രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി തൃശൂർ സ്വദേശി സിമി, ഉയരം 95 സെ.മീ.
text_fieldsസിമിയും പ്രിഗീഷും കുഞ്ഞുമായി
തൃശൂർ: അമ്മിഞ്ഞപ്പാലിനുവേണ്ടി അവൻ മടിയിലിരുന്ന് ചിണുങ്ങുമ്പോൾ സിമിയിലെ അമ്മക്ക് മലയോളമാണുയരം. കുഞ്ഞിനെ ഗർഭം ധരിച്ച ആദ്യ ആഴ്ചതന്നെ നിന്നെക്കൊണ്ട് ഇത് താങ്ങില്ലെന്നും പറഞ്ഞ് ചുറ്റുമുള്ളവർ സിമിയെ നിരുത്സാഹപ്പെടുത്തി. പ്രസവചികിത്സക്ക് സമീപിച്ച ഡോക്ടർമാർ വരെ അവളെ നിരാശപ്പെടുത്തി മടക്കി. ഒരമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ വലുപ്പത്തെ ആർക്കാണ് അളന്നെടുക്കാനാകുന്നത്. ഒടുവിലത് അമ്മയെന്ന കൊടുമുടിയായി പിറവിയെടുക്കുകതന്നെ ചെയ്തു.
തൃശൂർ, വേലൂർ സത്യവിഹാർ കടപ്പത്ത് വീട്ടിൽ കുഞ്ഞുണ്ണിയുടെയും തങ്കമണിയുടെയും മൂത്ത മകൾ കെ.കെ. സിമിയെന്ന 36കാരിക്ക് 3.1 അടിയാണ് ഉയരം. അതായത്, 95 സെന്റിമീറ്റർ. 34 കിലോയാണ് ഭാരം. സിമി ദിവസങ്ങൾക്കുമുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. 1.685 ഗ്രാം തൂക്കമുള്ള ആരോഗ്യവാനായ കുഞ്ഞ്. ഏറെ വെല്ലുവിളികൾക്കൊടുവിൽ അമ്മയായതിന്റെ സന്തോഷത്തിലാണ് സിമി. സർവ പിന്തുണയുമായി ഭർത്താവ് പ്രിഗീഷ് ഒപ്പമുണ്ട്.
എല്ലുകളുടെ വളർച്ചയെ ബാധിക്കുന്ന അപൂർവ ജനിതകവൈകല്യമായ നൈസ്റ്റ് സിൻഡ്രോം സിമിയെ ജന്മനാ കീഴ്പ്പെടുത്തിയതാണ്. എല്ലുകളുടെയും കഴുത്തിന്റെയും പ്രയാസങ്ങൾക്കു പുറമേ ശ്വസനപ്രശ്നങ്ങളും അലട്ടുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ബി.കോം വരെ പഠിച്ച സിമി ഇപ്പോൾ അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് ക്ലർക്കാണ്. നിർമാണത്തൊഴിലാളിയായ മലപ്പുറം പനമ്പാട് സ്വദേശി പ്രിഗീഷിന് 70 ശതമാനം കാഴ്ചപരിമിതിയുണ്ട്. അഞ്ചു വർഷംമുമ്പ് വാട്സ്ആപ് വഴി പ്രണയം മൊട്ടിട്ട ഇരുവരും വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹിതരാകുകയായിരുന്നു. സിമിയുടെ ജോലിയാവശ്യാർഥം പ്രിഗീഷും അമ്മ രുക്മിണിയും അയ്യന്തോളിലേക്ക് വാടക വീടെടുത്ത് താമസം മാറി.
ജൂൺ 23ന് തൃശൂരിലെ സൈമർ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് സിമി കുഞ്ഞിന് ജന്മം നൽകിയത്. ഉയരക്കുറവുള്ള സിമി ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അപകടമാണെന്ന് നേരത്തേ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് സൈമർ ആശുപത്രി സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ. ഗോപിനാഥിനെ സമീപിച്ചത്. ശരിയായ പരിചരണത്തിലൂടെ ഗർഭധാരണം സുഗമമാക്കാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ ഉറപ്പാണ് ആത്മവിശ്വാസമായത്. ജൂൺ 23ന് സിസേറിയനിലൂടെയായിരുന്നു പ്രസവം.
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ ഭക്തവത്സല സ്വദേശിനി കാമാക്ഷിയായിരുന്നു ഇതുവരെ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മ. 108 സെന്റിമീറ്റർ (3.5 അടി) ഉയരമാണ് ഇവർക്കുള്ളത്. സെപ്റ്റംബർ എട്ടിന് തങ്ങളുടെ സന്തോഷക്കൊടുമുടിയായ കുഞ്ഞു മകനുമൊത്ത് ആദ്യ വിവാഹവാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ദമ്പതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.