പാഠപുസ്തകത്തിൽ നിന്നിറങ്ങി ‘മലയാളത്തിന്റെ ഹെലൻ കെല്ലർ’ കുട്ടികൾക്ക് മുന്നിൽ
text_fields1)നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെത്തിയ സിഷ്നക്ക് പി.ടി.എ പ്രസിഡന്റ് വി.ടി.എ. കരീം ഉപഹാരം 2) സിഷ്നയെക്കുറിച്ച് എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ പാഠം നൽകുന്നു
പട്ടാമ്പി: അന്ധയും മൂകയും ബധിരയുമായ ഒരാൾക്ക് എങ്ങനെ മറ്റുള്ളവരുടെ ആശയവിനിമയം ഉൾക്കൊള്ളാനാവും?. അതിനുള്ള ഉത്തരമാണ് തലശ്ശേരിക്കാരിയായ സിഷ്ന ആനന്ദ്. കുടയും ചന്ദനത്തിരിയും കടലാസ് പൂക്കളും പേനയുമുണ്ടാക്കിയും കമ്പ്യൂട്ടറും മൊബൈലും അനായാസം ഉപയോഗിച്ചും റിയാലിറ്റി ഷോയിൽ നൃത്തംചെയ്തും വിദ്യാലയങ്ങളിൽ മോട്ടിവേഷൻ ക്ലാസെടുത്തും മലയാളിയുടെ ഹെലൻ കെല്ലർ ആയ സിഷ്ന ആനന്ദ് ക്ലാസുകാർക്ക് പഠനവിഷയമായതിൽ ആശ്ചര്യപ്പെടാനില്ല. മലയാളം അടിസ്ഥാന പാഠാവലിയിൽ ‘മലയാളിയുടെ ഹെലൻ കെല്ലർ’ എന്ന പാഠം കണ്ണൂർ പൊന്ന്യം സ്വദേശിനി സിഷ്ന ആനന്ദിനെകുറിച്ചാണ്.
പാഠപുസ്തകത്തിൽ നിന്നിറങ്ങി അതിജീവനകഥ പറയാൻ സിഷ്ന ആനന്ദ് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെത്തി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പട്ടാമ്പി താലൂക്ക് കമ്മിറ്റിയും നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് സിഷ്നക്ക് വരവേൽപ് നൽകിയത്. അച്ഛൻ ആനന്ദിനൊപ്പം സ്കൂളിലെത്തിയ സിഷ്നക്ക് പി.ടി.എ പ്രസിഡന്റ് വി.ടി.എ. കരീം ഉപഹാരം നൽകി.
കണ്ണൂർ കോടിയേരി ആച്ചുകുളങ്ങര സ്വദേശികളായ ആനന്ദ് കൃഷ്ണ, പ്രിയ ദമ്പതിമാരുടെ മകളാണ് സിഷ്ന. 2017 വരെ മുംബൈയിലായിരുന്നു ജീവിതം. കണ്ണും കാതുമില്ലാത്ത സംസാരശേഷിയില്ലാത്ത ഹൃദയത്തിന് തകരാറുള്ള കുഞ്ഞിനെ എങ്ങനെ വളർത്തുമെന്ന ഡോക്ടറുടെ ചോദ്യത്തിന് എന്റെ കൈവിരലുകളാണ് അവളുടെ കണ്ണും കാതുമെന്നായിരുന്നു അച്ഛന്റെ ഉത്തരം. പത്താം ക്ലാസ് വരെ മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സിഷ്ന അച്ഛന്റെ വാക്കുകൾ യാഥാർഥ്യമാക്കി. തൊട്ടുള്ള ആംഗ്യഭാഷ എന്ന ആശയവിനിമയ രീതിയിൽ എല്ലാ വെല്ലുവിളികളെയും സിഷ്ന അതിജീവിച്ചു.
സ്വന്തം ജീവിതം നേരിട്ട് പറയാൻ മുന്നിലെത്തിയ സിഷ്നയെ വിദ്യാർഥികൾ സ്നേഹപൂർവം സ്വീകരിച്ചു. സിഷ്നയ്ക്കുള്ള ആദരം പി.ടി.എ പ്രസിഡന്റ് വി.ടി.എ. കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. ജൂഡ് ലൂയിസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ. പഴനിയപ്പൻ, ബൈജു കോട്ടയിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. പ്രദീപ്, സ്പെഷൽ എജുക്കേറ്റർ കെ. സുഷമ, എം. അഷറഫ്, പി. അമ്പിളി, ടി.കെ. ശാന്തി , എൻ. ദീപ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.