Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightജീവിതമെഴുത്തിലെ...

ജീവിതമെഴുത്തിലെ കണ്ണീരും സ്വപ്നങ്ങളും

text_fields
bookmark_border
ജീവിതമെഴുത്തിലെ കണ്ണീരും സ്വപ്നങ്ങളും
cancel

സിനിമക്ക് മുമ്പ് മലയാളികള്‍ക്ക് പരിചയമുണ്ടായിരുന്ന മിക്ക കലകളിലും സംഗീതത്തിന്‍െറ സജീവ സാന്നിധ്യമുണ്ടായിരുന്നു. സിനിമയുടെ മറ്റു ഭാഗങ്ങളുടെ ആഖ്യാനത്തില്‍നിന്ന് ഗാനങ്ങളുടെ ദൃശ്യവിന്യാസം തന്നെ വ്യത്യസ്തവുമാണ്. പ്രണയത്തിന്‍െറയും രോഷത്തിന്‍െറയും നിരാശയുടെയും താരാട്ടിന്‍െറയുമെല്ലാം സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങളുടെ ചലനവേഗങ്ങളെ നിയന്ത്രിച്ചുകൊണ്ട് പാട്ടുകള്‍ മുന്നോട്ടു കയറിവന്നു. അങ്ങനെ മലയാളികള്‍ക്ക് മാത്രമല്ല, എല്ലാവിധ ശ്രോതാക്കള്‍ക്കും നിത്യവ്യവഹാരമായി മാറി ഗാനങ്ങള്‍. സംഗീതം ജീവിതത്തിന്‍െറ ഭാഗമാകുമ്പോള്‍ അതിന്‍െറ ആസ്വാദനവും കുറെക്കൂടി സ്വാഭാവികമാകും.
വര്‍ത്തമാന കാലത്തില്‍ നില്‍ക്കുമ്പോള്‍ ഭൂതകാലങ്ങളിലേക്കാണ് ഗാനങ്ങളുടെ കരങ്ങള്‍ നീളുക. പാട്ടുകളില്‍ കാല്‍പനിക പരിവേഷത്തിന്‍െറ താളങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്നതാവാം കാരണം. ദൃശ്യാശ്രയത്തിന്‍െറയും സമയബന്ധത്തിന്‍െറയും സുതാര്യമായ ചട്ടക്കൂടിനുള്ളിലാണ് സിനിമാ ഗാനങ്ങളുടെ അസ്തിത്വം. 1950കളോടെ ചലച്ചിത്രസംഗീതത്തിന്‍െറ തുറസ്സുകള്‍ കൂടുതല്‍ ജനപ്രിയമായി. റേഡിയോ എന്ന അദ്ഭുതയന്ത്രത്തിന്‍െറ സാംസ്കാരിക പ്രക്ഷേപണമാണ് ഇവിടെ ഏകാഗ്രതയുടെ കൊയ്ത്തുപാടങ്ങളെ സജീവമാക്കിയത്. സിനിമ എന്ന കലയോട് ചലച്ചിത്ര ഗാനം ഒട്ടിനില്‍ക്കുകയും സാഹിത്യത്തിന്‍െറ മറുവാക്ക് പോലെ അനുഭവങ്ങളുടെ കാറ്റേറ്റ് അത് സുഗന്ധപൂരിതമാവുകയും ചെയ്തു. ഭാവസംഗീതത്തിന്‍െറ വിസ്തൃതമായ ഒരു ലോകം തുറന്നുവെക്കുന്ന കഥാപാത്രങ്ങള്‍ മനുഷ്യന്‍െറ സ്വകാര്യ അനുഭവങ്ങളിലൊന്നായി മാറി.
ഈ സ്വകാര്യാനുഭവത്തിന്‍െറ മേച്ചില്‍പുറ സൗന്ദര്യമെല്ലാം മലയാളി കണ്ടെടുക്കുന്നത് ഒരുപക്ഷേ, ബാബുരാജിനെപോലുള്ള സംഗീതജ്ഞരുടെ സംഭാവനകളിലാവാം. വേദനയുടെ സ്വരമാധുരി കലര്‍ന്ന ഓര്‍മകളുമായി പാട്ടിന് ബന്ധം ഏറെ വന്നു ഭവിക്കുമ്പോള്‍ ബാബുരാജിലെ മനുഷ്യനും സംഗീതജ്ഞനും ഒന്നായി മാറുകയാണ്. നേരും നുണയും ചേര്‍ന്ന കഥകള്‍ ചേര്‍ത്തുവെച്ചാണ് ബാബുരാജിനെ, മലയാളികള്‍ എക്കാലവും ചര്‍ച്ച ചെയ്തത്. എന്നാല്‍, പത്നി ബിച്ച ബാബുരാജിന്‍െറ ഓര്‍മകളുടെ നദിയൊഴുകുന്നത് സംഗീത ചരിത്രത്തിലൂടെയാണ്. ‘ബാബുക്ക -തളിരിട്ട കിനാവിലെ വിരുന്നുകാരന്‍’ എന്ന പുസ്തകത്തിലൂടെ പി. സക്കീര്‍ ഹുസൈന്‍ സാര്‍ഥകമാക്കിയ വലിയൊരു ഓര്‍മ പ്രപഞ്ചമാണ് ഇതള്‍ വിരിയുന്നത്. അനന്തമായൊരു സംഗീതയാത്രകളുടെ സ്നാനഘട്ടങ്ങളില്‍ മുങ്ങിനിവര്‍ന്ന്, വിശ്രാന്തിയുടെ അറിയാപ്പൊരുളുകള്‍ കണ്ടെടുക്കുകയാണ് വായനക്കാരനിവിടെ.
ഹാര്‍മോണിയത്തിന്‍െറ ചന്ദനവാതിലുകള്‍ ബാബുരാജിന്‍െറ വിരലുകള്‍ തുറന്നുതരുമ്പോള്‍ കോഴിക്കോടന്‍ തെരുവിന്‍െറ വിനോദരാത്രികള്‍ ആനന്ദഭരിതമാകുമായിരുന്നു. ഖവാലിയും തുംരിയും ഗസലുമെല്ലാം ബാബുരാജിന്‍െറ ഹൃദയത്തില്‍നിന്നാണ് കോഴിക്കോട്ടുകാര്‍ സ്വന്തമാക്കിയത്. ഉത്തരേന്ത്യന്‍ സംഗീതത്തിന്‍െറ മായികപ്പൊരുളുകളെ മലയാള ചലച്ചിത്രങ്ങളിലെ മയില്‍പ്പീലിക്കിനാവുകളാക്കി പൊലിപ്പിച്ചെടുത്തത് ബാബുരാജാണ്.
ബിച്ച ബാബുരാജിന്‍െറ സ്മൃതികളിലൂടെ റിയലിസ്റ്റിക്കായ ഒരു ആഖ്യാനത്തിന്‍െറ വടിവിലും ശൈലിയിലുമാണ് ബാബുക്കയുടെ ജീവിതം അക്ഷരങ്ങളില്‍ വാര്‍ന്നു വീഴുന്നത്. കോഴിക്കോടിന്‍െറ നാടകക്കമ്പവും പാട്ടുരാവുകളും മെഹ്ഫിലുമെല്ലാം വായനക്കാരന് കണ്‍മുന്നില്‍ നില്‍ക്കുന്നു. ഗുല്‍മുഹമ്മദും ജാന്‍ മുഹമ്മദും അബ്ദുല്‍ഖരി ഖാനും ബാംഗ്ളൂര്‍ അജ്മല്‍ ബാബുവുമെല്ലാം നഗരത്തിലെ നിത്യസാന്നിധ്യങ്ങളായിരുന്നു. ജാന്‍ മുഹമ്മദിന്‍െറ മകനായ മുഹമ്മദ് സാബിറില്‍നിന്ന് ബാബുരാജിലേക്കുള്ള ജീവിതയാത്രയില്‍ കണ്ണീരും കിനാവും ഇടകലര്‍ന്ന് ഇണങ്ങിനിന്നു.
ബാബുരാജിന്‍െറ ജീവിതത്തെ അടയാളപ്പെടുത്തുമ്പോള്‍ സമകാലികരായ മെഹ്ബൂബ്, കെ.പി. ഉദയഭാനു, സീറോ ബാബു, എ.എം. രാജ, മച്ചാട്ട് വാസന്തി, പി.ലീല എന്നിവരുടെയെല്ലാം ജീവിതരേഖകള്‍ കൂടി വരച്ചിടുന്നുണ്ട് ഈ പുസ്തകത്തില്‍. മലയാള ചലച്ചിത്ര സംഗീതത്തിലെ ബൃഹത്തായ ഒരു പ്രാരംഭ കാലഘട്ടത്തെ വളരെ അനാര്‍ഭാടമായി വിലയിരുത്തുന്നുണ്ട്. ‘ആരാണ് അപരാധി’ എന്ന നാടകത്തില്‍ സംഗീതം പകരാനായി എത്തിയ മുഹമ്മദ് സാബിറിനെ ബാബുരാജ് എന്ന പേരിട്ട് വിളിച്ചത് കെ.ടി. മുഹമ്മദ് ആയിരുന്നു. കെ.ടി പ്രതിനിധാനം ചെയ്തിരുന്ന നാടക വ്യവഹാരത്തില്‍ ബാബുരാജിന്‍െറ പങ്ക് ഏറെ വ്യക്തമായിരുന്നു. ‘ബാബുക്കയുടെ ഹാര്‍മോണിയം കൂടി ചേര്‍ത്താല്‍ പറയാനുമില്ല പോരിശ’ എന്ന ബിച്ചയുടെ വാക്കുകളില്‍ സമൂഹത്തിന്‍െറ ആത്മ സംഗീതം മുഴുവനുമുണ്ട്. ഒരിക്കല്‍ ബാബുക്ക പറഞ്ഞു. ‘ഇതാണ് റേഡിയോ, ബിച്ചാക്കും കുട്ടികള്‍ക്കും പാട്ടുകേള്‍ക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. എന്‍െറ പാട്ടുകളും ഇത് പാടും.’ ജീവിതവഴികളില്‍ അവിടവിടെയായി പതിഞ്ഞുകിടക്കുന്ന ഓര്‍മയുടെ കുന്നിക്കുരുമണികളെ വായനക്കാരന്‍െറ ഓര്‍മച്ചെപ്പിലേക്ക് നിക്ഷേപിക്കുന്ന ഗൃഹാതുരമൊഴികളാണല്ലോ ഇവയെല്ലാം.
കാവ്യാത്മകമായ ഒരാഖ്യാനത്തിന്‍െറ ഇതള്‍വിരിയുന്നത് ശ്രദ്ധിക്കുക. ‘ബാബുക്ക സംഗീതം ചെയ്ത സിനിമ കാണുവാനുള്ള ആഗ്രഹമുണ്ടായി. ബാബുക്ക ഒരു കുതിരവണ്ടി വിളിച്ചുകൊണ്ടുവന്നു. ഞാനും കുട്ടികളും അതില്‍ കയറി. അബ്ദുല്‍ കാദര്‍ക്കയും കുടുംബവും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ക്രൗണ്‍ തിയറ്ററിലായിരുന്നു സിനിമ. കറുപ്പിലും വെളുപ്പിലുമെല്ലാം രംഗങ്ങള്‍. പാട്ട് വരുമ്പോള്‍ ആളുകള്‍ കൈയടിച്ചു. ചിലര്‍ കൂടെ പാടുന്നു. വിസിലടിക്കുന്നു. പെണ്ണുങ്ങള്‍ കൈകൊട്ടുന്നു. ടാക്കീസിലാകെ വളകിലുക്കം. അത്തറിന്‍െറ മണം.’
ഓരോ കുട്ടികളുടെയും ജനനവുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ ബിച്ച ബാബുരാജ് അവരുടെ ജീവിതത്തിലെ സംഭവങ്ങളെ ചേര്‍ത്തുവെക്കുന്നത്. കഴിഞ്ഞുപോയ കാലങ്ങള്‍ മറക്കാത്ത ആളായിരുന്നു ബാബുരാജ്. ‘മദിരാശിയില്‍ നിന്ന് വീട്ടില്‍ വന്നാല്‍ ഭക്ഷണമുണ്ടാക്കി നാട്ടിലെ അനാഥക്കുട്ടികളെ വിളിക്കുമായിരുന്നു’. ബാബുരാജ് എന്ന മനുഷ്യന്‍െറ സ്നേഹാര്‍ദ്രമായ ജീവിതമുഖത്തെയാണ് ബിച്ച വരച്ചിടുന്നത്.
പാട്ടിന്‍െറ ഗതകാലങ്ങളെ തെളിമയോടെ അവതരിപ്പിക്കുന്നതില്‍ ബാബുരാജിന്‍െറ സ്മൃതിചിത്രങ്ങള്‍ക്കുള്ള പങ്ക് പറയാതെ വയ്യ. കഥ പറച്ചിലിനോട് അടുത്തുനില്‍ക്കുന്ന എഴുത്തുവഴികളില്‍ മാപ്പിളച്ചന്തം കലര്‍ന്ന വാക്കുകളെ അവിടവിടെയായി കാണാം. തൗഫീഖ്, ഖല്‍ബ്, സുന്നത്ത്, ദുനിയാവ്, പോരിശ, ജോറ്, സുജൂദ്, തട്ട്യേമ്മല്‍, ശുജായി, റാഹത്ത്, മൂപ്പര്...
പാട്ടിനെ അനുഭവവും അനുഭൂതിയുമാക്കി മാറ്റിയ ഒരു സംഗീതജ്ഞന്‍െറ ജീവിതത്തെ കാലത്തിന്‍െറ ചന്ദനനാഴിയില്‍ എങ്ങനെ അളന്നെടുത്തുവെന്ന കഥ കൂടി നമ്മള്‍ കേള്‍ക്കുന്നു ബിച്ചയുടെ വാക്കുകളില്‍. ‘മാഹിയിലെ ഒരു കല്യാണവീട്ടില്‍വെച്ച് പാടിക്കഴിഞ്ഞതോടെ വീട്ടിലെ കാരണവര്‍ ബാബുക്കാന്‍െറ അടുത്തുവന്നു ചെവിയിലെന്തോ മന്ത്രിച്ചു. ആ കാരണവര്‍ മൂപ്പരോട് പറഞ്ഞത്. ‘ങ്ങള് പാടിയാല്‍ അത് കാണുന്നപോലെയും അനുഭവിക്കുന്ന പോലെയും തോന്നും. അതുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും ഓര്‍ത്തിട്ട് ഇങ്ങനെ പാട്ട് പാടരുത്.’ ആത്മാവില്‍ തറഞ്ഞുകൊള്ളുന്ന അസംസ്കൃതവും ജീവിതഗന്ധിയുമായുള്ള ഒരു ആലാപന പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ വികാരത്തിന്‍െറ ഒരു തടയണയും ആര്‍ക്കും നിര്‍മിക്കാനാവില്ല എന്നത് ചരിത്രസത്യം. സംഗീതനിര്‍മിതിയുടെ അസുലഭ നിര്‍വൃതി നുകര്‍ന്ന് ‘അതാണ് ബാബുരാജ്’ എന്നിങ്ങനെ സൃഹൃത്തുക്കളെ വിസ്മയിപ്പിക്കുന്ന പച്ച മനുഷ്യനെയാണ് ബിച്ചയുടെ വാക്കുകളില്‍ കാണാനാവുന്നത്.
പാട്ടിന് പേരുകേട്ട കോഴിക്കോടിന്‍െറ ഓര്‍ക്കസ്ട്രകളില്‍ ബാബുരാജിന്‍െറ പ്രസക്തി വേറിട്ടുനിന്നു. പിന്നീടെത്രയോ വേദികളില്‍ പാട്ടിന്‍െറ ഇമ്പം കലര്‍ന്ന മനുഷ്യജന്മത്തിന്‍െറ വ്യക്തചിത്രം വരച്ചിടുന്നത് ശ്രദ്ധേയമാണ്. സി.എ. അബൂബക്കറിന്‍െറ മകളുടെ വിവാഹത്തിന് ഒരു നല്ല തുക നല്‍കാനാവാതെ വിഷമിച്ച് വീട്ടില്‍ വന്ന് ഹാര്‍മോണിയത്തില്‍ ‘കണ്ണീരും സ്വപ്നങ്ങളും’ എന്ന പാട്ട് പാടിയത് ഏതൊരാളുടെയും മിഴികളെ ജലാര്‍ദ്രമാക്കും.
മറ്റൊരവസരത്തില്‍ രോഗ ബാധിതനായി നിസ്സഹായതയുടെ കയത്തില്‍ നില്‍ക്കുമ്പോള്‍ ഒരു വേദി പങ്കിട്ടതിന്‍െറ വിവരണം കൂടുതല്‍ ഹൃദയസ്പര്‍ശിയാകുന്നു. ‘പൊട്ടിത്തകര്‍ന്ന കിനാവിന്‍െറ മയ്യിത്താണ് ബാബുക്ക മഞ്ചേരിയില്‍ ആദ്യം പാടിയത്. ‘മരണത്തിന്‍ മണിയറ തന്നിലേക്കല്ലാഹു’ എന്ന ചരണം തുടര്‍ന്ന് പാടാന്‍ കഴിയാതെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിനിന്നു. പാടാന്‍ കഴിയാതെ വന്നപ്പോള്‍ അവരുടെ മുന്നില്‍ ബാബുക്ക കൈകള്‍ കൂപ്പിനിന്നു. തുടര്‍ന്നുള്ള വരികള്‍ ഓര്‍ക്കസ്ട്രയിലൂടെ പൂര്‍ത്തിയാക്കി. പാട്ടു തീരും വരെ കൈകൂപ്പിനില്‍ക്കുകയായിരുന്നു ബാബുക്ക’. മരണശേഷം ബാബുരാജ് എന്ന സംഗീത സംവിധായകനെ അവധൂതന്‍െറ പരിവേഷമണിഞ്ഞ് മലയാളികള്‍ നെഞ്ചേറ്റി. പിന്നീടെത്രയോ പേര്‍ കല്‍പനകളില്‍ അഭിരമിച്ച് പലതും കെട്ടിയുണ്ടാക്കി എഴുതി. അവാസ്തവങ്ങളെ കൊട്ടിഘോഷിക്കുകയായിരുന്നു പലരും.
മനസ്സിന്‍െറ സമുദ്രക്ഷോഭങ്ങളെ എക്കാലവും ഒതുക്കിനിര്‍ത്തിയായിരുന്നു ബാബുരാജിന്‍െറ ജീവിതപ്രയാണം. ‘ബാബുക്ക ഉണ്ടായിരുന്നപ്പോള്‍ വീട്ടില്‍ വരുകയും മൂപ്പരെ കൊണ്ടുപോവുകയും ചെയ്ത പലരെയും അദ്ദേഹത്തിന്‍െറ മരണശേഷം ഞങ്ങള്‍ കണ്ടിട്ടില്ല.’ ബിച്ചയുടെ വാക്കുകളില്‍ കലാകാരന്‍െറ വിടവാങ്ങലില്‍ കാലവും സമൂഹവും എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്‍െറ പ്രത്യക്ഷപാഠവിവരണം ഉള്‍ക്കൊള്ളുന്നുണ്ട്.
ഒട്ടും നിറപ്പകിട്ടില്ലാത്ത നേരനുഭവങ്ങളുടെ ഈ കഥപറച്ചില്‍ കല, ജീവിതചിത്രണത്തിലെ പുതിയൊരു രൂപഘടനയെ അവതരിപ്പിക്കുന്നുണ്ട്. വരും കാലങ്ങളില്‍ സംഗീത സംവിധായകരുടെയും മറ്റും ജീവചരിത്രം അടയാളപ്പെടുത്തുന്ന പുസ്തകങ്ങളുടെ ഭാവിയെ ത്വരിപ്പിക്കുന്നതും ബന്ധപ്പെട്ട എഴുത്തുരൂപങ്ങള്‍ക്ക് പുതിയ മാനവും ഭാഷ്യവും നല്‍കാന്‍ സഹായിക്കുന്നതുമായ ഒരാഖ്യാനപദ്ധതിക്ക് കൂടിയാണ് തുടക്കമാവുന്നത്. സംഗീതകാരന്‍െറ ജീവചരിത്രനിര്‍മിതിയെന്ന വ്യവഹാരങ്ങളില്‍ നിറഞ്ഞുകിടക്കുന്ന സാധ്യതകളെയും സ്വാതന്ത്ര്യത്തെയും ഈ ഗ്രന്ഥം ഓര്‍മിപ്പിക്കുന്നു. രചനയില്‍ ബിച്ച ബാബുരാജ് എന്ന വീട്ടുകാരിയുടെ ഓര്‍മകളില്‍ അനുഭവത്തെളിച്ചം പകര്‍ന്ന വാക്കിന്‍െറ സര്‍ഗാത്മകസൗന്ദര്യത്തിന് വായനക്കാര്‍ സക്കീര്‍ ഹുസൈനോട് കടപ്പെട്ടിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story