കൂട്ടുകാരികൾ കൈകോർത്തു; കടലും കടന്നു വിജയസംരംഭം
text_fieldsമിസ്രിയയും ഫാത്തിമ മുഹമ്മദ് റാഫിയും മൾട്ടി ബ്രാൻഡ് ഷോപ്പിന് മുന്നിൽ
ഈരാറ്റുപേട്ട: നാടാകെ അടച്ചുപൂട്ടി കോവിഡ് സർവസംഹാരി ആയിരുന്ന കാലം. രണ്ടു കൂട്ടുകാർ ചേർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ഒരു ബിസിനസ് സംരംഭത്തിന് തുടക്കമിട്ടു. ഓൺലൈൻ ബിസിനസിന്റെ സാധ്യത മനസ്സിലാക്കി തുടങ്ങിയ സംരംഭം ഇന്ന് സ്വദേശത്തും വിദേശത്തുമായി ഒരുകൂട്ടം വിശ്വസ്ത ഉപഭോക്താക്കളുമായി മുന്നേറുകയാണ്.
ഈരാറ്റുപേട്ട എന്ന കച്ചവട ഗ്രാമത്തിന്റെ ചൂടും ചൂരുമേറ്റ് വളർന്ന നടക്കൽ വട്ടക്കയത്ത് മജീദിന്റെയും മൈമൂണിന്റെയും മകൾ മിസ്രിയ, നടക്കൽ വല്ലത്ത് ഷെരീഫിന്റെയും സലീനയുടെയും മകൾ ഫാത്തിമ മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ് ക്യൂൻ ബീസ് കലക്ഷൻ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലൂടെ ചെറിയനിലയിൽ ബിസിനസ് ആരംഭിച്ചത്.
ഏഴുവർഷം പിന്നിടുമ്പോൾ സ്വദേശത്തും വിദേശത്തും ഏറെ സുപരിചിതമാണ് ക്യൂൻ ബീസ് കലക്ഷൻ. വിവിധ മോഡലുകളിലെ നമസ്കാര കുപ്പായങ്ങൾ, ജയ്പൂർ കോട്ടൺ ചുരിദാർ തുടങ്ങിയവ ആവശ്യക്കാർക്ക് കൊറിയറിൽ എത്തിക്കുന്നതായിരുന്നു സംരംഭം. പിന്നീട് കുർത്തീസ് മെറ്റീരിയൽ, ടർക്കീഷ് തുടങ്ങി വിവിധതരം പ്രയർ തുണിത്തരങ്ങളും ചേർത്ത് ബിസിനസ് വിപുലീകരിച്ചു. ചിട്ടയായ പ്രവർത്തനവും വിശ്വസനീയതയും വിലക്കുറവും ഗുണമേന്മയും കൂടുതൽ ഗുണഭോക്താക്കളെ ആകർഷിച്ചു. ക്യൂൻ ബീസ് കലക്ഷന്റെ ഇൻസ്റ്റഗ്രാം പേജിന്റെ പിന്തുണ അതിനു തെളിവാണ്. വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങാൻ തുടങ്ങിയതോടെ അവർ ആവേശത്തോടെ ബിസിനസ് വിപുലമാക്കി.
ആവശ്യക്കാർ കൂടുതലും വിദേശത്തുനിന്ന് ആയതോടെ രണ്ടു വർഷം മുമ്പാണ് യു.എ.ഇയിലേക്കും ബിസിനസ് വ്യാപിപ്പിച്ചത്. അവിടെയും ബിസിനസ് തകൃതിയാണ്. ആവശ്യാനുസരണം വിദേശത്തുനിന്ന് ഇങ്ങോട്ടും ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ വിദേശത്തേക്കും കൊറിയർ വഴി എത്തിച്ച് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്തി. മൾട്ടി ബ്രാൻഡ് സ്റ്റോർ വഴി ഓഫ്ലൈനിലൂടെയും വ്യാപാരമുണ്ട്.
കേരളത്തിലെ പ്രധാനപട്ടണങ്ങളിലെ മൾട്ടി ബ്രാൻഡ് സ്റ്റോറുകളിലും ക്യൂൻ ബീസ് കലക്ഷന്റെ ഉൽപന്നങ്ങൾക്കു പ്രിയമേറെയാണ്. ഇപ്പോൾ ഒരുമിച്ചു സാധനങ്ങൾ വാങ്ങി വീടുകളിലൂടെ മാർക്കറ്റ് ചെയ്യുന്ന വിതരണക്കാരും ഇപ്പോഴുമുണ്ട്.
കുടുംബങ്ങളുടെ പൂർണ പിന്തുണയാണ് ബിസിസ് വിജയത്തിന്റെ അടിസ്ഥാനം. സൽമാൻ നാസർ ആണ് മിസ്രിയയുടെ ഭർത്താവ്. ഇഷാൻ അലി, ഇയാൻ അലി എന്നിവരാണ് മക്കൾ. ഫാത്തിമയുടെ ഭർത്താവ് മുഹമ്മദ് റാഫി. റുഫൈദ് അഹമ്മദ്, റിഷാൻ അഹമ്മദ്, ഹൈസൻ എന്നിവരാണ് മക്കൾ. കുടുംബകാര്യങ്ങളും ബിസിനസ് കാര്യങ്ങളുമായി തിരക്കിലാകുമ്പോഴും ഈ സംരംഭത്തെ മികച്ചൊരു കമ്പനിയാക്കി ഉയർത്തണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.