വാര്‍ത്തയും വീടും
text_fieldsവിവരസാങ്കതിക വിദ്യയുടെ വളര്‍ച്ച ഒരോ മനുഷ്യനും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് നല്കുന്നത്. തന്റെ വിരല്‍ തുമ്പിലാണ് ഈ ലോകം എന്ന് അവകാശപ്പെടാവുന്നത്ര വലുപ്പമുണ്ട് ആ വളര്‍ച്ചയ്ക്ക്. കാഴ്ചയുടെയും നിറങ്ങളുടെയും അകമ്പടിക്കൊപ്പം നിമിഷവേഗത്തില്‍ നമ്മിലേക്കെത്തുന്നത് വീദുരത്തുള്ള ,ദൂരമില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടുതന്നെ പത്രമാധ്യമങ്ങള്‍ക്കൊപ്പം ദൃശ്യമാധ്യമങ്ങളും, നവമാധ്യമങ്ങളും മത്സരത്തിലാണ്. ആര്‍ക്കാണ് ആദ്യം വാര്‍ത്തകള്‍ എത്തിക്കാനാവുക? മലയാളികള്‍ ഈ രംഗത്തു അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മലയാളിയുടെ മാധ്യമപട്ടിക പെട്ടെന്ന് എണ്ണിതിട്ടപ്പെടുത്താന്‍ പറ്റാത്ത വേഗത്തില്‍ പെരുകുന്നുണ്ട് . ഇവയില്‍ എടുത്തുപറയേണ്ടത് നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ പെരുക്കം തന്നെയാണ്. പല തലങ്ങളിലുള്ള പ്രേക്ഷകന്റെ അഭിരുചികള്‍ക്കൊത്ത വിവരങ്ങള്‍ വിഭവങ്ങളായി ഒരുക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകന് തിരഞ്ഞെടുക്കുന്നതിന് ഒന്നാലോചിക്കേണ്ടിയും വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വാര്‍ത്തകള്‍ തന്റെ പ്രേക്ഷകനിലേക്ക്, വായനക്കാരനിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക എന്ന ലക്ഷ്യബോധമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴുള്ളത് നവ മാധ്യമങ്ങള്‍ തന്നെയാണ്.
വാര്‍ത്തകളുടെ വിതരണത്തിനോപ്പം ദൃശ്യമാധ്യമങ്ങള്‍ നമ്മോട് മറ്റ് ചിലത് കൂടി പറയുന്നുണ്ട്. എങ്ങനെ നടക്കണമെന്ന്? എന്തുടുക്കണമെന്ന് ? എങ്ങനെ ജിവിക്കണമെന്ന്? ഒരോ പരിപാടികള്‍ക്കുമിടയില്‍ കുറച്ച് സമയം ഒരോരുത്തരും ഇതിനായി കാത്തുവെയ്ക്കുന്നുണ്ട്. വളരെ ആലോചിച്ച് സര്‍ഗ്ഗാത്മകതയുടെ കൂട്ടുപിടിച്ച് പുതു സമൂഹത്തിന്റെ മനശാസ്ത്രമറിഞ്ഞ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഒരോ പരസ്യങ്ങളും കുറിക്കുതന്നെ കൊള്ളുന്നു.വിശ്വാസമല്ലേ എല്ലാം എന്ന് പഠിപ്പിച്ച് പിന്നാലെ കൂട്ടുന്ന തന്ത്രത്തിന് ഇരകളാകുന്നത് സാധാരണക്കാരാണ്. അപകര്‍ഷതകള്‍ മറച്ചുപിടിച്ച് തന്നോടുതന്നെ മത്സരിക്കുന്ന മധ്യവര്‍ഗ്ഗക്കാരന്റെ വീടാണ് ഇതില്‍ കൂടുതല്‍ അടിമപ്പെടുന്നത്. തനിക്കു ലഭിക്കാത്തതൊക്കെയും തന്റെ മക്കള്‍ക്കു വേണം എന്ന വ്രതത്തില്‍ ചെല്ലും ചെലവും നല്‍കി പോറ്റി വളര്‍ത്തുന്ന പുതുതലമുറ ഇതില്‍ ആകൃഷ്ടരാകുന്നത് സ്വാഭാവികമെന്നെ പറയേണ്ടൂ. എന്നാല്‍ ഇതു ഇളക്കിമറിക്കുന്ന സംസ്‌കാരത്തെ പറ്റി പറയാതിരിക്കുന്നതെങ്ങനെ? പുതുതലമുറയെ ലക്ഷ്യമാക്കിയാണ് പല പരസ്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ക്രീമുകളുടെ പരസ്യങ്ങള്‍ അധികവും തൊലിയുടെ കറുത്തനിറം പറഞ്ഞ് അപകര്‍ഷത വിറ്റ് കാശാക്കുന്നു. ആണിനും പെണ്ണിനും വ്യത്യസ്ഥ ക്രീമുകള്‍ വിപണിയിലെത്തിച്ച് കേരളസമൂഹത്തിന്റെ ലിംഗവ്യത്യസ്ഥതയെ ചൂഷണം ചെയ്യുന്നു. അപകടകരമാണ് ചില സ് പ്രേകളുടെ പരസ്യങ്ങള്‍. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത് ഒരുവന്‍ വസ്ത്രങ്ങളില്‍ പുരട്ടിയിരിക്കുന്ന സുഗന്ധമാണ് എന്ന് തെറ്റിധിരിപ്പിക്കുന്നതിലൂടെ ബന്ധങ്ങളുടെ ആഴത്തെ, ആദ്രതയെ, സ്‌നേഹമെന്ന സംസ്‌കാരത്തെ ഒക്കെ പല്ലിളിച്ചു കാട്ടുകയാണത്. എത്രവേഗമാണ് ഈ കടുകൈ മാര്‍ക്കറ്റ് കണ്ടെത്തിയത്? കൗമാരക്കാരന്റെ അനിവാര്യത്യകളുടെ ലിസ്റ്റിലേക്കാണ് ഇത്തരം വസ്തുക്കള്‍ ഇടം പിടിക്കുന്നത്. സോപ്പുകളുടെ കാര്യവും മറ്റൊന്നല്ല. ഒരുളുപ്പുമില്ലാതെ സോപ്പുകളുടെ കച്ചവട കാപട്യത്തിന് കൂട്ടുനില്‍ക്കുന്നുണ്ട് മലയാളത്തിന്റെ മഹാനടന്‍മാര്‍. എന്തിനേറെ, നേരം വെളുത്താല്‍ പല്ലു തേയ്ക്കുന്നതു തുടങ്ങി ഉറങ്ങുമ്പോള്‍ സൂഖ നിദ്ര പോലും വിദഗ്ദമായി വിറ്റഴിക്കപ്പെടുന്നു.
മലയാളി ഒന്നും അറിയാടെ ഓട്ടത്തിലാണ്. കഷണ്ടിക്കു മരുന്നില്ലെന്ന പഴച്ചൊല്ലു തിരുത്തിയോ എന്നറിയാന്‍, അമ്മയുണ്ടാക്കുന്ന സാമ്പാറിന്റെ മണം പാക്കറ്റിലാക്കിയത് വാങ്ങാന്‍, വലിച്ചുവാരിതിന്നു റിലാക്‌സ് ചെയ്യുന്നതിന് ഗുളിക വാങ്ങാന്‍, പിറക്കും മുന്നേ ജീവന്റെ വേരറുക്കുന്ന വിഷം വിലകൊടുത്തു വാങ്ങാന്‍.എന്തിനേറെ വയസ്സായാല്‍ കൊണ്ടുചെന്നാക്കാന്‍ ഓള്‍ഡ് എജ് ഹോമുകള്‍ക്കു പോലും പരസ്യങ്ങളാണ്. ഇത്തരം പരസ്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന നമ്മുടെ പൈതൃകത്തിനെ, സംസ്‌കാരത്തെ ഒക്കേ തിരിച്ചെടുക്കാന്‍ മറ്റൊരു പരസ്യനിര്‍മ്മാണെം വേണ്ടിവരുമോ?
വാര്‍ത്തകളുടെ സ്വാധീനവും ചെറുതല്ല. സമകാലീന കാലഘട്ടത്തില്‍ എല്ലാ മാധ്യങ്ങളും മുട്ടില്ലാതെ പ്രസിദ്ധീകരിക്കുന്നത് പീഡനവാര്‍ത്തകളാണ്. പിഞ്ചു കുഞ്ഞു മുതല്‍ മുത്തശ്ശിവരെ പീഡിപ്പിക്കപ്പെട്ടതിന്റെയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കഥകളായി അവതരിപ്പിക്കുന്നതിന് മാത്രം പ്രത്യേകം സമയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട് ദൃശ്യമാധ്യമങ്ങള്‍. ഒരു ക്രൈം ത്രില്ലര്‍ സിനിമപോലെ അവതരിപ്പിക്കുന്ന ഇത്തരം പരിപാടികളുടെ പരസ്യങ്ങള്‍ പ്രൈം ടൈം ന്യൂസിനിടക്ക് കൊടുക്കാനും മടിയില്ല ഇക്കൂട്ടര്‍ക്ക്. സാധാരണക്കാരന്റെ വീടുകളിലെ വീട്ടമ്മമാരെ മാനസ്സിക സമ്മര്‍ദ്ധത്തിലാക്കാന്‍ പോരുന്നതാണ് ഈ പരിപാടികള്‍. ഒരു കഥപോലെ പതിയുന്ന ഇത്തരം വാര്‍ത്തകള്‍ അവരില്‍ ഉണ്ടാക്കുന്ന പേടി വളരെ വലുതാണ്. അച്ഛനൊപ്പം കളിക്കുന്ന കുഞ്ഞിനെപ്പോലും ഇടയ്ക്ക് അവള്‍ സുരക്ഷിതയാണോ എന്ന് ഉറപ്പാക്കുന്ന അവളിലെ അബോധസംഘര്‍ഷം കുടുംബം എന്ന സ്ഥാപനത്തെ അതിന്റെ കെട്ടുറപ്പിനെ ഒക്കെ ചോദ്യം ചെയ്യുന്നു.സുരക്ഷിതമല്ല ഭൂമിയിലെ വാസം എന്ന് ഓര്‍ത്തോര്‍ത്ത് ജീവിക്കേണ്ടി വരുന്നതും പീഡനമല്ലേ? അങ്ങനെയെങ്കില്‍ ഇത്തരം വാര്‍ത്തകളിലൂടെ പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം നമുക്ക് തിട്ടപ്പെടുത്താനാവുമോ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.