എഴുത്തിലൂടെ ഹൃദയം കവർന്ന ഡോ. ഹന
text_fieldsഡോ. ഹന അബ്ദുൽ കരീം
ഒരു കാർഡിയോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇന്ന് എഴുത്തിലൂടെ ആളുകളുടെ ഹൃദയങ്ങളിലേക്ക് എത്താൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടയാണ് ഇവർ. ഉപ്പ അബ്ദുൽ കരീമും, ഉമ്മ ശുഹൈബിയും എപ്പോഴും പ്രോത്സാഹനം നൽകി കൂടെയുണ്ട്. അത് തന്നെയാണ് തന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിലെ വലിയ ശക്തിയെന്ന് ഹന പറയുന്നു
ജീവിതത്തിൽ ചില സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ യാഥാർഥ്യമാവാതെ പോവുമ്പോൾ സങ്കടങ്ങളുണ്ടാവാം. ഞാനഗ്രാഹിച്ചത് നേടിയില്ലല്ലോ എന്നോർത്ത് തളർന്നുപോവാം. പക്ഷെ, അവിടെവെച്ച് ഓട്ടം നിർത്തിയാൽ കാലം നമുക്കായി കാത്തുവെച്ചിരിക്കുന്ന പലതും നഷ്ടപ്പെട്ടുപോയേക്കാം. ആഗ്രഹിച്ചതിനുമപ്പുറം വലിയ സന്തോഷങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാവും എന്ന് പറയുന്നത് വെറുതെയല്ല. ഡെന്റിസ്റ്റും എഴുത്തുകാരിയുമായ ഡോ. ഹന അബ്ദുൽ കരീമിന്റെ ജീവിതം അതിനൊരു ഉദാഹരണമാണ്. തൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും തോൽവികളും എഴുത്തുകളായി രൂപാന്തരപ്പെട്ടപ്പോൾ, ഇതെല്ലം പ്രസിദ്ധീകരിക്കാൻ പാകമായ കൃതികളായി മാറുമെന്ന് ഹന കരുതിയിരുന്നില്ല.
യു.എ.ഇയിൽ പഠിച്ച് വളർന്ന ഹന സ്കൂൾ കാലം മുതലെ കഥയും കവിതകളുമൊക്കെ എഴുതുമായിരുന്നു. അൽ ഐനിലുള്ള ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂളിലാണ് പഠിച്ചത്. അധ്യാപകരിൽ നിന്ന് നല്ല അഭിപ്രായങ്ങളും, വീണ്ടുമെഴുതണം എന്ന പ്രോത്സാഹനങ്ങളും കൂടെ ലഭിച്ചതോടെ എഴുതാനുള്ള ഊർജമേറി. മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തതോടെ എഴുതാൻ പ്രോത്സാഹനമേറി. ഇതാണ് എഴുത്തിന്റെ തുടക്കം. കണ്ണൂർ സ്വദേശിനിയായ ഹന യു.എ.ഇയിൽ അൽഐനിലാണ് ജനിച്ചതും വളർന്നതുമെല്ലാം.
ഡോ. ഹന അബ്ദുൽ കരീം ഡോ. ശശി തരൂരിനൊപ്പം
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗൾഫ് മാധ്യമം ചിപ്സിൽ തൻ്റെ ഫീച്ചർ പ്രസിദ്ധീകരിച്ചതോടെയാണ് എഴുത്തിനോട് കൂടുതൽ താൽപ്പര്യം തോന്നിത്തുടങ്ങിയത്. 'പ്രൗഡ് ടു ബി ഇന്ത്യൻ' എന്ന മത്സരത്തിൽ പങ്കെടുത്തതിന് ശേഷം ബ്ലോഗിങ് ആരംഭിക്കുകയും തൻ്റെ എഴുത്തുകൾ പത്രങ്ങളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഓരോ എഴുത്തും വായിച്ച് ഉപ്പയും ഉമ്മയും നൽകിയ പിന്തുണയും പ്രോത്സാഹനവും ഹനയ്ക്ക് വലിയ ഊർജമായിരുന്നു.
എൻട്രൻസ് കോച്ചിങ് കാലഘട്ടത്തിൽ വീട്ടിൽ നിന്ന് മാറി നിക്കുന്ന ഒരാവസ്ഥയുണ്ടായപ്പോൾ തന്റെ ചിന്തകളും സങ്കടങ്ങളുമൊക്കെ ഹന കുത്തിക്കുറിക്കുമായിരുന്നു. എം.ബി.ബി.എസ് എന്ന തന്റെ വലിയ സ്വപ്നം ഒരിക്കൽ കൈവിട്ടു പോവുന്ന ഘട്ടത്തിൽ ആ നിരാശയും സങ്കടങ്ങളുമൊക്കെ ഹന എഴുതി തീർത്തു. ആ സങ്കടങ്ങൾ, ഇന്ന് 3 പുസ്തകങ്ങളെഴുതിയ ഒരു എഴുത്തുകാരിയാക്കി തന്നെ മാറ്റുമെന്ന് ഹന സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പഠന കാലഘട്ടത്തിലും ഹോസ്റ്റൽ ജീവിതത്തിലുമൊക്കെ ഓരോ വിദ്യാർത്ഥികളും അനുഭവിക്കുന്ന, അന്ന് താൻ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ എഴുത്ത് ഒരായുധമാക്കുകയായിരുന്നു.
ബ്ലോഗുകളും എഴുതാറുണ്ട്, ബ്ലോഗുകൾ വായിച്ച് തന്റെ ചിന്തകളോട് യോചിക്കുന്നവർ ഇമെയിൽ ആയി സന്ദേശം അറിയിക്കാറുണ്ടായിരുന്നു. എഴുത്ത് തനിക്കൊരു തെറാപ്പി പോലെയായിരുന്നെന്നും ഒരുപക്ഷെ എം.ബി.ബി.എസ് വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ താനൊരു എഴുത്തുകാരിയാവില്ലായിരുന്നു എന്ന് ഹന പറയുന്നു. ഒരു കാർഡിയോളജിസ്റ്റ് ആകണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ, ഇന്ന് എഴുത്തിലൂടെ ആളുകളുടെ ഹൃദയങ്ങളിലേക്ക് എത്താൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടയാണ് ഹന അബ്ദുൽ കരീം. ഉപ്പ അബ്ദുൽ കരീമും, ഉമ്മ ശുഹൈബിയും എപ്പോഴും പ്രോത്സാഹനം നൽകി കൂടെയുണ്ടാവാറുണ്ട്. അത് തന്നെയാണ് തന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിലെ വലിയ ശക്തിയെന്ന് ഹന പറയുന്നു. ഒരു യുവ ഗവേഷക കൂടിയാണ് ഹന, കോളേജിൽ മൂന്നാം വർഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) സ്റ്റുഡൻ്റ്ഷിപ്പ് ഗ്രാന്റ് നേടുകയും വിവിധ ഗവേഷണ സംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി മാഗസിനുകളിലും കവിതാ സമാഹാരങ്ങളിലും ഹാനയുടെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
എഴുതിയതൊക്കെ പ്രസിദ്ധീകരിക്കാൻ സാധിക്കുമോ എന്ന സംശയം ഹനയ്ക്ക് ഉണ്ടായിരുന്നു. ഒരുപാട് പ്രസാധകരെ കണ്ടെങ്കിലും 'കവിതയൊക്കെ ആര് വായിക്കാനാ മോളെ' എന്ന ചോദ്യം കേട്ടപ്പോഴും സ്വപ്‌നങ്ങൾ ഉപേക്ഷിക്കാൻതയ്യാറായിരുന്നില്ല ഹന. ആ സമയം ഭർത്താവ് ഷെഹ്സാദിന്റെ പിന്തുണയും പ്രോത്സാഹനവും കൂടുതൽ ആത്മവിശ്വാസം നൽകി. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറായി പ്രസാധകരുമെത്തി. ഹനയുടെ ഒരു പുസ്തകം ശശി തരൂർ എം.പിയാണ് പ്രകാശനം ചെയ്തത്. നാല് പെൺകുട്ടികളുളള തന്റെ ഉപ്പയോട് പലപ്പോഴും പെൺകുട്ടികളെ എന്തിനാണ് ഇങ്ങനെ എല്ലാത്തിലും പങ്കെടുപ്പിക്കുന്നു എന്ന ചോദ്യം ചോദിച്ചവരുണ്ട്. കരിയറും പാഷനും ഒരുമിച്ച് കൊണ്ടുപോവാൻ സാധിക്കുമെന്ന് തൻ്റെ ജീവിതത്തിലൂടെ തെളിയിച്ച് തന്റെ മൂന്ന് അനിയത്തിമാരായ ഹസ്സ, ആമിന, ഹിഫ്‌സ എന്നിവർക്ക് ഒരു വഴികാട്ടിയാവുക കൂടിയാണ് ഹന. 'പോയെസി', 'പാലറ്റ് ആൻഡ് മാലറ്റ്' എന്ന രണ്ട് കവിതാസമാഹാരങ്ങളിൽ തന്റെ ചിന്തകളും വിചാരങ്ങളും സങ്കടങ്ങളും ഒക്കെയാണുള്ളത്. 'ബിനീത് ദ വീവിങ് വേവ്സ്' എന്ന നോവലാണ് പുതിയതായെഴുതി പ്രസിദ്ധീകരണത്തിനൊരുങ്ങിയിട്ടുള്ളത്. കരിയറും പാഷനും ഒന്നിപ്പിക്കാനുളള തീരുമാനത്തിലാണ് ഹന. ഡെന്റിസ്ട്രിയിൽ എഴുത്തിന് പ്രാധാന്യമുള്ള ക്ലിനിക്കൽ റിസർച്ച് ചെയ്യാനാണ് അടുത്ത പദ്ധതി.
'എല്ലാവരും വിജയിച്ചവരെക്കുറിച്ചും തോറ്റവരെക്കുറിച്ചും സംസാരിക്കും. എന്നാൽ, വിജയത്തിന് തൊട്ടടുത്തെത്തി പരാജയപ്പെട്ടവരെക്കുറിച്ച് ആരും സംസാരിക്കാറില്ല'. തന്റെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത പോലെ ഒരു കഥയാണ് ഹനയുടെ പുതിയ നോവൽ 'ബിനീത് ദ വീവിങ് വേവ്സ്' . ജീവിതത്തിലെ ചില വഴിത്തിരിവുകളിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ സങ്കടപ്പെടാതിരിക്കുക കാരണം അതിലും മനോഹരമായതും മധുരിക്കുന്നതുമായതിനെ ജീവിതം നമുക്ക് സമ്മാനിക്കുമെന്ന് ഹന ഓർമ്മപ്പെടുത്തുന്നു. ചെറിയ ചെറിയ നഷ്ടങ്ങളിൽ തളരാതെ മുന്നോട്ട് പോവൂ മനോഹരമായ പലതും നമ്മെ കാത്തിരിക്കുന്നുണ്ടാവാം...!!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.