Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightതകരച്ചെണ്ടയുടെ...

തകരച്ചെണ്ടയുടെ തുടര്‍മുഴക്കങ്ങള്‍

text_fields
bookmark_border
തകരച്ചെണ്ടയുടെ തുടര്‍മുഴക്കങ്ങള്‍
cancel

‘നര്‍മഭാസുരമായ ഇരുണ്ട ഗുണപാഠങ്ങള്‍’ എന്ന വിശേഷണത്തോടൊപ്പമാണ് 1999ല്‍ സ്വീഡിഷ് അക്കാദമി ഗുന്തര്‍ഗ്രാസിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനിച്ചത്. അതിനും നാലുദശകംമുമ്പ് 1959ല്‍ തന്‍െറ 32ാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘തകരച്ചെണ്ട’ എന്ന നോവലാണ് ഗ്രാസിനെ പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ത്തിയത്. അരാജകേതിഹാസം, മനസ്സിന്‍െറ വീരസാഹസകഥ, ചരിത്രപരമായ ലാക്ഷണികകഥ, രാഷ്ട്രീയവിഡംബനം, യൂറോപ്യന്‍ മാജിക്കല്‍ റിയലിസത്തിന്‍െറ മഹാമാതൃക എന്നിങ്ങനെ പലരീതിയില്‍ ഈ നോവല്‍ വിശേഷിപ്പിക്കപ്പെട്ടു. വ്യക്തിജീവിതത്തെ ചരിത്രമായി ഇഴചേര്‍ത്തു നെയ്യുന്ന രസാവഹവും ഭാവനാത്മകവുമായ ഘടനയാണ് ഈ നോവലിന്‍േറത്. ആഖ്യാതാവായ ഓസ്കര്‍ മാറ്റ്സേര്‍ത്തിന്‍െറ നോട്ടപ്പാടിലൂടെയാണ് മൂന്നു ഭാഗങ്ങളുള്ള ബൃഹത്തായ നോവലിലെ സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. 1899ല്‍ അതായത്, 20ാം നൂറ്റാണ്ടിന്‍െറ ശുഭമുഹൂര്‍ത്തത്തില്‍, നായകന്‍െറ മുത്തശ്ശി അയാളുടെ അമ്മയെ ഗര്‍ഭം ധരിക്കുന്നിടത്താണ് ആഖ്യാനം ആരംഭിക്കുന്നത്. കുടുംബപുരാണമായോ ഒരു കേന്ദ്രകഥാപാത്രത്തിന്‍െറ വ്യക്തിത്വരൂപവത്കരണങ്ങളുടെ ചിത്രണമായോ രൂപംകൊള്ളുന്നവയാണ് പല പ്രധാന  ജര്‍മന്‍ നോവലുകളും. ‘തകരച്ചെണ്ട’യും ഈ രൂപമാതൃകയാണവലംബിക്കുന്നത്; അതിയാഥാര്‍ഥ്യത്തിന്‍െറയും ഭ്രമഭാവനയുടെയും രസകരമായ ചേരുവയോടുകൂടി.
വിചിത്രസ്വഭാവിയായ നായകനാണ് ഓസ്കര്‍. പിറവിയിലേ പൂര്‍ണ മാനസികവളര്‍ച്ച നേടിയിരുന്ന ഓസ്കര്‍ മൂന്നാം വയസ്സില്‍ ശരീരവളര്‍ച്ച മതിയാക്കുന്നു. മൂന്ന് ഇഷ്ടങ്ങളാണ് അയാളോടൊപ്പം എപ്പോഴുമുണ്ടായിരുന്നത്. മൂന്നാം പിറന്നാളിന് അമ്മ സമ്മാനിച്ച തകരച്ചെണ്ടയാണ് അവയില്‍ മുഖ്യം. ഊണിലും ഉറക്കത്തിലും അയാളത് കൂടെക്കൊണ്ടുനടന്നു. ചെണ്ട കൈവിട്ടുപോയപ്പോഴൊക്കെ ഉച്ചത്തില്‍ നിലവിളിച്ചു. അയാള്‍ ഒച്ചപ്പെട്ടപ്പോഴൊക്കെ ചില്ലുപാളികള്‍ തകര്‍ന്നുവീണു. ഗെഥേയോടും റാസ്പുടിനോടും തോന്നിയ അനിയതവും അനിയന്ത്രിതവുമായ ആകര്‍ഷണമായിരുന്നു ഓസ്കറിന്‍െറ മറ്റൊരു സ്വഭാവസവിശേഷത. മറ്റൊരാളുടെ ഭാര്യയായിരിക്കുമ്പോഴും ഓസ്കറിന്‍െറ അമ്മ, സഹോദരസ്ഥാനീയനായ ജാരനുമായി ആഴ്ചതോറും ബന്ധപ്പെട്ടു. പലപ്പോഴും അവരുടെ  വാരാന്ത്യസമാഗമങ്ങളുടെ നിശ്ശബ്ദ സാക്ഷിയാകേണ്ടിവന്നു, ഓസകറിന്. ജര്‍മനിയില്‍ ഹിറ്റ്ലറും നാസികളും വാഴ്ചയാരംഭിച്ചതിനൊപ്പമാണ് ഓസ്കറിന്‍െറ ജീവിതം അതിന്‍െറ വര്‍ഷങ്ങള്‍ പിന്നിടുന്നത് (വര്‍ഷങ്ങള്‍ പിന്നിടുക മാത്രമാണ് ചെയ്തത്. കാരണം, ഓസ്കറിന്‍െറ ശരീരം വളര്‍ന്നില്ല; മനസ്സും). ശബ്ദംകൊണ്ട് പ്രതികരിക്കുന്ന, മനസ്സുവളര്‍ന്നിട്ടും ശരീരം വളരാത്ത ഈ വിചിത്രനായകന്‍െറ രാഷ്ട്രീയസാക്ഷിത്വമാണ് ‘ തകരച്ചെണ്ട’ എന്ന നോവലിന് ദുരന്താത്മകമായ പ്രഹസനമാനം നല്‍കുന്നത്. അമ്മയുടെ മരണശേഷം അമ്മയുടെ ഭര്‍ത്താവ് (ഓസ്കറിന്‍െറ അച്ഛനല്ലല്ളോ അയാള്‍!) അയാളുടെ കാമുകിയായ മരിയയെ തന്നെ വിവാഹം കഴിക്കുന്നു. അങ്ങനെ വാനിലയുടെ സുഗന്ധമുള്ള ആ കാമുകി ഓസ്കറിന്‍െറ രണ്ടാനമ്മയായും അവളുടെ മകന്‍ അയാള്‍ക്ക് സഹോദരതുല്യനായും മാറുന്നു. മകന്‍, സഹോദരനായും കാമുകി ചിറ്റമ്മയായും മാറുന്ന വിചിത്ര പരിണാമമായിരുന്നു അത്. മകനെയും തന്നെപ്പോലെ ചെണ്ടക്കാരനാക്കണമെന്ന ഓസ്കറിന്‍െറ ഇംഗിതം വിഫലമായി. തന്‍െറ വ്യാജപിതൃത്വമുള്ളയാള്‍- അയാള്‍ ഒരു നാസിയായിരുന്നു-മരണപ്പെട്ടതോടെ ഓസ്കര്‍ മൂന്നു വയസ്സുകാരന്‍െറ ശരീരവലുപ്പത്തില്‍നിന്ന് വളരാന്‍ തുടങ്ങിയതും ആ അകാലികവൃദ്ധിയുടെ വേദനകളുമാണ് നോവലിലെ മറ്റൊരു പ്രധാന സംഭവം. അയാള്‍ക്ക് ഡൊറോണിയ എന്ന നഴ്സിനോട് തോന്നുന്ന അഭിനിവേശവും ആ സ്ത്രീയുടെ കൊലപാതകത്തില്‍  സംശയിക്കപ്പെട്ട് അയാള്‍ ശിക്ഷിക്കപ്പെടുന്നതുമാണ് നോവലില്‍ തുടര്‍ന്നു വരുന്നത്. ഒടുവില്‍ ഓസ്കര്‍ ഫ്രാന്‍സിലേക്ക് പലായനം ചെയ്യുന്നു. അപ്പോള്‍ 30 വയസ്സാണ് ഓസ്കറിന്. ഓസ്കറിന്‍െറ കഥ നാസി ജര്‍മനിയുടെകൂടി കഥയായി മാറുന്നിടത്താണ് ‘തകരച്ചെണ്ട’ ഒരിതിഹാസ നോവലായി മാറുന്നത്. മഹാനായ നോവലിസ്റ്റിന് വിയോഗധന്യവാദം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story