മഷിപ്പാത്രം. കെ.എ ബീനയുടെ പംക്തി
text_fieldsഎന്തരൊതിശയം ഈ പുസ്തകം
അതിശയത്തിന്‍െറ കൊടുമുടികളിലേക്ക് പറത്തിവിടുന്ന അത്ഭുതങ്ങള്‍ -പ്രപഞ്ചത്തിന്‍െറ വിസ്മയങ്ങള്‍, മനുഷ്യസൃഷ്ടികള്‍ അവയാണ് മനുഷ്യ ജീവിതത്തിന് സമ്പന്നതയേകുന്നത്. നിലാവിനും കൊടും വെയിലിനും ചാരുത നല്‍കുന്ന സര്‍ഗപരതയുടെ വെള്ളിവെള്ളിച്ചം വിതറി നില്‍ക്കുന്ന അത്തരമൊരനുഭവമാണ് ചില സാഹിത്യ സൃഷ്ടികള്‍ പകര്‍ന്നു തരാറ്. എന്നും എക്കാലവും ഹിമാലത്തിന് മുന്നിലെന്ന പോലെ ‘വേസ്റ്റ് ലാന്‍ഡിന് മുന്നില്‍ ആ അത്ഭുത കാഴ്ച കണ്ടമ്പരന്ന് നിന്നുപോകാറുണ്ട്. അമ്പമ്പോ എന്തരതിശയം, ഏത് ഇന്ദ്രജാലം ഇത് ഒരു മനുഷ്യന്‍ എഴുതിയതു തന്നെയോ എന്നൊക്കെ ഉള്ളം തുടി കൊട്ടിപ്പോകുന്ന സര്‍ഗ വൈഭവത്തിന്‍െറ സാന്നിധ്യം. ഓരോ വാക്കും വരിയും മറ്റേതോ ലോകത്തില്‍ നിന്ന് എത്തുന്ന ഊര്‍ജ പ്രവാഹങ്ങളെന്ന് നിനക്ക് കണ്ണടച്ച് മനസ്സ് കൂപ്പുന്ന വചനത്തിന്‍െറ മഹാധാര. ‘വേസ്റ്റ് ലാന്‍ഡ്’ വായിച്ചപ്പോഴൊക്കെ ആ അമ്പരപ്പില്‍ പെട്ടുപോയിട്ടുണ്ട് ഞാന്‍.
ടി.എസ്. എലിയട്ട് 1922 ലാണ് വേസ്റ്റ് ലാന്‍റിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ ആധുനിക സാഹിത്യത്തില്‍ അഗ്രഗണ്യമായ സ്ഥാനം ഈ കവിത നേടിയിട്ടുണ്ട്. ഓരോ വായനയിലും വ്യത്യസ്തമായ വായനകള്‍ക്കവസരം തരുന്ന വേസ്റ്റ്ലാന്‍ഡിനെക്കുറിച്ച് എണ്ണമില്ലാത്ത പഠനങ്ങള്‍ ലോകമെങ്ങും നടന്നു കൊണ്ടേയിരിക്കുന്നു.
ഭയാക്രാന്തമായ ഒരു കാലഘട്ടത്തിന്‍െറ വെളിപ്പാടുകള്‍ എന്ന് നിസംശയം പറയാവുന്ന വേസ്റ്റ് ലാന്‍ഡില്‍ ഒന്നാം ലോക മഹായുദ്ധത്തിന്‍െറ കെടുതികളും ഇരുളും അരാജകത്വവും അനിശ്ചിതത്വവും ഒക്കെ നിഴലിക്കുന്നു. അസാധാരണവും അത്യപൂര്‍വവുമായ ഒരു ലോക കാഴ്ചയാണ് ഈ കവിത. ഒരു മനുഷ്യന് എങ്ങനെയാണ് ഇങ്ങനെ ആഴമുള്ള സാഹിത്യ സൃഷ്ടി നടത്താനാവുക എന്ന് വിസ്മയിപ്പിച്ചിട്ടുള്ള പുസ്തകങ്ങളില്‍ തീര്‍ച്ചയായും വേസ്റ്റ്ലാന്‍റ് മുന്‍ നിരയിലുണ്ട്.
ആസുരമായ ഒരു കാലത്തിന്‍െറ സ്പന്ദനങ്ങളില്‍ നിന്നുയരുന്ന ആകുലമായ ഓര്‍മപ്പെടുത്തലുകളാണ് വേസ്റ്റ് ലാന്‍റ് കാഴ്ച വെക്കുന്നത്. പേര് പോലെ തന്നെ ജീവിതത്തിന്‍െറ നിരര്‍ഥകത കവിതയിലുടനീളമുണ്ട്.
മിത്തുകളും യാഥാര്‍ഥ്യങ്ങളും ചരിത്ര സംഭവങ്ങളും മറ്റ് കൃതികളില്‍ നിന്നുള്ള വരികളും മറ്റു ഭാഷകളിലെ ഭാഗങ്ങളെ ഒക്കെ ചേര്‍ത്ത് എലിയറ്റ് ‘വേസ്റ്റ്ലാന്‍റ്’ കടുപ്പപ്പെടുത്തിയിരിക്കുന്നു. വേസ്റ്റ്ലാന്‍റിലെ ഓരോ വരിയും വായിച്ചെടുക്കാന്‍ എലിയറ്റ് തന്നെ അതിന്‍െറ ടിപ്പണിക്ക് ഒരു പുസ്തകമിറക്കി. അഞ്ച് ഭാഗങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. ആദ്യഭാഗമായ ‘ദി ബറിയല്‍ ഓഫ് ദി ഡെഡ്’ (The Burial of the Dead) സ്വന്തം കുലത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെടുന്ന മനുഷ്യഅവസ്ഥയെക്കുറിച്ചാണ് പറയുന്നത്. ഏകാന്തമായ ജീവിതാവസ്ഥകളുടെ ചിത്രീകരണമാണ് ഈ ഭാഗത്ത് കവി നടത്തുന്നത്. രണ്ടാംഭാഗം ‘ ദി ഗെയിം ഓഫ് ചെസ്’ (The game of the chess) സാക്ഷാത്കരിക്കാത്ത കാമച്ഛേദനകളക്കുറിച്ച് പറയുന്നു. മൂന്നാമത്തെ ഭാഗത്തില്‍ ‘ദി ഫയര്‍ സെര്‍മണ്‍’ (The fire sermon) സമകാലിക സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുഷ്ടത, പുതിയൊരു പ്രതിഭാസമല്ളെന്ന് പറയുന്നു. എന്നാല്‍ ആധുനിക ഭീകരതയുടെ വേരറുക്കുന്നത് അത്ര എളുപ്പമല്ളെന്ന് എലിയറ്റ് സൂചിപ്പിക്കുന്നു.
അതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സമൂഹം കടന്നുപോകുന്ന മന്ദതയെയാണ്. ‘ഡത്തെ് ബൈ വാട്ടര്‍’ (Death by water) എന്ന നാലാം ഭാഗം നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കുന്നു. അവസാന ഭാഗത്ത് ‘വാട്ട് ദി തണ്ടര്‍ സെഡ്’ (What the Thunder said?) ഭയാനകമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ത്യാഗത്തിലൂടെയേ കഴിയൂ എന്ന് ഇന്ത്യന്‍ ഉപനിഷ്ത്തുക്കളെ ഉദ്ധരിച്ച് എലിയറ്റ് സൂചിപ്പിക്കുന്നു.
യുദ്ധാനന്തര സമൂഹത്തിലുണ്ടായിരുന്ന നഷ്ട ബോധത്തിന്‍െറയും നിരാശയുടെയും തീവ്രമായ സാന്നിധ്യം വേസ്റ്റ് ലാന്‍റിലുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച അവസ്ഥ. അത് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ എലിയറ്റ് എടുത്തുകാട്ടുന്നു. യഥാര്‍ഥമരണവും മരിച്ചതുപോലെ ജീവിക്കലും തമ്മിലുള്ള താരതമ്യം കവിതയുടെ മാനം ഉയര്‍ത്തുന്നു.
തൈര്‍സിയാസ് എന്ന നപുംസകത്തിലൂടെയാണ് എലിയറ്റ് കഥ പറയുന്നത്. ദുര്‍ഗ്രാഹൃമായ സന്ദര്‍ഭങ്ങളിലൂടെയാണ് കവിത മുന്നോട്ട് പോകുന്നത്. തൈര്‍സിയാസിന്‍െറ നപുംസകത്വം എല്ലാം അറിയാനും ഉള്‍ക്കൊള്ളാനും കഴിയുന്നൊരു തലം സൃഷ്ടിക്കുന്നു.
തൈര്‍സിയാസിന്‍െറ അന്ധത വേസ്റ്റ്ലാന്‍റില്‍ താമസിക്കുന്നവര്‍ക്ക് ജീവിതത്തിന്‍െറ വൃര്‍ഥത കാണാനുള്ള ശേഷിക്കുറവിനെ സൂചിപ്പിക്കുന്നു. ആത്മീയ മരണത്തിന്‍െറയുംആന്തരിക വറുതികളിലൂടെയും കടന്നുപോകുന്ന മനുഷ്യന്‍ ശീതകാലത്തിലെന്ന പോലെ അവനവന്‍െറ മരവിപ്പില്‍ ഒതുങ്ങികൂടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് എലിയറ്റ് പറയുന്നു. ചിതറിയ ചിത്രങ്ങളുടെ ഒരു കൂട്ടമായിട്ടും കുറേയേറെ കവിതകള്‍ ചേര്‍ന്ന ഒരു കവിതയായുമൊക്കെ ‘വേസ്റ്റ് ലാന്‍റ്’ വിലയിരുത്തപ്പെടുന്നു. താന്‍ കടന്നുുപോയ ‘കഷ്ട’കാലത്തിന്‍െറ വ്യക്തമായ ചിത്രം തരാന്‍ കവിതയുടെ പരമാവധി സാധ്യതകള്‍ എലിയറ്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വായനയില്‍ അസാമാന്യമായ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കൃതി തന്നെയാണ് വേസ്റ്റ്ലാന്‍റ്. ആധുനിക സമൂഹത്തിന്‍െറ ആന്തരികമായ തകര്‍ച്ച വെളിവാക്കുന്നതിനൊപ്പം എലിയറ്റ് വായനക്കാരന് മുന്നിലുയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. വെളിവായ നരകദര്‍ശനങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് എങ്ങനെ നടന്നത്തൊനാവും എന്ന ചിന്തകളാണവ.
കെട്ടുകഥകളും മിത്തുകളും കൊണ്ട് സമ്പന്നമായ ഒരു കൃതിയാണിത്. മുഖമുദ്രയായി സിമ്പോളിസവുമുണ്ട്. ഇമേജുകളുടെ ധാരാളിത്തം കണ്ട് അമ്പരന്നു പോകാത്ത വായനാക്കാര്‍ ഉണ്ടാവില്ല. മുക്കുവരാജാവ്, ഹായസിന്ത് പെണ്‍കുട്ടി, മാഡം സോസോസട്രസ് തുടങ്ങി മിത്തുകളുടെയും ഇമേജുകളുടെയും ഘോഷയാത്ര തന്നെയുണ്ട്.
ആധുനിക മനുഷ്യനെ സൂചിപ്പിക്കാന്‍ മുക്കുവ രാജാവിനെയാണ് എലിയറ്റ് ഉപയോഗിച്ചിരിക്കുന്നത്. മുക്കുവ രാജാവിന്‍െറ ലൈംഗികശേഷിക്കുറവ്, ആധുനിക മനുഷ്യന്‍െറ നഷ്ടപ്പെട്ടുപോകുന്ന ജീവ ചൈതന്യവുമായി ചേര്‍ത്തുവയ്ക്കുകയാണ് എലിയറ്റ്.
ഭൗതികതയുടെ നിഷ്ക്രിയത്വത്തില്‍ ആത്മീയതയുടെ ശാദ്വലതകളിലേക്ക് മനുഷ്യരാശിയെ എങ്ങനെ നയിക്കാമെന്ന് എലിയറ്റ് അന്വേഷിക്കുന്നു. അന്വേഷണം എത്തിച്ചേരുന്നത് ഇന്ത്യയിലാണ്. ഇന്ത്യന്‍ ആത്മീയതയിലെ ദത്ത, ദയത്വം, ദമൃത എന്നിവയിലാണ് മനുഷ്യന്‍െറ ആത്യന്തികമായ ശാന്തി നിലക്കൊള്ളുന്നതെന്ന് എലിയറ്റ് പ്രതീക്ഷിക്കുന്നു.
മനുഷ്യനന്മ ആത്യന്തികമായി വ്യക്തികളിലാണ് നില കൊള്ളുന്നതെന്നും വ്യക്തികളിലൂടെയാണ് മാനവസമൂഹം രക്ഷപ്പെടേണ്ടതെന്നും എലിയറ്റ് ചിന്തിച്ചിരുന്നു. കാവ്യ മാര്‍ഗത്തില്‍ സ്വീകരിച്ച നവീതത്വം പാരമ്പര്യ നിഷേധത്തിലൂടെയും നൂതന സങ്കേതങ്ങളിലടെയുമാണ് അദ്ദേഹം സാധ്യമാക്കിയത്. ദുരൂഹത ഈ കൃതിയുടെ മുഖമുദ്രയായി എക്കാലവും കണക്കാക്കപ്പെടുന്നു.
ലോക സാഹിത്യത്തിന്‍െറ ഗതിവിഗതികള്‍ പരിണമിപ്പിച്ച ഒരു കൃതിയാണ് വേസ്റ്റ്ലാന്‍റ്. ആസ്വാദനത്തെക്കാള്‍ ധൈഷണികമായ വെല്ലുവിളി ഏറ്റെടുക്കുന്ന തൃപ്തിയാണ് കൃതി മുന്നോട്ടുവെയ്ക്കുന്നതെന്ന് നിസംശയം പറയാം.
‘വേസ്റ്റ്ലാന്‍റ്’ ലോക സാഹിത്യത്തില്‍ തെളിച്ച പുതുവഴി എല്ലാ നാട്ടിലും അത്തരം വഴികള്‍ വെട്ടിത്തുറക്കാര്‍ പ്രേരണകള്‍ നല്‍കി. മലയാളത്തില്‍ അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്ര’മാണ് ആ വഴിയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.
‘വേസ്റ്റ് ലാന്‍റ്’ സമൃദ്ധമായ ഒരു മരൂഭൂമിയാണ്, നിറഞ്ഞ് കവിയുന്ന അതേ സമയം ആഴമുള്ള ഒരു ജലാശയം പോലെ വാക്കിന്‍െറ വഴിയിലൂടെ നടക്കുന്നവരെ അത് പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.