പ്രാര്‍ഥന
text_fieldsആദ്യം അവിടെ എത്തിയത് ഗംഗയായിരുന്നു. അധികം വൈകാതെ യമുന, പിന്നെ നര്‍മദ, പിന്നെ കാവേരി.
കായലില്‍നിന്നും പിന്നെ അതിനപ്പുറത്തെ കടലില്‍നിന്നും കാറ്റ് നിത്യവും അവരെ തഴുകി. നാലുപേരും 18 നിലകള്‍ വീതം ഉള്ളവരായിരുന്നു. നദികളുടെ പേരു പേറുന്ന ആ നാല് അംബരചുംബി കൂട്ടുകാരികളും എത്രയോ പേരുടെ സ്വപ്നറാണികളായിരുന്നു. പണം ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന പലരും ഓരോരുത്തരിലുമുള്ള കമനീയങ്ങളായ വാസഗേഹങ്ങള്‍ പറഞ്ഞ പണം കൊടുത്ത് സ്വന്തമാക്കി.
നാലു പേരിലുമുള്ള സൗകര്യങ്ങള്‍ നഗരത്തില്‍ മറ്റെങ്ങുംതന്നെ ഇല്ലാത്തതായിരുന്നു. കെട്ടിടത്തിനുള്ളില്‍ തന്നെയുള്ള നീന്തല്‍ക്കുളങ്ങള്‍, കളിക്കളങ്ങള്‍, വിശാലമായ വിനോദ-വിശ്രമകേന്ദ്രങ്ങള്‍, സിനിമാ പ്രദര്‍ശനശാലകള്‍ എന്നിങ്ങനെ അനവധിയായിരുന്നു അവിടത്തെ സൗഭാഗ്യങ്ങള്‍.
കോണ്‍ക്രീറ്റ് പാകിയ വിശാലമായ മുറ്റങ്ങള്‍ക്കും ചത്വരങ്ങള്‍ക്കുമപ്പുറം മനോഹരമായ ഉദ്യാനങ്ങള്‍, അപൂര്‍വമായ സ്വദേശി, വിദേശി പുഷ്പങ്ങളും ചെടികളുമായി പരിലസിച്ചു. കായലിനോട് ചേര്‍ന്ന് ഹെലികോപ്ടറുകള്‍ക്കും ചെറുവിമാനങ്ങള്‍ക്കും പറന്നിറങ്ങാനുള്ള മൈതാനവും റണ്‍വേകളും നാലു കൂട്ടുകാരികളുടെയും പ്രൗഢി കൂട്ടി.
പക്ഷേ, നാലു കൂട്ടുകാരികളിലും സദാ നിറഞ്ഞുനിന്നത് സങ്കടം മാത്രമായിരുന്നു. നഗരം അവരെ ഓര്‍ത്ത് അസൂയയപ്പെടുമ്പോള്‍, നാലു കൂട്ടുകാരികളും തങ്ങളുടെ ദു$ഖം മറ്റാരോടും പങ്കുവെക്കാനാവാതെ വിതുമ്പി.
ഭര്‍ത്താവും ഭാര്യയും കുട്ടികളും അല്ളെങ്കില്‍ മുത്തച്ഛനും മുത്തശ്ശിയും അല്ളെങ്കില്‍ കാമുകിയും കാമുകനും അല്ളെങ്കില്‍ ചെറുപ്പക്കാരുടെ സംഘങ്ങളും സന്തോഷഭരിതമായി താമസിക്കേണ്ട ആ സ്വപ്നഗേഹങ്ങളില്‍ ഒരിക്കലും ആരും ജീവിച്ചില്ല. അവയുടെയൊക്കെ ഉടമസ്ഥര്‍ വിദേശങ്ങളിലെവിടെയോ ആയിരുന്നു. അവരില്‍ പലരും ഇടനിലക്കാര്‍ വഴി കച്ചവടം ഉറപ്പിച്ചെന്നല്ലാതെ, നെറ്റിലെ ദൃശ്യങ്ങള്‍ വഴിയല്ലാതെ ഒരിക്കലും തങ്ങളുടെ കമനീയ ഭവനങ്ങളോ ആ അംബരചുംബികളോ നേരില്‍ കണ്ടതേയില്ല.
നാലു കൂട്ടുകാരികള്‍ക്കുചുറ്റും എപ്പോഴും ശ്മശാനത്തിലെന്നോണമുള്ള നിശ്ശബ്ദത ഉറഞ്ഞുനിന്നു. വല്ലപ്പോഴും ഏതോ ചില ജോലിക്കാരുടെ പെരുമാറ്റങ്ങളും ശബ്ദങ്ങളും മാത്രം ആ മൗനത്തെ മുറിച്ചു. കാലം പോകുംതോറും വീടുകളെ വീടുകളാക്കിത്തീര്‍ക്കുന്ന മനുഷ്യജീവിതത്തിന്‍െറ ചൂരും ചൂടുമില്ലാതെ നാലു കൂട്ടുകാരികളും തണുത്ത് വിറങ്ങലിച്ചു. ആകര്‍ഷണീയമായ പുറംമോടിക്കുള്ളില്‍ അവര്‍ ജീര്‍ണിക്കുകയായിരുന്നു.
എന്നാല്‍, തങ്ങളുടെ തലക്കുമുകളില്‍ ഒരു പ്ളാസ്റ്റിക് ശീലപോലും വിരിക്കാനാവാതെ അനേകായിരങ്ങള്‍ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അഭയം തേടുന്നത് അവര്‍ കാണുന്നുണ്ടായിരുന്നു. തെല്ലപ്പുറത്തുള്ള ചേരികളിലാകട്ടെ, നാറുന്ന ഓടകള്‍ക്കു സമീപം ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ നഗരത്തിന്‍െറ മാലിന്യക്കൂമ്പാരങ്ങളില്‍നിന്നുള്ള ഗന്ധവും ശ്വസിച്ച് മനുഷ്യര്‍ പുഴുക്കളെപ്പോലെ നുരക്കുന്നതും അവര്‍ക്ക് കാണാമായിരുന്നു.
നാലു കൂട്ടുകാരികളും നിശ്ശബ്ദമായി പ്രാര്‍ഥിച്ചു; എന്നെങ്കിലും ആ മനുഷ്യരെല്ലാം തങ്ങള്‍ക്കു ചുറ്റുമുള്ള സുരക്ഷാ കൊത്തളങ്ങളെല്ലാം തകര്‍ത്ത് തങ്ങളെ സ്വന്തമാക്കണേ... എന്നിട്ട് തങ്ങളില്‍ ജീവിതത്തിന്‍െറ ഇനിപ്പ് നിറക്കണേ.
ചിത്രീകരണം: അരവിന്ദ് വട്ടംകുളം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.