അതീജീവനത്തിന്റെ ഉയരങ്ങൾ കീഴടക്കി സുഹദ
text_fieldsസുഹദ
കല്ലടിക്കോട്: പ്രതിസന്ധിയുടെ തീച്ചൂളയിലും ആത്മവിശ്വാസത്തിന്റെ കരുത്തുമായി കരിമ്പ സ്വദേശിനി എസ്. സുഹദ അതിജീവനത്തിന്റെ ഉയരങ്ങൾ കീഴടക്കുകയാണ്. ആത്മധൈര്യവും ഇച്ഛാശക്തിയും കായികശേഷിയും ഉണ്ടെങ്കിൽ വനിതകൾക്കും ഏത് ജോലിയും നിഷ്പ്രയാസം ചെയ്യാമെന്ന് തെളിയിക്കുകയാണ് ഈ യുവതി. ഉയരങ്ങൾ താണ്ടിമരം വെട്ടാനും താഴ്ചയേറിയ കിണറുകളിലിറങ്ങാനും സുഹദയുടെ കഴിവ് വേറെയാണ്. പ്രതിസന്ധിയിലും തളരാത്ത കർമാവേശവുമായി ജീവിക്കുന്ന സുഹദയെ സംസ്ഥാന വനിതകമീഷൻ സ്ത്രീശക്തി പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കരിമ്പ കോയപ്പക്കളം ഷമീറിന്റെ സഹധർമിണിയായി വളരെ ചെറുപ്പത്തിലെ കുടുംബജീവിതം തുടങ്ങി. അല്ലലും അലട്ടുമാതെ ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് സഹദയുടെ ഭർത്താവും സന്നദ്ധ പ്രവർത്തകനുമായ കരിമ്പ ഷമീർ 2024 മേയ് 30ന് ഹൃദയാഘാതം മൂലം നിര്യാതനായത്. നാല് മക്കളെയും തന്നെയും തനിച്ചാക്കി ഷമീർ വിട പറയുമ്പോൾ കടബാധ്യതയും പണി ആയുധങ്ങളും മാത്രമാണ് ബാക്കിവെച്ചത്. ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നതിന് ജോലി തേടിയുള്ള യാത്രയിൽ നിരാശ മാത്രമായിരുന്നു കൂട്ട്. 28കാരിയായ സുഹദക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. പല ജോലികൾക്കും വിദ്യാഭ്യാസ യോഗ്യതയും വിലങ്ങ് തടിയായി. ജീവിക്കാനുള്ള പെടാപാടിൽ ഒടുവിൽ ഭർത്താവിന്റെ വഴിയെ തന്നെ തെരഞ്ഞെടുത്തു. വീട്ടുകാരും സഹപ്രവർത്തകരും സുഹദയുടെ തീരുമാനം പിന്തുണച്ചു.
കൂട്ടത്തിൽ ശ്രദ്ധയോടെ ചെയ്യണമെന്ന ഉപദേശവും. ഇതിനിടയിൽ ഇരിങ്ങാലക്കുടയിലെ വുഡ് പെക്ക് എന്ന സ്ഥാപനത്തിൽ പരിശീലനം നേടി. മരം വെട്ടുന്ന തൊഴിലിൽ ഏർപ്പെട്ടു. ആദ്യമെല്ലാം മരകൊമ്പുകൾ മുറിച്ച് നീക്കിയും ചെറിയ മരങ്ങൾ മുറിച്ചുമാണ് തുടക്കം. പിന്നീട് ജോലി വഴങ്ങിയതോടെ ആത്മധൈര്യവും കൂടി.നിത്യവും നേരത്തേ എഴുന്നേറ്റു പാചകവും വീട്ട് ജോലിയും ചെയ്തു തീർക്കും.
മക്കളായ ഷിഫാസ്, ഷിഫാന, മുഹമ്മദ് ഷമമാസ്, ഷാ നിബ എന്നിവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്താണ് ജോലി സ്ഥലത്തേക്ക് പോകുന്നത്.
പരിസര പ്രദേശങ്ങളിലെ മരം മുറിക്കുന്നതിന് കരാർ കിട്ടി തുടങ്ങിയതോടെ ഇവരെ പറ്റി അറിയുന്നവർ ഇതുപോലുള്ള ജോലികൾ ഏൽപിച്ച് തുടങ്ങി. വേനൽ കാലമായതോടെ കിണർ നവീകരണവും മറ്റും കരാർ എടുക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. ജോലിയോടൊപ്പം തന്നെ ജോലി സ്ഥലത്തേക്ക് പോകുന്നതിനും ഉപകരണങ്ങൾ കൊണ്ട് പോകുന്നതിനും മറ്റ് വാഹനങ്ങൾ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവിങ് പഠിക്കാനും ആലോചനയുണ്ട്.
പഠനത്തിന്റെ പോരായ്മ പരിഹരിക്കാൻ പത്താംതരം തുല്യത പരീക്ഷ എഴുതി തുടർപഠനം നടത്താനും സുഹദ മുന്നൊരുക്കം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.