സിസ്റ്റർ ജോസി: കൂടൊഴിഞ്ഞത് ആകാശപ്പറവകളുടെ അമ്മക്കിളി
text_fieldsസിസ്റ്റർ ജോസി
തുവ്വൂർ: നിത്യതയിലേക്ക് പറന്ന് അരനൂറ്റാണ്ടുകാലം ആയിരങ്ങളെ കാരുണ്യച്ചിറകിലൊളിപ്പിച്ച അഗതികളുടെ അമ്മക്കിളി. തുവ്വൂർ വിമല ഹൃദയാശ്രമം ഡയറക്ടർ സിസ്റ്റർ ജോസി എം.എസ്.ജെ (76) യാണ് സാന്ത്വനത്തണലിൽ ജീവിതം തിരിച്ചുപിടിച്ച നിരവധി പേരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. പാലായിലെ പരേതനായ പുളിക്കൽ മൈക്കിളിന്റെ മകളായ ത്രേസ്യാമ്മയാണ് സിസ്റ്റർ ജോസിയായി ദൈവവഴിയിൽ ജീവിതം സമർപ്പിച്ചത്.
ധർമഗിരി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിലെ പ്രൊവിൻസ് അംഗമായ സിസ്റ്റർ ജോസി കോതമംഗലം, ചെറുപുഴ, പോത്താനിക്കാട്, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിൽ സേവനം ചെയ്തു. 1998ൽ വിമല ഹൃദയാശ്രമം ഡയറക്ടറായി തുവ്വൂരിലെത്തി. 26 വർഷം ആശ്രമത്തിന്റെ അഡ്മിനിസ്ട്രേറ്റർ, സുപ്പീരിയർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇക്കാലത്ത് പല കാരണങ്ങളാൽ ജീവിതത്തിന്റെ പുറമ്പോക്കിലെറിയപ്പെട്ട ആയിരക്കണക്കിന് ജീവിതങ്ങളിലേക്ക് ആർദ്രതയുടെ മാലാഖയായി സിസ്റ്റർ പെയ്തിറങ്ങി.
ഉപേക്ഷിക്കപ്പെട്ട നിരവധി നവജാത ശിശുക്കളെ ഏറ്റെടുത്ത് വളർത്തി മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലേക്ക് തിരികെ നടത്തി. മനോനില തെറ്റിയവരും കുടുംബം തെരുവിൽ തള്ളിയവരും ലഹരിയുടെ അടിമകളുമെല്ലാം ജോസിയുടെ സ്നേഹത്തണലിൽ ജീവിതത്തിന്റെ കരപറ്റി. സൗമ്യതയും സ്നേഹവും കൊണ്ട് നാടിന്റെ തന്നെ അമ്മയായി മാറിയ സിസ്റ്റർ അർബുദത്തിന്റെ വേദനയിലും ആശ്രമത്തിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ യത്നിച്ചു.
ഭൗതികശരീരം ചൊവ്വാഴ്ച ആശ്രമത്തിൽ പൊതുദർശനത്തിന് വെച്ചു. നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്. ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെ താമരശ്ശേരി യേശുഭവൻ കോൺവെൻറിലേക്ക് കൊണ്ടുപോകും. രൂപത വികാരി ജനറൽ ഫാദർ അബ്രഹാം വയലിലിന്റെ കാർമികത്വത്തിൽ അന്ത്യ കർമങ്ങൾ നടക്കും. തുടർന്ന് താമരശ്ശേരി യേശുഭവൻ കോൺവെൻറിൽ സംസ്കാരം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.