ശൈഖ അസ്മ ആൽഥാനി നംഗ കൊടുമുടിയുടെ നെറുകയിൽ
text_fieldsനംഗ കൊടുമുടിയിൽനിന്ന് ശൈഖ അസ്മ ബിൻത് താനി ആൽഥാനി പങ്കുവെച്ച ചിത്രം
ദോഹ: കൊടുമുടിയേറ്റം തുടർക്കഥയാക്കിയ ഖത്തറിന്റെ പർവതാരോഹക ശൈഖ അസ്മ ബിൻത് താനി ആൽഥാനി മറ്റൊരു നേട്ടത്തിന്റെകൂടി നെറുകയിൽ. പാകിസ്താനിലെ നംഗ കൊടുമുടി കീഴടക്കി നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊൻതൂവൽകൂടി ചേർത്തു അവർ. 8,126 മീറ്റർ ഉയരമുള്ള നംഗ പർവതം ലോകത്തിലെ ഉയരം കൂടിയ ഒമ്പതാമത്തെ കൊടുമുടിയാണ്. ഈ നേട്ടത്തോടെ, 8,000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങളിൽ ഒമ്പത് എണ്ണവും ശൈഖ അസ്മ വിജയകരമായി കീഴടക്കി. നിലവിൽ പാകിസ്താനിലുള്ള അവർ, ഗഷർബ്രം 1, ഗഷർബ്രം 2, ബ്രോഡ് പീക്ക് എന്നീ കൊടുമുടികൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ ഷിഷാപാംഗ്മാ, ചോ ഒയു എന്നീ കൊടുമുടികൾ മാത്രമാണ് അവശേഷിക്കുക. 8,000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി ‘എക്സ്പ്ലോഴ്സ് ഗ്രാൻഡ് സ്ലാം’ നേടുന്ന ആദ്യ വനിതയാകാനുള്ള ഒരുക്കത്തിലാണ് അവർ.
ശൈഖ അസ്മയുടെ യാത്രകൾ ആഗോള വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു അവസരമായും ഉപയോഗിക്കുന്നു. തടസ്സങ്ങളെ അതിജീവിച്ച് സ്വപ്നങ്ങൾ പിന്തുടരാൻ സ്ത്രീകളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. സാഹസിക യാത്രകളിലൂടെ മാനുഷികവും സാമൂഹികവുമായ കാര്യങ്ങൾ ഒന്നിച്ചു കൊണ്ടുപോകുന്നതിനായി ഊരിദൂ, യു.എൻ.എച്ച്.സി.ആർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകളുമായും ശൈഖ അസ്മ സഹകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.