22 മാസത്തിനിടെ ദാനംചെയ്തത് 300 ലിറ്റർ മുലപ്പാൽ; കുരുന്നുകളുടെ ജീവൻ രക്ഷിച്ച തമിഴ്നാട്ടുകാരി റെക്കോഡ് ബുക്കിൽ
text_fieldsസെൽവ ബൃന്ദ
ചെന്നൈ: 22 മാസത്തിനിടെ 300 ലിറ്റർ മുലപ്പാൽ ദാനംചെയ്ത തമിഴ്നാട്ടുകാരി സെൽവ ബൃന്ദ റെക്കോഡ് പുസ്തകത്തിൽ ഇടംനേടി. തിരുച്ചിറപ്പള്ളിയിലെ കാട്ടൂർ സ്വദേശിയാണ് 33കാരിയായ സെൽവ. തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്ന നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പും ദാഹവും തനിക്ക് അകറ്റാൻ കഴിഞ്ഞെന്ന് സെൽവ പറയുന്നു. രണ്ടര വർഷം മുമ്പ് സ്വന്തം കുഞ്ഞ് നിയോനാറ്റൽ ഐ.സി.യുവിൽ കഴിഞ്ഞപ്പോഴാണ് മുലപ്പാൽ ദാനത്തിന്‍റെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞത്.
2023 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തമിഴ്നാട്ടിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ ഗവൺമെന്‍റ് ആശുപത്രിയിലെ അമൃതം ഫൗണ്ടേഷനുമായി സഹകരിച്ച് സെൽവ മുലപ്പാൽ ദാനം ചെയ്തത്. രണ്ടുവർഷത്തോളം നൽകിയ മുലപ്പാലിന്‍റെ മൊത്തം അളവെടുത്തപ്പോൾ 300.17 ലിറ്ററുണ്ടായിരുന്നു. ഈ അപൂർവ പ്രവൃത്തിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും സെൽവ ഇടംനേടി.
“എന്‍റെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ നവജാത ശിശുക്കൾക്ക് പിടിപെടുന്ന മഞ്ഞപ്പിത്തം കാരണം അവളെ മൂന്ന് -നാല് ദിവസം എൻ.ഐ.സിയുവിൽ പ്രവേശിപ്പിച്ചു. ആ സമയത്ത് എന്‍റെ മുലപ്പാൽ പമ്പ് ചെയ്യാനും കുഞ്ഞിന് നൽകാനും എന്നോട് ഡോക്ടർമാർ ആവശ്യപ്പെട്ടു. അധികമായി വന്ന പാൽ എന്റെ അനുമതിയോടെ തന്നെ എൻ.ഐ.സിയുവിൽ ഉണ്ടായിരുന്ന മറ്റു കുഞ്ഞുങ്ങൾക്കും നൽകി. ആ സമയം മുതൽക്കാണ് ഞാൻ മുലപ്പാൽ ദാനം ചെയ്യാൻ തീരുമാനിച്ചത്” -സെൽവ ബൃന്ദ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
“മുലപ്പാൽ ദാനംചെയ്തതിലൂടെ ഞാൻ നൂറുകണക്കിന് കുഞ്ഞുങ്ങളെ രക്ഷിച്ചു. എല്ലാ അമ്മമാരും മുലപ്പാൽ ദാനം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ എൻ.ഐ.സിയുവിൽ പ്രവേശിപ്പിക്കാറുണ്ട്. ഈ സമയത്ത് മുലപ്പാൽ ദാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു” -സെൽവ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.