സതി
text_fieldsനിരനിരയായി അടുക്കിവെച്ച ആപ്പിളും ഓറഞ്ചും നിറഞ്ഞ ഫ്രൂട്ട്സ് മാര്‍ക്കറ്റിന് മുന്നിലത്തെുമ്പോള്‍ കുട്ടിയുടെ കൈകള്‍ പിടിമുറുകുന്നുണ്ടായിരുന്നു. അതുവരെ നടത്തത്തില്‍ തോല്‍പിക്കാനെന്ന ഭാവേന കുഞ്ഞിക്കാല്‍ നീട്ടിവെച്ച് നടന്ന കുട്ടി നിശ്ചലമാവുകയും അവന്‍െറ വായില്‍നിന്ന് പതിവുരീതിയില്‍കവിഞ്ഞ വികൃതസ്വരങ്ങള്‍ പുറത്തുചാടുകയും ചെയ്തു.
ഇരുമ്പ് സ്റ്റാന്‍ഡില്‍ നിരത്തിവെച്ച ആപ്പിള്‍ കൂടകള്‍ക്കു നേരെ ചൂണ്ടി അവന്‍ ‘ബബ് ബ’ എന്ന സ്വരം പുറപ്പെടുവിച്ചു. അവന്‍െറ ആവശ്യം കണ്ടില്ളെന്ന ഭാവേന മുന്നോട്ടു നടക്കാനൊരുങ്ങിയപ്പോള്‍ കൂടുതല്‍ ശക്തിയോടെ കുട്ടി അവിടത്തെന്നെ നില്‍ക്കുകയും അവനെ ചുറ്റിയ കൈകള്‍ തട്ടിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. യാചനാരൂപത്തിലുള്ള അവന്‍െറ മിഴികളിലേക്ക് നോക്കാന്‍ കഴിയാതെ അമ്മ പഴ്സില്‍ മടക്കിക്കൂട്ടിയ നോട്ടുകള്‍ ഒന്നുകൂടി എണ്ണാന്‍ ശ്രമിച്ചു. പക്ഷേ, അതില്‍ എത്ര പണമുണ്ടെന്ന് എണ്ണാതെ തന്നെ അമ്മക്ക് അറിയാമായിരുന്നു.
കാതില്‍ അവശേഷിച്ച അവസാനത്തെ സ്വര്‍ണമൊട്ട് ഊരിനല്‍കുമ്പോള്‍ നാനൂറ് രൂപയേ തരാനൊക്കുകയുള്ളൂവെന്നാണ് ഫിനാന്‍സ് ഉടമ പറഞ്ഞത്. കെഞ്ചിയിട്ടാണ് അമ്പത് രൂപ അധികം തന്നത്. കുട്ടിയുടെ അച്ഛന് വാങ്ങേണ്ട മരുന്നിനുതന്നെ 420 രൂപയാകുമെന്നാണ് നഴ്സ് പറഞ്ഞത്. അമ്മ മനക്കണക്ക് കൂട്ടുകയായിരുന്നു. 420 രൂപ മരുന്ന്, വീട്ടിലേക്ക് 14 രൂപ വണ്ടിക്കൂലി. കുട്ടിയെ ശാന്തേടത്തീടെ അടുത്താക്കി തിരിച്ച് ആശുപത്രിയിലേക്ക്...
അമ്മക്ക് ആരെയൊക്കെയോ ശപിക്കാന്‍ തോന്നി... കുട്ടിയുടെ കുഞ്ഞിക്കൈകള്‍ കൂടുതല്‍ മുറുകുമ്പോള്‍ ദേഷ്യത്തോടെ അമ്മ അവന്‍െറ കൈകള്‍ പിടിച്ച് മുന്നോട്ടുവലിച്ചു. അവന്‍ വീണ്ടും ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ സര്‍വനിയന്ത്രണങ്ങളും വിട്ട അവള്‍ അവന്‍െറ കുഞ്ഞിക്കവിളില്‍ ആഞ്ഞടിച്ചു.
‘തന്ത ചാകാന്‍ കിടക്കുമ്പോഴാ അവന്‍െറ ആര്‍ത്തി, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബാക്കിയുള്ളവന്‍ പെടുന്നപാട് ആര്‍ക്കുമറിയില്ല!’
അടിച്ചുകഴിഞ്ഞപ്പോഴാണ് അമ്മക്ക് സങ്കടം നിയന്ത്രിക്കാന്‍ കഴിയാതായത്. അമ്മ കുട്ടിയെ ചേര്‍ത്തുനിര്‍ത്തി. അവന്‍െറ കവിളില്‍ അടിവീണ പാടിലൂടെ അവള്‍ വിരലോടിച്ചു. അവന്‍െറ നെറ്റിയിലും മൂര്‍ധാവിലും ചുംബിച്ചു. സാരിത്തലപ്പുകൊണ്ട് കുഞ്ഞുമിഴികളില്‍നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളിയെ തുടച്ചുമാറ്റി. പിന്നെ ഒരു നിമിഷം എന്തോ മനസ്സില്‍ കുറിച്ചിട്ടു. സാവധാനം കുട്ടിയുടെ കൈപിടിച്ച് ഫ്രൂട്ട്സ് കടയുടെ നേര്‍ക്കുനടന്നു.
‘ചേച്ചീ, ആപ്പിള്‍, ഓറഞ്ച് ഏതാ വേണ്ടത്...’
‘എല്ലാം ഫ്രഷാണ്’
അതുവരെ കൂടകളില്‍ ആപ്പിളുകള്‍ അടുക്കിവെച്ച പണിനിര്‍ത്തി കടയുടമ വാചാലനായി. മിണ്ടാതെനിന്ന അവള്‍ക്കുനേരെ കടയുടെ ഉള്ളിലിരുന്ന മറ്റൊരാള്‍ വിളിച്ചുപറഞ്ഞു: ‘ഡേയ്... ചേച്ചിക്ക് കാശ്മീരി ആപ്പിള്‍ കൊടുക്ക്, കിലോക്ക് വെറും 70 രൂപയല്ളേ ഉള്ളൂ.’
‘എനിക്ക് ഒരെണ്ണം മതി’
‘ഒരെണ്ണം മതിയോ’ -അതുവരെ ഉത്സാഹത്തില്‍ സംസാരിച്ച അയാള്‍ അലസഭാവത്തില്‍ ഒരാപ്പിള്‍ എടുത്ത് തൂക്കി.
‘പതിനൊന്ന് രൂപ.’
അമ്മ അതുവാങ്ങി കുട്ടിക്കു നേരെ നീട്ടി. അവന്‍ അതുവാങ്ങി, അമ്മ അവന്‍െറ തലയില്‍ വിരലോടിച്ചു.
അവന്‍ പതിവുരീതിയില്‍ ‘ബ് ബ ബ’ എന്ന ശബ്ദമുണ്ടാക്കി. കടയുടമ കുട്ടിയത്തെന്നെ നോക്കിനില്‍ക്കുകയായിരുന്നു. അമ്മ പറഞ്ഞു: ‘മോന്‍ നടക്ക് അമ്മ ഇപ്പോള്‍ വരും.’
‘ചേച്ചീ പതിനൊന്ന് രൂപയാ, ചില്ലറയില്ളേല്‍ പത്ത് തന്നാ മതി.’
‘എന്‍െറ കൈയില്‍ കാശില്ല.’
‘ങേ കാശില്ളെന്നോ..?’
കടയുടമക്ക് എന്തെങ്കിലും പറയാന്‍ അവസരം നല്‍കുന്നതിനു മുമ്പ് അമ്മ അയാളുടെ ചുവരിലേക്ക് അമര്‍ന്നു. അവളുടെ മുഖവും ചുണ്ടുകളും ഇതുവരെ പരിശീലിച്ചിട്ടില്ലാത്ത മുദ്രകള്‍ക്കുവേണ്ടി ശ്രമമാരംഭിച്ചു. ഭൂമിയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ആസ്വദിക്കാന്‍ സൃഷ്ടിക്കപ്പെട്ട ചേഷ്ടകള്‍ ഒരുക്കുമ്പോള്‍ അവളുടെ മനസ്സില്‍ കേട്ടുപതിഞ്ഞ ഒരു വാക്ക് തികട്ടിവന്നു. ‘നീ ഒരു പെണ്ണ് മാത്രമാണ്.’
‘ബ് ബ് ബ’... കുട്ടിയുടെ ശബ്ദം ഉയര്‍ന്നപ്പോള്‍, മാറിടത്തില്‍ അമര്‍ന്നിരുന്ന കൈകള്‍ തട്ടിമാറ്റി അവള്‍ കുട്ടിയുടെ അടുത്തേക്ക് ഓടിയത്തെി. അവനെ കെട്ടിപ്പിടിച്ച് നെറ്റിയിലും കവിളുകളിലും ഒരായിരം ഉമ്മകള്‍ നല്‍കി. അമ്മയുടെ കണ്ണുനീര്‍ അവന്‍െറ കവിളുകളില്‍ ധാരധാരയായി അടര്‍ന്നുവീഴുന്നുണ്ടായിരുന്നു. അവന് അതിശയം തോന്നി! അമ്മ ഒരിക്കലും കരയുന്നത് അവന്‍ കണ്ടിട്ടില്ലായിരുന്നു. ‘എന്തിനാണ് അമ്മ കരയുന്നത് എന്ന് അവന് ചോദിക്കണമെന്നുണ്ടായിരുന്നു. പതിവുപോലെ വികൃതസ്വരം മാത്രമേ പുറത്തുചാടിയുള്ളൂ.
കടക്കുള്ളിലേക്ക് കയറിയപ്പോള്‍ രണ്ടാമന്‍ ചോദിച്ചു:
‘എങ്ങനുണ്ടെടാ സാധനം, ഒരാപ്പിള് പോയാലെന്താ...?’
‘ആ ചെക്കനെങ്ങാനും കണ്ട് ആരോടേലും പറഞ്ഞാലോന്നാ പേടി’
‘ഇല്ലടാ, ആ ചെറുക്കനൊരു പൊട്ടനാ, ബ ബ ബാന്ന് പറയുന്നത് കേട്ടില്ളേ’
പിന്നെ ക്രമേണ ക്രമേണ കടക്കുള്ളിലെ നേര്‍ത്ത ചിരികള്‍ അട്ടഹാസങ്ങളായി പരിണമിച്ചപ്പോള്‍ അമ്മ കുട്ടിയെ ചേര്‍ത്തുനിര്‍ത്തി. പെട്ടെന്ന്, അമ്മയ്ക്ക് കുഞ്ഞുനാളില്‍ മുത്തശ്ശി മടിയില്‍ കിടത്തി പറഞ്ഞുതന്ന സീതാ ദേവിയുടെ കഥയോര്‍മവന്നു. ഗര്‍ഭിണിയായ, കൊല്ലാതെ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സീതയെ. പിന്നീട് ശ്രീരാമനെ കാണുമ്പോള്‍ ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് ആണ്ടുപോയ അതേ സീതയെ. അവള്‍ക്കും താന്‍ സീതയാകണമെന്നും ചവിട്ടിനില്‍ക്കുന്ന ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് ആണ്ടിറങ്ങണമെന്നും തോന്നി. തള്ളവിരല്‍ ഭൂമിയില്‍ അമര്‍ത്തിനോക്കിയെങ്കിലും ഭൂമി പിളര്‍ന്നില്ല. പതിവൃതയായ സീതക്കുപോലും ജീവിക്കാന്‍ പറ്റാത്ത ഉര്‍വരത വറ്റിയ ഭൂമിയിലെ അനേക കോടി സതിമാരില്‍ ഒരുവളായി അവളും കുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.