Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right15ആം വയസിൽ വിവാഹം, ...

15ആം വയസിൽ വിവാഹം, പിന്നാലെ ഭർത്താവിന്‍റെ വിയോഗം; അവിടെ നിന്ന് ഇന്ത്യയുടെ ആദ്യ വനിതാ എൻജിനീയറിലേക്ക്

text_fields
bookmark_border
എ.ലളിത
cancel
camera_alt

എ.ലളിത

1964-ൽ ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര വനിതാ എന്‍ജിനീയർമാരുടെ സമ്മേളന വേദിയിലേക്ക് കയറി വന്ന ആ സ്ത്രീ തന്‍റെ പ്രസംഗത്തിന്‍റെ ആരംഭത്തിൽ തന്നെ സദസിനെ നിശബ്ദമാക്കിയത് ഇപ്രകാരം പറഞ്ഞുകൊണ്ടായിരുന്നു. `ഞാൻ 150 വർഷം മുമ്പ് എന്റെ രാജ്യത്ത് ജനിച്ചിരുന്നെങ്കിൽ എന്റെ ഭർത്താവിന്റെ മൃതദേഹത്തോടൊപ്പം എന്നെയും ചിതയിൽ കത്തിച്ചുകളയുമായിരുന്നു'. ഇന്ത്യയിലെത്തന്നെ ആദ്യ വനിതാ എന്‍ജിനീയറായ എ. ലളിതയുടെ വാക്കുകളാണിവ. വളരെ കുറച്ച് സ്ത്രീകൾ മാത്രം എത്തിച്ചേർന്നിരുന്ന മേഖലയായിരുന്നു അന്ന് എന്‍ജിനീയറിങ്. ആ കാലഘട്ടത്തിൽ ഇന്ത്യയിലെ ആദ്യ വനിതാ എന്‍ജിനീയറായി മാറുക എന്നത് നിസാരമായ ഒന്നല്ല.

വെറുമൊരു എന്‍ജിനീയറായി മാറിയതിന്റെ കഥ മാത്രമല്ല ലളിതക്ക് പറയാന്‍ ഉണ്ടായിരുന്നത്.15-ാം വയസ്സിൽ നടന്ന വിവാഹത്തോടെ തന്റെ വിദ്യാഭ്യാസം അവസാനിക്കുമെന്ന് ഏതാണ്ട് ആ പെൺകുട്ടി ഉറപ്പിച്ചു. പിന്നാലെയുണ്ടായ ഭർത്താവിന്‍റെ വിയോഗവും നാല് മാസം പ്രായമുള്ള മകളുടെ ഉത്തരവാദിത്വവും ലളിതയെ നിലയില്ലാ കയത്തിലേക്ക് വലിച്ചിഴച്ചു.

1919 ഓഗസ്റ്റ് 27ന് മദ്രാസിലെ ഒരു മധ്യവർഗ തെലുങ്ക് കുടുംബത്തിലായിരുന്നു ജനനം. ഏഴ് മക്കളിൽ അഞ്ചാമത്തെയാളായിരുന്നു ലളിത. പിതാവ് പപ്പു സുബ്ബാറാവു ഗിണ്ടിയിലെ എൻജിനീയറിങ് കോളജിൽ പ്രൊഫസറായിരുന്നു. ലളിതയുടെ സഹോദരന്മാരും പിന്നീട് പിതാവിന്‍റെ പാത പിന്തുടർന്ന് എന്‍ജിനീയർമാരായി. വിവാഹം ചെയ്തെങ്കിലും മകളുടെ വിദ്യഭ്യാസം മുടങ്ങാന്‍ പാടില്ലെന്ന് ലളിതയുടെ പിതാവ് വിശ്വസിച്ചു. പിന്നാലെ അവർ പത്താം ക്ലാസ് വിദ്യഭ്യാസം പൂർത്തിയാക്കുകയും ചെയ്തു.

1937 ലാണ് ലളിതക്ക് മകൾ ജനിക്കുന്നത്. 18-ാം വയസിൽ ഭർത്താവിന്‍റെ മരണത്തോടെ മകളുമായി അവർ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. പ്രതിസന്ധിയിലും വിദ്യാഭ്യാസം നേടണമെന്നും സാമ്പത്തിക ഭദ്രത കൈവരിക്കണമെന്നും ലളിത ആഗ്രഹിച്ചിരുന്നു. എത് സാഹചര്യത്തനിടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന ദൃഢനിശ്ചയമാണ് അവരെ ഇന്ത്യയിലെ ആദ്യ വനിതാ എന്‍ജിനീയർ എന്ന പദവിയിലെത്തിച്ചത്.

കുടുംബത്തിന്റെ പിന്തുണയോടെ മദ്രാസിലെ ക്വീൻ മേരീസ് കോളേജിൽ ലളിത ചേർന്നു. അക്കാലത്ത് സ്ത്രീകൾക്ക് കൂടുതൽ പരിചിതമായ പ്രൊഫഷണൽ മേഖലയായിരുന്നു വൈദ്യശാസ്ത്രം. ലളിതക്കും അതിൽ താൽപര്യമുണ്ടായിരുന്നു. എന്നാൽ ഒരു ഡോക്ടറായാൽ ദീർഘനേരം ജോലി ചെയ്യേണ്ടിവരുമെന്നും ഏത് സമയത്തും സേവനത്തിന് തയ്യാറായിരിക്കേണ്ടിവരുമെന്നും അവർ തിരിച്ചറിഞ്ഞു. തന്‍റെ നിസ്സഹായവസ്ഥയിൽ അത്തരമൊരു കരിയർ വെല്ലുവിളിയായതുകൊണ്ടുതന്നെ ലളിത പിതാവിന്‍റെയും സഹോദരങ്ങളുടെയും സഹായത്തോടെ ഇലക്ട്രിക് എന്‍ജിനീയറങിലേക്ക് തിരിഞ്ഞു. അന്നത്തെ കാലത്ത് ഗിണ്ടിയിലെ എന്‍ജിനീയറിങ് കോളജിൽ ഒരു പെൺകുട്ടിയും ആ വിഷയം തിരഞ്ഞെടുത്തിരുന്നില്ല.

മകളുടെ ആഗ്രഹത്തിന് ഒപ്പം നിന്ന പിതാവ് പപ്പു സുബ്ബറാവു പ്രിന്‍സിപ്പാലിനോട് എങ്ങനെയെങ്കിലും സീറ്റ് നൽകണമെന്ന് അഭ്യർഥിച്ചു. 1940 ലാണ് ലളിത ഇലക്ട്രിക് എന്‍ജിനീയറിങിൽ പഠനം ആരംഭിച്ചത്. നൂറുകണക്കിന് പുരുഷവിദ്യാർഥികൾക്കിടയിൽ ഇരുന്ന് ലളിത തന്‍റെ ലക്ഷ്യത്തിലേക്ക് നടന്നു കയറി. ഈ സമയങ്ങളിലെല്ലാം മകൾക്ക് വേണ്ട എല്ലാ സഹായങ്ങളും സുബ്ബറാവു ചെയ്തുകൊടുത്തു.

ലളിതക്ക് ശേഷം കോളജിൽ പെൺകുട്ടികൾക്കുള്ള കൂടുതൽ സീറ്റുകൾ അനുവദിച്ചു. പിന്നാലെ നിരവധി പേർ പഠനത്തിനായെത്തി.1946ൽ ലളിത ബിരുദം പൂർത്തിയാക്കി ഇന്ത്യയിലെ ആദ്യ വനിത എന്‍ജിനീയറായി. ഇന്ത‍്യയിലെ സ്ത്രീകളുടെ വിദ്യ‍ാഭ്യാസ ചരിത്രത്തിൽ എ.ലളിത എന്നും ഒരു പൊന്‍ തൂവലാണ്. തന്‍റെ പ്രതിസന്ധികളോട് അക്ഷീണം പോരാടി അവർ നേടിയെടുത്തത് ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും പ്രചേദനമാകുന്ന ജാവിതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerIndialife womenLifestyle
News Summary - the life path of India's first woman engineer A Lalitha
Next Story