയുടെയും മൂന്നാമത്തെ മകളായ ഷഫീന സ്കൂൾ കാലഘട്ടം മുതലേ പാട്ടിലും ഡാൻസിലും എല്ലാം മിടുക്കിയായിരുന്നു. സ്കൂൾ സമയത്ത് കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് ആൽബങ്ങളും, ചാനലുകളിൽ ആങ്കറിങ്ങും ചെയ്തിട്ടുണ്ട്. പക്ഷേ ഇടയ്ക്കെപ്പോഴോ തന്റെ കഴിവുകളെ കുറിച്ച് ഷഫീന തന്നെ മറന്നുപോയിരുന്നു. എറണാങ്കുളത്ത് രാജഗിരി ഹോസ്പിറ്റലിൽ ജോലി ചെയ്താണ് കരിയർ തുടങ്ങുന്നത്.2017ൽ ജോലിതേടി യു.എ.ഇയിൽ എത്തി ദുബൈ എയർപോർട്ടിൽ ആണ് തുടക്കം. ജോലിക്കൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയി.
ഒട്ടുമിക്ക പേരെപോലെ തന്നെ കോവിഡ് കാലമാണ് തന്റെ ഉള്ളിൽ ഒളിച്ചിരുന്ന കലാകാരിയെ പുറത്തുകൊണ്ടുവന്നത്. ആദ്യം ടിക്ടോക് വീഡിയോകൾ ചെയ്താണു തുടക്കം. പിന്നീട് ഇൻസ്റ്റഗ്രാമിലും സജീവമായി. മാപ്പിളപ്പാട്ടുകൾ പാടിയുള്ള വീഡിയോകൾ പോസ്റ്റ് ചെയ്താണ് തുടക്കം. പാട്ട് കേൾക്കാൻ ആരാധകർ ഏറി ഒപ്പം ഫോളോവേഴ്സും വളർന്നു.
പിന്നീട് ഉദ്ഘാടനങ്ങൾക്ക് അതിഥിയായി വിളിച്ചു തുടങ്ങി. 2020 മുതൽ ഇതുവരെ മുന്നൂറിലധികം ഉദ്ഘാടനങ്ങൾക്ക് അതിഥിയായി പോകാൻ പറ്റി. ഫുഡ് പ്രമോഷനുകളും മറ്റുമായി നിരവധി പ്രമോഷൻ വീഡിയോകളും ചെയ്തിട്ടുണ്ട്. മോഡലിങ് വീഡിയോകളും ശ്രദ്ധേയമാണ്. 2021 ഡി മീഡിയ ടാലൻറ് അവാർഡ്, ഇൻറർനാഷനൽ ബിസിനസ് സമ്മിറ്റ് അവാർഡ് 2024 തുടങ്ങി നിരവധി അവാർഡുകൾ ഷഫീന സ്വന്തമാക്കിയിരുന്നു. ഇന്ന് യു.എ.ഇ ലൈസൻസ്ഡ് ബ്ലോഗറാണ് ഷഫീന.
യു.എ.ഇയിൽ ഒരു ട്രാവൽസിൽ ബിസിനസ് ഡെവലപ്മെൻറ് മാർക്കറ്റിങ് മാനേജർ ആയി ജോലി ചെയ്യുകയാണ് ഷഫീന ഇപ്പോൾ. ഡ്യൂട്ടി സമയത്തിന് ശേഷം തന്റെ സന്തോഷങ്ങൾക്കായി ഇത്തിരി നിമിഷങ്ങൾ മാറ്റി വെക്കുന്നതാണ് ഷെഫീനക്ക് സോഷ്യൽ മീഡിയ. ഇഷ്ട മേഖലയിൽ നിന്ന് ഇടക്ക് തെന്നി മാറിയെങ്കിലും പിന്നീട് ആഗ്രഹിച്ചതിലും അപ്പുറം എത്തിപ്പിടിക്കാനായി എന്ന സന്തോഷത്തിലാണ് ഷഫീന. ജോലി ചെയ്ത് കൊണ്ടാണ് പഠനവും മുന്നോട്ട് കൊണ്ടുപോയത്. സുബീന, അസ്ബി, അഫ്സൽ മൂന്നു സഹോദരങ്ങളാണ് ഷഫീനക്കുള്ളത്. കുടുംബവും സുഹൃത്തുക്കളും നൽകുന്ന വലിയ പിന്തുണ തന്നെയാണ് ഇന്ന് താൻ അറിയപ്പെടുന്ന ഒരു ഇൻഫ്ലുവൻസർ ആകാൻ കാരണം എന്ന് ഷഫീന പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.