പ്രത്യാശ നിര്‍ഭരമായ ഇലയനക്കങ്ങള്‍
text_fieldsപച്ചയായ ജീവിതമെഴുത്തിനും ബന്ധങ്ങളുടെ തീവ്രതയാവിഷ്കരിക്കുന്നതിനും മനുഷ്യ കഥാപാത്രങ്ങള്‍ വേണ്ടെന്ന സാക്ഷ്യപ്പെടുത്തലും ഒപ്പം പ്രകൃതിയുടെ ഉയിര് തുടിയ്ക്കുന്ന സാന്നിധ്യവുമാണ് ‘കുഞ്ഞിനിലനയും ആല്‍മരവു’മെന്ന ബാലനോവലിനെ ശ്രദ്ധേയമാക്കുന്നത്. ഒരാള്‍മരത്തിന് ചുറ്റും നാമ്പിടുന്ന ജൈവിക ബന്ധങ്ങളുടെ ഊഷ്മളതയും അതിജീവനവുമാണ് ദുര്‍ഗ മനോജ് എഴുതിയ ഈ ബാലനോവല്‍ വരച്ചിടുന്നത്. കുട്ടികളെ ലക്ഷ്യമാക്കിയുള്ളതിനാല്‍ തികച്ചും ഓമനത്തത്തിന്‍െറയും വാത്സല്യത്തിന്‍െറയും നനവുള്ള ഭാഷയാണ് നോവലിലേത്. അല്‍മരത്തിന് പുറമേ, കാറ്റും, കുളവും, ഇലകളും, പുഴയും, മരംകൊത്തിയും, കുസൃതിക്കുരങ്ങന്‍മാരും കാക്കകളുമെല്ലാം നോവലില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
ഗ്രാമങ്ങള്‍ വികസനത്തിന്‍െറ പാതയിലേക്ക് മാറുമ്പോള്‍ പ്രകൃതി നേരിടുന്ന വിങ്ങലും വീര്‍പ്പുമുട്ടലും ഈ നോവലില്‍ കാണാനാകും. അവരുടെ ഭാഷയില്‍ അവര്‍ തന്നെ സംസാരിക്കുന്നു, അതും നിഷ്കളങ്കരായ കുട്ടികളോട് എന്നതാണ് നോവലിനെ പ്രസക്തമാക്കുന്നത്. ഗ്രാമീണത നിലനിര്‍ത്തണോ, പരിഷ്കൃതരാവണോ, അതോ ഗ്രാമീണതയെ മുറുകെ പിടിച്ച് പരിഷ്കാരികളാകണോ തുടങ്ങിയ പൊള്ളുന്ന ചോദ്യങ്ങള്‍ നോവല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യസമുള്ള തലമുറകളുടെ പ്രതിനിധികളും നോവലില്‍ നിലപാടറിയിക്കുന്നു. ആല്‍മരവും അതില്‍ തളിരിടുന്ന കുഞ്ഞനിലയുമാണ് നോവലിലെ കേന്ദ്ര കഥാപത്രങ്ങള്‍. തലമുറകള്‍ക്ക് തണലും ആശ്രയവുമായ ആല്‍മരവും അതിന് ചുറ്റും കൂടുന്ന ജീവിതങ്ങളും ജൈവ ആവാസവ്യവസ്ഥയെന്ന വരണ്ട ശാസ്ത്രീയ സംവര്‍ഗത്തിനപ്പുറം കൊണ്ടും കൊടുത്തും അറിഞ്ഞും അനുഭവിച്ചും താങ്ങിയും ഒപ്പം ചേര്‍ന്നും ഒത്തൊരുമയോടെ നീങ്ങുന്ന നാട്ടുകൂട്ടങ്ങളുടെ നന്‍മയിലേക്കാണ് മനസത്തെിക്കുന്നത്.
പ്രകൃതിയുടെ ചലനങ്ങളെ സംവാദമാക്കി മാറ്റിയാണ് കഥപറച്ചില്‍. ഞാവല്‍ കാടുകള്‍ കയറുമ്പോള്‍ കാറ്റിന് ഞാവല്‍കായുടെ മണം കിട്ടുന്നതും നഗരം ചുറ്റിവരുന്ന കാറ്റിന് ദുര്‍ഗന്ധവുമെല്ലാം ഇത്തരത്തില്‍ കഥപറച്ചിലിന്‍െറ പുതിയ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നു.
നിഷ്കളങ്കമായ ഭാവനയും കുസൃതി നിറഞ്ഞ വാക്കുകളും നോവലില്‍ പല ഭാഗത്തുമുണ്ട്. കുഞ്ഞനിലയുടെ ജനനം വിവരിക്കുന്നിടത്ത് ഇത് ഏറ്റവും പ്രകടമാണ്. ‘ആ പ്രഭാതത്തിലെ ആദ്യ സൂര്യകിരണം പതിച്ചത് ആ കുഞ്ഞിലമൊട്ടിലായിരുന്നു. അതവനെ ഇക്കിളികൂട്ടി. നുരഞ്ഞുവന്ന ചെറു ചിരി അമര്‍ത്തിപ്പിടിച്ച് അവന്‍ കണ്ണ് തുറക്കാതെ ഇലമൊട്ടായ് അമര്‍ന്നിരുന്നു. ഇത്തവണ വെളിച്ചം അവനെ വിട്ടില്ല. വീണ്ടും വീണ്ടും ഇക്കിളികൂട്ടി. കൂട്ടിന് മുത്തശ്ശിയുടെ കൂട്ടുകാരി തെന്നലും എത്തി. പിന്നെ രണ്ടു പേരും കൂടിയായി ഇക്കിളിയാക്കല്‍. ഒടുവില്‍ ചിരി സഹിക്കാനാവതെ ഒരു കണ്ണ് മാത്രം തുറന്ന് അവന്‍ അവന്‍െറ ഭൂമിയിലെ സാന്നിധ്യം അറിയിച്ചു തുടങ്ങി. പതിയെ മറുകണ്ണും തുറന്ന് ഇലമൊട്ട് പൂര്‍ണമായും വിടര്‍ത്തി അവനൊരു തളിരിലായായി മാറി....’ (3. കുഞ്ഞലിനയുടെ ജനനം) കൊച്ചു കുട്ടിയെ ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നത് പോലെയാണ് ഇലവിടരുന്നതിന്‍െറ അവതരിപ്പിച്ചിട്ടുള്ളത്.
ജീവിതത്തിന്‍െറയും അതിജീവനത്തിന്‍െറയും പ്രത്യാശ നിര്‍ഭരമായ ഇലയനക്കങ്ങളാണ് നോവലില്‍ ഇതള്‍ വിരിയുന്നത്. ഏച്ചുകെട്ടലുകളുടെയും വരണ്ട വിശകലനങ്ങളുടെയും നടുവില്‍ എല്ലാം മറന്ന് പുതുമഴ നനയുന്ന വായനാനുഭവമാണ് കുഞ്ഞനിലയും ആല്‍മരവുമെന്ന പുസ്തകം.
ചിന്ത പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 72 പേജുള്ള പുസ്തകത്തിന് 60 രൂപയാണ് വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.