‘ഇതിവൃത്തം പ്രഖ്യാതമാകുമ്പോള്‍’
text_fieldsഈ ശീര്‍ഷകത്തില്‍ ഒരു ലേഖനം കുട്ടികൃഷ്ണമാരാര്‍ എഴുതിയത് എത്രയോ ദശകങ്ങള്‍ക്കുമുമ്പാണ്. പാത്രസൃഷ്ടി, ശില്‍പഭംഗി, പ്രതിപാദന ചാരുത, വ്യതിയാനങ്ങള്‍ മുതലായ പല ഘടകങ്ങളെയും ആസ്പദമാക്കിവേണം ഒരു കൃതിയുടെ മൗലികമായ ചാരുതയെ വിലയിരുത്തുക എന്നാണ് ആ ലേഖനത്തിന്‍െറ സാരസത്ത്. അറിയപ്പെട്ട ഒരു കഥയോ സംഭവമോ ഒരു കൃതിക്കുപിന്നിലുണ്ടെങ്കില്‍ അപഹരണം, മോഷണം മുതലായ ആരോപണങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്, പ്രതിഷ്ഠ കിട്ടിയിട്ടുള്ള ആ തത്ത്വം പലരും ഓര്‍ക്കുന്നില്ളെന്നതുകൊണ്ടാണ്. പ്രഖ്യാതമായ ഒരു കഥയോ കഥാബീജമോ എടുത്ത് ഒരു തരംതാഴ്ന്ന കൃതി ഒരാള്‍ നിര്‍മിച്ചാല്‍ അതിനെ വാഴ്ത്തേണ്ടതില്ളെന്നു മാത്രമല്ല, അപകര്‍ഷപ്പെടുത്തി എന്ന് വിമര്‍ശിക്കേണ്ടതുണ്ടുതാനും. നേരെമറിച്ച്, പ്രഖ്യാത കഥാബീജം എടുത്ത് കൂടുതല്‍ ഉത്കൃഷ്ടമായ ഒരു കൃതി രചിച്ചാല്‍ അക്കാരണംകൊണ്ടുമാത്രം അത് മൗലികരചനയായി കരുതുന്നു; കരുതണം.
കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന് കഥാബീജം നല്‍കിയ ഒരു ഡോക്യുമെന്‍ററി ഉണ്ട് എന്നതിന്‍പേരില്‍ ഗ്രന്ഥകര്‍ത്രിയെയും ഗ്രന്ഥത്തെക്കുറിച്ചും നല്ലതുപറഞ്ഞവരെയും അവഹേളിക്കുന്ന ഒരു ലേഖനത്തെപ്പറ്റി അറിയാനിടയായതാണ് ഇപ്പോള്‍ ഈ വിഷയത്തെപ്പറ്റി എഴുതാന്‍ പ്രേരണ.
‘ഖസാക്കിന്‍െറ ഇതിഹാസം’ പുറത്തുവരുകയും ആ കൃതി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തകാലത്ത് മറ്റൊരു ഭാഷയിലുണ്ടായ ‘ബങ്കര്‍വാടി’ എന്ന നോവലിന്‍െറ അനുകരണമാണത് എന്നും അപഹരണം നടത്തിയെന്നും ബലവത്തായ ആരോപണമുണ്ടായി. അക്കാലത്ത് ഈ ലേഖിക എഴുതിയത്, ‘സത്യം ശിവം സുന്ദരം’ എന്ന പുസ്തകത്തില്‍ വായിക്കാം. ‘‘ഹാംലറ്റിന്‍െറ കഥ പൂര്‍വികര്‍ ഉപയുക്തമാക്കിയിട്ടുണ്ട്; ഷേക്സ്പിയറുടെ നാടകത്തിനുള്ള അപൂര്‍വത അക്കാരണംകൊണ്ട് ലഘുവാകുന്നില്ല. ഒരു ഏകാധ്യാപക വിദ്യാലയവും അധ്യാപകനും മറ്റൊരു നോവലിസ്റ്റിന്‍െറ ദൃഷ്ടിയില്‍പ്പെട്ടുവെന്നതുകൊണ്ട് ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തിനു ദൃഷ്ടിദോഷം വരുകയില്ല!’’ എന്നാണ് അന്ന് എഴുതിയത്. ‘ഖസാക്കിന്‍െറ ഇതിഹാസം’ മഹത്തായൊരു കൃതിയായത് തസ്രാക് എന്ന ഗ്രാമത്തെയും അവിടെ ജീവിച്ചവരോ ജീവിച്ചവരെന്ന് കഥാകൃത്ത് സങ്കല്‍പിച്ചവരോ ആയ കുറെ മനുഷ്യരെയും മലയാളഭാഷ നിലനില്‍ക്കുവോളം ജീവിക്കത്തക്കവണ്ണം അദ്ദേഹം പ്രതിഷ്ഠിച്ചതുകൊണ്ടാണ്. രവിയെന്ന കഥാപാത്രത്തിന്‍െറ സൃഷ്ടിയിലുള്ള പല വൈരുധ്യങ്ങള്‍മൂലം ആ കഥാപാത്രത്തിന് സത്യദീപ്തിയില്ലാതെപോയി എന്ന അഭിപ്രായം ഉണ്ടെങ്കിലും മറ്റു കഥാപാത്രങ്ങളും അവരുടെ ഭാഷണശൈലികളും ഗ്രാമചേതനയും ശാശ്വത പ്രതിഷ്ഠ നേടിയതുകൊണ്ടാണ് ആ കൃതി മഹത്തായ ഒരു കലാസൃഷ്ടിയാണ് എന്ന് ഞാന്‍ അംഗീകരിക്കുന്നത്.
പഴയകാലത്ത് മലയാളത്തിലുണ്ടായിട്ടുള്ള വിഖ്യാതകൃതികളില്‍ ഭൂരിപക്ഷവും പുതിയ ഇതിവൃത്തത്തിന്‍െറ പേരിലല്ല പ്രശംസനേടിയത്- രാമചരിതം, കണ്ണശ്ശകൃതികള്‍, കൃഷ്ണപ്പാട്ട്, എഴുത്തച്ഛന്‍െറ അധ്യാത്മരാമായണം കിളിപ്പാട്ട്, ശ്രീമഹാഭാരത സംഗ്രഹം, കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കൃതികള്‍, ആട്ടക്കഥകളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനം (നളചരിതവും ദക്ഷയാഗവും മറ്റും ഉള്‍പ്പെടെ) കുമാരനാശാന്‍െറ കൃതികളില്‍ ‘നളിനി’, ‘ലീല’, ‘ചിന്താവിഷ്ടയായ സീത’, ‘ചണ്ഡാലഭിക്ഷുകി’, ‘കരുണ’, വള്ളത്തോളിന്‍െറ ‘ശിഷ്യനും മകനും’, ‘ബന്ധനസ്ഥനായ അനിരുദ്ധന്‍’, ‘മഗ്ദലന മറിയം’, ‘കൊച്ചുസീത’ മുതലായവയൊന്നും പുതിയ ഇതിവൃത്തത്തിന്‍െറ പേരിലല്ല പ്രശസ്തമായത്. ‘കൊച്ചുസീത’ക്കുപോലും തമിഴ്നാട്ടില്‍നടന്ന ഒരു സംഭവമാണ് ബീജം എന്നു പറയപ്പെടുന്നു (ചേരാവള്ളി ശശിയുടെ ഒരു ലേഖനത്തില്‍നിന്നാണ് ഈ വസ്തുത എനിക്ക് അറിയാന്‍കഴിഞ്ഞത്). സി.വിയുടെ ‘മാര്‍ത്താണ്ഡവര്‍മ’ക്ക് ഇംഗ്ളീഷിലെ ചില കൃതികളോട് ഇതിവൃത്തഘടനയില്‍ സാമ്യമുണ്ടെന്ന് പറയപ്പെട്ടിട്ടുണ്ട് (ഐവാന്‍ഹോ). മഹാഭാരതത്തോട് കടപ്പാടുള്ള ഒട്ടേറെ നോവലുകള്‍ മലയാളത്തിലുണ്ട്. ‘ഇനി ഞാനുറങ്ങട്ടെ’, ‘രണ്ടാമൂഴം’, ‘സീതായനം’ ഇത്യാദി. കാളിദാസന്‍െറ മഹാകാവ്യങ്ങളും രണ്ടുനാടകങ്ങളും ഇതിഹാസപുരാണങ്ങളോട് ഇതിവൃത്തഘടനയില്‍ ബന്ധപ്പെട്ടവയാണ്. ശകുന്തളയുടെ കഥ ഇതിഹാസത്തിലുണ്ട്. നായകനെ ഉല്‍കൃഷ്ടതരനാക്കുന്നതിനുള്ള ചില വ്യതിയാനങ്ങളോടെ കാളിദാസന്‍ അതു നാടകമാക്കിയപ്പോള്‍ വിശ്വോത്തര കൃതികളിലൊന്നായി പുകഴ്ത്തപ്പെട്ടു. ജര്‍മന്‍കവി ഗോയ്ഥെയുടെ വാഴ്ത്ത് വിഖ്യാതം.
ഭവഭൂതി രാമായണകഥയെ പല വ്യതിയാനങ്ങളോടെ ഉത്തരരാമചരിതത്തില്‍ നിബന്ധിച്ചത് ഇപ്രകാരം വാഴ്ത്തപ്പെട്ടില്ല. ചില ഒന്നാന്തരം ശ്ളോകങ്ങളുടെ പേരിലാണ് ആ കൃതി പുകഴ്നേടിയത്. നളചരിതം ആട്ടക്കഥയിലെ കഥാഘടനയില്‍ ഭാരതകഥയില്‍നിന്ന് പറയത്തക്ക വ്യതിയാനമൊന്നുംതന്നെയില്ല. എന്നിട്ടും, ശാകുന്തള നാടകംപോലെ മികച്ച ഒരു കൃതിയായി അതു വാഴ്ത്തപ്പെടുന്നു; അതിലെ ഭാഷാഘടന ‘വെങ്കല’മെന്ന പോലെയുള്ള മിശ്രമാണെന്നതില്‍ വിപ്രതിപത്തിയുള്ളവര്‍പോലും ആ രചനയിലെ കല്‍പാശില്‍പത്തെ ഉദാരമായി പ്രകീര്‍ത്തിക്കുന്നു.
ഡോക്യുമെന്‍ററിയിലെ കഥാപാത്രങ്ങള്‍ (ചിലര്‍ മാത്രം) ‘ആരാച്ചാര്‍’ എന്ന നോവലിലുള്ളതുകൊണ്ട് ആ നോവലിന് മൗലികത നഷ്ടപ്പെടുന്നില്ല. ബൃഹത്തായ ആഖ്യാനരൂപത്തിലുടനീളം പ്രയുക്തമായ ഗ്രന്ഥകര്‍ത്രിയുടെ ഭാവനയും ഭാഷാശൈലിയും സംഭവങ്ങളുടെ ഘടനയിലെ ശില്‍പഭദ്രതയും ചരിത്രസംഭവങ്ങളും ഐതിഹ്യങ്ങളും അവയെ ആരാച്ചാര്‍ വംശചരിത്രത്തോടു ബന്ധപ്പെടുത്തി ഉപയുക്തമാക്കിയ രീതിയും നോവലിലെ മുഖ്യ ആഖ്യാതാവായ കഥാപാത്ര(മുത്തശ്ശി)ത്തിന്‍െറ സൃഷ്ടിയും സര്‍വോപരി വിസ്മയ-രൗദ്ര-ഭയാനക-ബീഭത്സാദി രസങ്ങള്‍ ധ്വനിപ്പിക്കുന്നതിലുള്ള സര്‍ഗശക്തിയും നോവലിനെ അഭൂതപൂര്‍വരചനയാക്കുന്നു. ഡോക്യുമെന്‍ററിയെപ്പറ്റി പരാമര്‍ശങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നു. (The Hindu) ‘കൊച്ചുസീത’യിലെ കഥാബീജമായ സംഭവം അക്കാലത്ത് പത്രവാര്‍ത്തയായി വന്നതുപോലെ. അത് വായിച്ചുള്ള അറിവ് കൃതിയുടെ ആസ്വാദനത്തെയോ കൃതിയുടെ മികവിനെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. ബങ്കര്‍വാടിയിലെ കഥ അറിഞ്ഞതുകൊണ്ട് ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തിന്‍െറ ആസ്വാദനമോ തമിഴ്നാട്ടിലെ സംഭവം അറിഞ്ഞതുകൊണ്ട് ‘കൊച്ചുസീത’യുടെ ആസ്വാദനമോ ബാധിതമാകാത്തതുപോലെ.
(മാധ്യമം ആഴ്ചപ്പതിപ്പ് 2014 മെയ് അഞ്ച് പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.