ഇന്ന് ലോക നഴ്സിങ് ദിനം; രണ്ട് പതിറ്റാണ്ടിന്റെ സാന്ത്വന സ്പർശം
text_fieldsസിസ്റ്റർ റഹ്മത്ത് എം. ഹനീഫ
റിയാദ്: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇമകളടക്കാതെ രോഗികൾക്ക് സദാ സാന്ത്വനത്തിന്റെ സാമീപ്യം നൽകുന്നവരാണ് ലോകമെമ്പാടുമുള്ള നഴ്സുമാർ. ദീനദയാലുക്കളായ നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്കർത്താവുമായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തിൽ ലോക നഴ്സിങ് ദിനം ആചരിക്കുന്നത്.
റിയാദിൽ രണ്ടു പതിറ്റാണ്ട് കാലം സേവനനിരതയായ കോട്ടയം തിരുവാതിക്കൽ സ്വദേശിനി റഹ്മത്ത് എം. ഹനീഫ ഈ ഗണത്തിൽപ്പെട്ട ഒരു മാലാഖയാണ്. ചെറുപ്പത്തിൽ തന്നെ രോഗികളെ പരിചരിക്കാനും പ്രയാസം നേരിടുന്നവരോട് അനുകമ്പയോടെ പെരുമാറുന്നതിനും ഏറെ താല്പര്യമുള്ള ഒരു പെൺകുട്ടി. ആ മോഹമാണ് സയൻസ് എടുത്തുപഠിക്കാനും നഴ്സിങ് മേഖലയിൽ എത്തിച്ചേരാനും നിമിത്തമായത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് ബി.എസ്.സി നഴ്സിങ് പഠിച്ചിറങ്ങിയത്. ജ്യേഷ്ഠത്തി ലുബാബത്ത് ഹനീഫും ഇതേ കോഴ്സ് പഠിച്ച് ജോലി നേടിയത് ഒരു പ്രചോദനമായി. അവർ ഇപ്പോൾ സലാല മിലിറ്ററി ആശുപത്രിയിൽ നഴ്സിങ് ഓഫിസറാണ്.
22 വർഷം മുമ്പ് റിയാദിലെത്തിയ സിസ്റ്റർ റഹ്മത്ത് ഒരുവർഷം മൻസൂരിയയിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. പിന്നീടാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചത്. 19 വർഷമായി ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്മെന്റിൽ സൂപ്പർ വൈസറായി സേവനം അനുഷ്ഠിക്കുകയാണ്. ഏറെ ജാഗ്രത ആവശ്യമുള്ള ഒരു മേഖലയാണിത്. ആശുപത്രിയിൽനിന്ന് ആർക്കും ഇൻഫെക്ഷൻ ആകാതിരിക്കുവാനുള്ള കുറ്റമറ്റ പ്രതിരോധവും മുൻകരുതലുമാണ് സേവനത്തിന്റെ കാതൽ.
ഡോക്ടർമാർ മുതൽ ക്ലീനിങ് സ്റ്റാഫ്, സന്ദർശകർ വരെയുള്ള എല്ലാവർക്കും ഈ സുരക്ഷ ലഭ്യമാക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്. രോഗികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുക, അവരെ മോണിറ്റർ ചെയ്യുക, ആശുപത്രി ജീവനക്കാർക്കും മറ്റും മാർഗനിർദേശങ്ങൾ നൽകുകയും പരിശീലനം നൽകുകയും ചെയ്യുക എന്നിവയാണ് പ്രധാന ജോലി. ഏതെങ്കിലും രോഗികളിൽനിന്ന് ആരോഗ്യ പ്രവർത്തകർക്കോ മറ്റോ ഏതെങ്കിലും തരത്തിൽ രോഗ ബാധയുണ്ടായാൽ ഉടനെ കണ്ടെത്തി, ഐസുലേറ്റ് ചെയ്യുന്നതും ഈ ഡിപ്പാർട്മെന്റാണ്.ഇന്ന് നഴ്സിങ് രംഗത്ത് സ്വദേശി നഴ്സുമാർ ധാരാളമായി ജോലി ചെയ്യുന്നുവെങ്കിലും ഒരു സീനിയർ എന്ന നിലയിലുള്ള സ്നേഹവും ആദരവും സഹപ്രവർത്തകരിൽനിന്നും ലഭിക്കുന്നത് ഏറെ സന്തോഷം നൽകുന്നതായി റഹ്മത്ത് പറഞ്ഞു.
നഴ്സിങ് ജീവിതത്തിൽ മറക്കാനാവാത്ത ഒരു സന്ദർഭമായിരുന്നു കോവിഡ് പടർന്നുപിടിച്ച കാലം. എല്ലാ രോഗികളെയും കൂടെയുള്ളവരെയും മാത്രല്ല, ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെയും ഉത്തരവാദിത്തം ഈ ഡിപ്പാർട്മെന്റ് വഴിയാണ് ചെയ്തിരുന്നത്. കൂടാതെ സ്വന്തത്തിലും കുടുംബത്തിലുമെല്ലാം കോവിഡ് ആഞ്ഞുവീശിയതും ജോലിയും ക്വാറന്റീനുമായി ദിവസങ്ങൾ തള്ളിനീക്കിയതും ആരോഗ്യ പ്രവർത്തന ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ്.ഈ സമയത്ത് നിരവധി വ്യക്തികൾക്കും സംഘടനകൾക്കും മാനുഷികവും ജീവകാരുണ്യപരവുമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതും സംതൃപ്തിയോടെ ഓർക്കുന്നു. ഒരു സംഘടനയിലും അംഗമല്ലെങ്കിലും ഈ മേഖലയിൽ നിന്നുകൊണ്ട് സാധ്യമായ സേവന പ്രവർത്തനങ്ങളിൽ പങ്ക് ചേരാറുണ്ട്.
ലോകത്തെമ്പാടുമുള്ള മനുഷ്യർ ഇന്ത്യൻ നഴ്സുമാരെ വിശേഷിച്ചും കേരളീയരെ ഇഷ്ടപ്പെടാനുള്ള കാരണം ജോലിയിലുള്ള ആത്മാർഥത, നമ്മുടെ സംസ്കാരം, രോഗികളോടും സഹജീവനക്കാരോടുമുള്ള പെരുമാറ്റം, അച്ചടക്കം തുടങ്ങിയ സദ്ഗുണങ്ങളാണ്. അതോടൊപ്പം നമ്മുടെ നാട്ടിൽനിന്നും നഴ്സിങ് രംഗത്ത് നൽകുന്ന വിദ്യാഭ്യാസവും പരിശീലനവും അന്താരാഷ്ട്ര നിലവാരം പുലർത്തുവാൻ നമ്മെ പ്രാപ്തമാക്കുന്നു. മാനുഷികതയോടെയും സഹാനുഭൂതിയോടെയും രോഗികളോട് സഹവസിക്കുവാനും പെരുമാറുവാനും ഏത് സാഹചര്യത്തിലും സാധിക്കണമെന്ന് ലോക നഴ്സിങ് ദിനത്തിൽ സിസ്റ്റർ റഹ്മത്ത് സഹപ്രവർത്തകരെ ഓർമിപ്പിക്കുന്നു.റിയാദിൽ ഓഷ്യൻ മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റഫിയാണ് ഭർത്താവ്. മംഗലാപുരത്ത് യനാപോയ മെഡിക്കൽ കോളജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ നാജില റഫി, നാഹില റഫി (മിഡിൽ ഈസ്റ്റ് സ്കൂൾ, റിയാദ്), അബ്ദുൽ ബാസിത് (യാര സ്കൂൾ, റിയാദ്) എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.