നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽകൂടി; ഗാഷർബ്രം 1 കൊടുമുടി കീഴടക്കി ശൈഖ അസ്മ ആൽഥാനി
text_fieldsഗാഷർബ്രം കൊടുമുടി കീഴടക്കിയ ശൈഖ അസ്മ ആൽ ഥാനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം
ദോഹ: ഖത്തറിന്റെ പർവതാരോഹക ശൈഖ അസ്മ ആൽ ഥാനി മറ്റൊരു നേട്ടത്തിന്റെ നെറുകയിൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പതിനൊന്നാമത്തെ പർവതമായ പാകിസ്താനിലെ ഗാഷർബ്രം 1 കൊടുമുടി കീഴടക്കിയ അവർ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊൻതൂവൽകൂടി ചേർത്തുവെച്ചു.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പതിനൊന്നാമത്തെ പർവതമായ ഗാഷർബ്രം 1 കൊടുമുടി കീഴടക്കിയ വിവരം ഖത്തരി പർവതാരോഹക ശൈഖ അസ്മ ആൽ ഥാനി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.‘‘ഗാഷർബ്രം 1 എന്റെ പത്താമത്തെ 8000 മീറ്റർ കൊടുമുടിയാണ്, എനിക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു നിമിഷം’’ -സോഷ്യൽ മീഡിയ പോസ്റ്റിലെ അടിക്കുറിപ്പിൽ അവർ പങ്കുവെച്ചു.‘‘ഖത്തർ പതാക കൈയിൽ പിടിച്ചു നിൽക്കുമ്പോൾ, എന്തിനാണ് ഈ യാത്ര ആരംഭിച്ചതെന്ന് എനിക്ക് ഓർമ വരുന്നു. എന്റെ പരിമിതികൾ പരീക്ഷിക്കാൻ. എന്നേക്കാൾ വലിയതൊന്നിനെ പ്രതിനിധാനം ചെയ്യാൻ. അതിരുകൾക്കപ്പുറം പോകാൻ തയാറാണെങ്കിൽ സ്വപ്നങ്ങൾക്ക് നമ്മളെ ഒരുപാട് ദൂരം എത്തിക്കാൻ കഴിയുമെന്ന് കാണിക്കാൻ’’ -അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചു.
ജൂലൈ തുടക്കത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒമ്പതാമത്തെ കൊടുമുടിയായ, 8126 മീറ്റർ ഉയരമുള്ള പാകിസ്താനിലെ നംഗ പർവതം അവർ കീഴടക്കിയത്. 8000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി ‘എക്സ്പോഴ്സ് ഗ്രാൻഡ് സ്ലാം’ നേടുന്ന ആദ്യ വനിതയാകാനുള്ള ഒരുക്കത്തിലാണവർ. അതേസമയം, ഗാഷർബ്രം 1 കൊടുമുടി കീഴടക്കിയ ശൈഖ അസ്മ ആൽ ഥാനിക്ക് അഭിനന്ദനവുമായി ഖത്തർ കായിക യുവജന മന്ത്രാലയം രംഗത്തുവന്നു. ‘‘ശൈഖ അസ്മ ആൽ ഥാനിയുടെ നേട്ടത്തിലും ഗാഷർബ്രം 1 കൊടുമുടിയിൽ രാജ്യത്തിന്റെ പതാക ഉയർത്തിയതിലും ഞങ്ങൾ അഭിമാനിക്കുന്നു’’ -മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഖത്തറിലെ യുവതക്ക് പ്രചോദനമാണ് അവരെന്നും മന്ത്രാലയം പറഞ്ഞു. പാകിസ്താനിലെ ഗിൽജിത്-ബൽതിസ്താൻ മേഖലയിൽ ഷിഗാർ ജില്ലക്കും ചൈനയിലെ സിൻജ്യങ് പ്രവിശ്യയിലെ താഷ്കുർഗാനും ഇടയിലാണ് ഗാഷർബ്രം സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ കാരക്കോറം മേഖലയിൽ സ്ഥിതിചെയ്യുന്ന ഗാഷർബ്രം മാസിഫിന്റെ ഭാഗവുമാണിത്. സമുദ്രനിരപ്പിൽനിന്ന് 8080 മീറ്റർ (26,510 അടി) ഉയരത്തിലാണ് ഇത് നിലകൊള്ളുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.